5/11/14

സംഭാഷണങ്ങൾ

നമ്മൾ എന്നാണൊന്നു നോർമ്മലായി സംസാരിക്കുക.
എന്നെക്കുറിച്ച് മുമ്പെന്തൊക്കെ കേട്ടിരിക്കുന്നു നീ,
ഞാൻ അത്രനല്ലയാളെന്നു കരുതുന്നുവോ.
എന്റെ പൊളിഞ്ഞുപോയ പ്രണയങ്ങളെക്കുറിച്ചും ലൈംഗികപരീക്ഷണങ്ങളെക്കുറിച്ചും
ഒരു ദൈവപുത്രനെപ്പോലെ പരസ്യമാക്കാൻ എനിക്കു തോന്നിയിട്ടില്ല,
അല്ലെങ്കിലും കുരിശുകൾ ചുമക്കുവാനല്ല ചുംബിക്കുവാനാണെനിക്കിഷ്ടം.
സദാചാരം നമ്മുടെ വിഷയമല്ല അതേ,
നീ തവളകളുടെ ലൈംഗികജീവിതത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ
മുട്ടയിടുന്ന പെൺതവളകൾക്കുപിന്നാലെ ബീജത്തെ ഒഴിച്ചുകളയുന്ന ആണുങ്ങളെ.
എന്റെ കുളിമുറികളിൽ തവളകളുടെ മഴക്കാലരതിയാണ് നിത്യവും.
എല്ലാ വീടുകളുടെ വാതിലുകളിലും മുട്ടിവിളിച്ചിട്ട്
നിങ്ങൾ ശരിക്കും ഭാര്യാഭർത്താക്കന്മാരാണോ എന്നു ചോദിക്കുക.
ചിലപ്പോൾ ദൈവം ഇറങ്ങിവന്നേക്കാം.
ഭഗവാനും ഒരു വിവാഹത്തട്ടിപ്പുകാരനാണ്,
പല പേരുകളിൽ പല പഞ്ചായത്തുകളിലും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നു.
എങ്കിലും നമുക്ക് പ്രേമിച്ചിരിക്കാം,
ഇങ്ങനെയാണ് നമ്മൾ ദൈവത്തിനു ശല്യക്കാരാവുക
പിന്നെയും പിന്നെയും അവിടുത്തെ ഏകാന്തതയിലേക്ക്
നമ്മൾ കവിതകളെഴുതിച്ചോദിക്കുന്നു,
മതിയായ സ്റ്റാമ്പുകളൊട്ടിക്കാത്തതിനാലോ
താമസക്കാരൻ മാറിപ്പോയതിനാലോ അവ തിരികെ വരുന്നു,
തീർച്ചയായും പത്രാധിപർ ഇതു വായിച്ചിട്ടുപോലുമുണ്ടാവില്ല.
ഏകാന്തതയല്ല,
ഏകാന്തതയിലെ ഇരുട്ടിനെയാണെനിക്കിഷ്ടം.
നമ്മൾ നോർമ്മലായി സംസാരിക്കുമോ എപ്പോഴെങ്കിലും. അതുവിട്ടേക്കൂ
നമുക്ക് അപരിചിതരാവാം,
പൊളിഞ്ഞ പ്രണയങ്ങളെ മറന്നുകളയാൻ അതാണ് നല്ലത്.
മറക്കാനുള്ള മരുന്ന് അപരിചിതത്വമാണ്.
പൃഥ്വിരാജിനെ ഇഷ്ടമുള്ള പെൺകുട്ടികളെ എനിക്കു കണ്ടാലറിയാം.
അവരെ ആരും ഇഷ്ടപ്പെടില്ല
അവരെ ഇഷ്ടപ്പെടണമെന്ന് അവർക്കും യാതൊരു നിർബന്ധവുമില്ല.
രാത്രിയിൽ ഒരു നഗ്നയായ പെൺകുട്ടി
നിരത്തിലൂടെ ഒറ്റയ്ക്ക് നടന്നാൽ
ഏതുനിമിഷവും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം.
അതുപോലെയാണ് ഈ ഒഴിഞ്ഞ കടലാസുകളുടെ
നഗ്നമായ അപരിചിതത്വവും.
ഏതുനിമിഷവും കവിതയെഴുതാൻ തോന്നിയേക്കാം.
നീയെന്താണൊന്നും മിണ്ടാത്തത്
ശരിക്കും നോർമലല്ല എന്നു ഭയം തോന്നുന്നുണ്ടോ
നിന്റെ നിശബ്ദത എന്നെ കീറിമുറിക്കുന്നു,
എന്റെ വാക്കുകൾക്കിടയിലെ വിടവിനെ നീ വലുതാക്കി കാണിക്കുന്നു,
ചുറ്റും ഏകാന്തതയിലെ ഇരുട്ടുമാത്രമാവുന്നു
ഞാൻ ഒരു സാധാരണ പട്ടാളക്കാരനാണ്.
യുദ്ധം ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവനാണ്.
ശത്രുവാരെന്നോ എന്തിനുവേണ്ടിയെന്നോ ആയുധമുണ്ടോയെന്നോ ചിന്തിക്കുന്നില്ല.
പ്രേമിക്കുക എന്നതുമാത്രം ഞാനും ചെയ്തുകൊണ്ടിരിക്കുന്നു,
നിന്നെ പ്രേമിക്കുക എന്നതുമാത്രം ചെയ്തുകൊണ്ടിരിക്കുന്നു.

No comments: