5/28/14

എന്നിട്ടും പുലരിയെപ്പറ്റി


 കൺകെട്ടു ജീവിതം കഴിയുന്നില്ലൊന്നും,
മഴയാണുപോലും ഇടിമിന്നലൊളി ചുറ്റുമെന്നാകിലും
ചെറുവിരലുകൾ കൊണ്ട് തൊട്ടതേ പൊള്ളുന്നു,
യാഥാർത്ഥ്യത്തിനിത്രയ്ക്ക് ചൂടോ?
അപ്പോൾ മഴ വെറും കിനാവായതാവും,
എന്തു കഷ്ടം,
ഒരു കുഞ്ഞിലഞരമ്പിനാൽ‌പ്പോലും നേർത്തൊരുതുള്ളിക്കനിവില്ല,
ഏതുപ്രഭാതത്തിലേക്കുണർന്നാലും,
ഏതു സായാഹ്നങ്ങൾ നിന്നെത്തിരഞ്ഞാലും
ഇല്ല, ഇരമ്പം മാത്രം കടലാണുപോലും,
ഓർമ്മകൾ
ആരിതു നനയുന്നു,
പൊള്ളുന്നു
നീറുന്നു
ഏതു കാലത്തിന്നേതു കനവിൽ
വിറകൊള്ളുന്നേതു കാറ്റിൻ ക്ഷോഭത്താൽ
ഉമ്മവെക്കുന്നു,
മറന്നേക്കൂ എന്നു മെല്ലെ മൊഴികളാൽ,
ഒന്നും കേട്ടില്ല, കണ്ടില്ല, മിണ്ടാൻ മൊഴികളില്ല,
നല്ല നാളെയാണെപ്പോഴും കിനാവിലെങ്കിലും.
വെറും ശുഭപ്രതീക്ഷകൊണ്ടുമാത്രം എന്നിട്ടും നേരം വെളുക്കുന്നു.



No comments: