4/11/14

ഉമ്മകൾ


ഷവർ പ്രണയിനിയെപ്പോലെ
ഉമ്മ വെച്ചു താഴോട്ടൊഴുകി.
കിലുങ്ങിക്കിലുങ്ങി നീ ചിരിക്കുമ്പോലെ
വെള്ളം താഴെ വീണു ചിതറി.
കാതലെന്നാൽ വെറും അവസ്ഥയെടീ
പ്രഭുദേവ ആടിപ്പാടുന്നു.
ചില്ലുജനാലയ്ക്കപ്പുറം,
മഴപോലൊരുഭ്രമം വന്നുതൂങ്ങിനിൽക്കുമാകാശം.
മുറ്റത്തേക്കു പുളഞ്ഞുപൂത്തു ബോഗൈൻവില്ലകൾ.
തൊട്ടുതൊടാതൊരു ചിത്രശലഭം മെല്ലെ മെല്ലെ,
റെറ്റിനയാൽ കണ്ടു തേൻ, തേൻ ഊറിക്കുടിച്ചിടാം.
കുളിച്ചു കുളിച്ചു കുളിച്ചാകെ നനഞ്ഞുഞാൻ,
നിന്നോർമ്മയാലൊപ്പി നനവുകൾ ഹാ! ബാത്ത്ടവ്വൽ
ബർമുഡയിട്ട് പിന്നെ മൊബൈൽഫോൺ പരതി,
ആപ്പ്-കൾ നിറഞ്ഞ പകൽക്കിനാക്കളിൽ
കിടക്കയിൽ ഒരു ചുളിവുപോലെ പിന്നെയും സംശയം,
സ്നിഗ്ധമാം നിന്നിളം ചൂടേറ്റു കിനാവിന്നുറക്കത്തിൽ
പ്രിയേ, ഈ നഗരത്തിനുനടുവിലെ ആ മഞ്ചാടിമരം കാണാൻ,
കൈചുറ്റി നാം നടക്കുമൊരുച്ചക്കാറ്റുപോലെ മെല്ലെ,
പതിവായ് നമുക്ക് പൂക്കൾ തരുന്ന ബ്ലോസംസ് ഷോപ്പിയിൽ കേറി
മിൻറ്റ് പാലസിലെ ഐസ്ക്രീം നുണഞ്ഞ്
ഈപ്പൂവിനെപ്പോലെയനുരാഗത്താൽ ചുവന്ന് ചുവന്ന്
ആരും കാണാതെ നഗരത്തിന്നിരുട്ടിൽ നാം തിരികെ വീടുകളിൽ,
കിടക്കയിൽ ഒരു ചുളിവിൽ ചുളിഞ്ഞ് ഞാനുറക്കത്തിൽ,
ഉമ്മകൾ തന്നതാര്, പരിധികൾക്ക്, ടവറുകൾക്ക്, ഡേറ്റാലിമിറ്റുകൾക്ക്;
കാതലെന്നാൽ വെറും അവസ്ഥയെടീ,
പ്രഭുദേവ ആടിപ്പാടുന്നു.
ഫോണിൽ കുറേ ഉമ്മകൾ വന്നുനിറയുന്നു.

No comments: