4/8/14

നടിപ്പ്

പ്രേമിക്കുന്നെങ്കിൽ സ്റ്റൈലായിത്തന്നെ വേണം.
യെന്തിരനുപോലും തോന്നണം,
അണ്ണാ! യെന്തരോ യെന്തോ.
ഇടത്തേച്ചെവി കുഴഞ്ഞു,
വലത്തേച്ചെവി കുഴഞ്ഞു,
പിണങ്ങി പിണങ്ങി,
ചിരിച്ചുചിരിച്ച്,
മിണ്ടി മിണ്ടി,
ശ്വാസത്താലുമ്മകൾനൽകി ചിണുങ്ങുമ്പോൾ,
ബാറ്ററിതീർന്ന് ബോധം മറിഞ്ഞുപോയ,
മൊബൈൽ ഫോണിലേക്ക് ഡ്രിപ്പുവഴി,
ചാർജ് കയറിക്കൊണ്ടിരിക്കുന്നു.
സംസാരിച്ച് തീരുന്ന ടോക്ക്ടൈമുകൾ.
മെസേജുകൾ കിടന്നുറങ്ങുന്ന ഇൻബോക്സുകൾ.
മാംസനിബദ്ധമല്ലാത്തരാഗങ്ങൾ.
( ഹോ! ന്റെശാനേ, മഹാകവീ)
രഹസ്യമായ വിശുദ്ധവേഴ്ച്ചകളിൽ,
പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ,
RFR ചിറകുകളിൽ വന്നുമിടിക്കുന്നുണ്ട്.
ശൂന്യതയുടെ ആകാശത്തിൽ,
അനന്തകോടിനക്ഷത്രങ്ങളുടെ അപാരമൌനത്തിൽ,
രണ്ടുപേർ സംസാരിക്കുമ്പോൾ,
ലോകമേ! നീ നിലാവുകൊണ്ടുതുപ്പുന്നു, നാം പുളയുന്നു.
സുനാമികളുപേക്ഷിച്ച ഹോസ്റ്റൽമുറികളിൽ,
രാത്രി, ഉറക്കം നടിച്ചുകിടപ്പുണ്ട്.
ഒരു സൂര്യനും വെളുപ്പിക്കാനാവാതെ,
നടിച്ചുറക്കം, നടിച്ചുറക്കം.

No comments: