4/4/14

നെഹ്രുവും ഞാനും തമ്മിൽ

 ഞാനുറങ്ങിപ്പോവുന്നു
ബസ്സിലിരുന്നുറങ്ങുന്നു
സ്റ്റോപ്പിലിറങ്ങിയുറങ്ങുന്നു
അവളോട് സംസാരിച്ചുറങ്ങുന്നു
മെസേജയച്ചുറങ്ങുന്നു
ഉമ്മവെച്ചുറങ്ങുന്നു
പുതച്ചുറങ്ങുന്നു
എഴുന്നേറ്റുറങ്ങുന്നു
പത്രം വായിച്ചുറങ്ങുന്നു
പല്ലുതേച്ചുറങ്ങുന്നു
ഷേവുചെയ്തുറങ്ങുന്നു
സോപ്പുതേച്ചുറങ്ങുന്നു
കുളിച്ചുറങ്ങുന്നു
ഒരുങ്ങിയുറങ്ങുന്നു
കഴിച്ചുറങ്ങുന്നു
എഴുതിയുറങ്ങുന്നു
കണ്ടുറങ്ങുന്നു
ബസ്സിലിരുന്നുറങ്ങുന്നു
സ്റ്റോപ്പുകൾ മാറിപ്പോവുന്നു
സ്റ്റോപ്പിലിറങ്ങിയുറങ്ങുന്നു
ഷോപ്പിങ്ങിലുറങ്ങുന്നു
നോട്ടെണ്ണിയുറങ്ങുന്നു
വിശേഷം ചോദിച്ചുറങ്ങുന്നു
പിരിവുകൊടുത്തുറങ്ങുന്നു
പ്രസംഗിച്ചുറങ്ങുന്നു
വെയിൽ കൊണ്ടുറങ്ങുന്നു
വിയർത്തുറങ്ങുന്നു
മഴ നനഞ്ഞുറങ്ങുന്നു
പുഴ നനഞ്ഞുറങ്ങുന്നു
കടൽ കണ്ടുറങ്ങുന്നു
മല കയറിയുറങ്ങുന്നു
അവളെക്കണ്ടുറങ്ങുന്നു
ഉമ്മവച്ചുറങ്ങുന്നു
അമ്മയെ കണ്ടുറങ്ങുന്നു
പപ്പയോടു വഴക്കിട്ടുറങ്ങുന്നു
മരണങ്ങൾ വന്നുകഴുത്തുപിടിക്കുന്നു
വിവാഹാലോചനകൾ പല്ലിളിക്കുന്നു
അവൾ തുടകൾ ഞെരുക്കുന്നു
ഞാനുറങ്ങുന്നു
കിനാവിൻ കുമിള പൊന്തുന്നു
ഞാനുറങ്ങുന്നു
മുഖക്കുരുപൊട്ടുന്നു
ഞാനുറങ്ങുന്നു
മഴ നനഞ്ഞ് ചെരിപ്പും കുടയും
വെയിൽ വരട്ടെ ചിരിക്കാമെന്ന് പൂക്കൾ
ഓ! കണ്ടേച്ചാലും മതിയെന്ന് നിലക്കണ്ണാടി
ഞാനുറങ്ങുന്നു, ഞാനുറങ്ങുന്നു,
കുഞ്ഞരുവികൾ മുറ്റത്ത് മഴയാൽ
ഞാനുറങ്ങുന്നു
ജനാലക്കമ്പികൾ തണുത്തു
ഞാനുറങ്ങുന്നു
ചെനച്ച മാങ്ങകൾ കൊഴിയുന്നു
ഞാനുറങ്ങുന്നു,
നാവിലുപ്പും മുളകും
ഞാനുറങ്ങുന്നു
വേനൽ നനഞ്ഞ മാഞ്ചുവട്ടിൽ 
ഞാനുറങ്ങുന്നു
വിഷുപൂക്കൾ അകലെമഞ്ഞ
ഞാനുറങ്ങുന്നു
വെയിൽച്ചിത്രം നിഴൽവിസ്മയം
ഞാനുറങ്ങുന്നു
അവധിമൈതാനത്തും കളിക്കാനാരുമില്ല
ഞാനുറങ്ങുന്നു
സിനിമകൾ കളർഫുളും ഹൌസ്ഫുള്ളുമാകുന്നു
ഞാനുറങ്ങുന്നു
ലാലേട്ടൻ മാ! കസ്തേ പറയുന്നു
ഞാനുറങ്ങുന്നു
തോക്കുകൾ വെടിപുകയ്ക്കുന്നു
ഞാനുറങ്ങുന്നു
പൊടുന്നനെ ബസ് നിൽക്കുന്നു
ഞാനിറങ്ങുന്നു
എന്റെ കുടമാത്രം മഴ നനയുന്നു
എന്റെ കണ്ണു മാത്രം തുറന്നിരിക്കുന്നു
റോഡരികിലൊരു ചത്ത എലിയുടെ കണ്ണുതുരന്നുഭക്ഷിക്കുന്ന കാക്ക
ഞാനുറങ്ങുന്നു പൊടുന്നനെ
എന്റെ ഉറക്കമെന്നെ ഭക്ഷിക്കുന്നു
എന്റെ വീട് പൊടിഞ്ഞുതീരുന്നു
ഞാൻ മഴയത്തൊലിച്ചുപോവുന്നു
എന്റെ പുതപ്പ് മാറിക്കിടന്നുറങ്ങാൻ തുടങ്ങി
ഇറുകിപ്പോയ തുടകളും
ചുംബിക്കാൻ തുറന്ന ചുണ്ടുകളും 
ശേഷിച്ചു, ശേഷിച്ചു, പിന്നെയും
എന്റെ പുതപ്പ് മാറിക്കിടന്നുറങ്ങാൻ തുടങ്ങി
ബസ്സ് ബോർഡ് മാറ്റിവെച്ച് ഓടാൻ തുടങ്ങി
ബസ്സ്റ്റോപ്പിലെ മാവ് മുറിച്ചുമാറ്റി
പുതിയ വീടിന്  സ്ഥാനം കണ്ടു
മഴയോട് ജൂണിൽ മാത്രം പെയ്താൽ മതിയെന്നുപറഞ്ഞു
മൈതാനത്ത് ഇറച്ചിക്കച്ചോടം തുടങ്ങി
കാക്കകൾ കുറച്ചുകൂടി മധുരമായി കരഞ്ഞു
വോട്ടുകൾ യന്ത്രങ്ങളിലിരുന്ന് സിന്ദാബാദ് വിളിച്ചു
സിം കാർഡും കണക്ഷനും മാറ്റിയെടുത്തു
ഫഹദ് ഫാസിൽ സൂപ്പർസ്റ്റാറായി
കണിക്കൊന്ന എല്ലായ്പ്പോഴും പൂക്കാമെന്ന് മഞ്ഞിച്ചു
ചുംബിക്കാമെന്ന് കാമുകിയും
കാത്തിരിക്കാമെന്ന് അമ്മയും
എ ടി എമ്മിൽ ക്യാഷിടാമെന്ന് പപ്പയും
ഓടകളിൽ കൂടി ഒഴുകാമെന്ന് പുഴയും
ബീച്ചിൽ മാത്രം കാണാമെന്ന് കടലും
സമ്മതിച്ചു സമ്മതിച്ചു
ഇനി കൂടെക്കിടക്കില്ലെന്ന് പുതപ്പു പറഞ്ഞു
കിടക്ക ഭാരം താങ്ങാൻ വയ്യെന്നു പറഞ്ഞു,
വീട്ടിൽ കയറണ്ടെന്ന്  വാതിൽ പറഞ്ഞു
പൊടുന്നനെ ദഹനക്കേടെന്ന് പറഞ്ഞ്
ഉറക്കം എന്നെ ഛർദ്ദിച്ചിട്ടു
സ്വപ്നം കാണാതെയുറങ്ങാൻ പറഞ്ഞു
ഉറങ്ങാൻ പറഞ്ഞു 
ഉറങ്ങാൻ പറഞ്ഞു
എനിക്കുറക്കം വന്നില്ല
നെഹ്രു പറഞ്ഞു: വിധിയുമായി ഒരു കൂടിക്കാഴ്ച്ച നിശ്ചയിക്കാം
അങ്ങനെ ഞാനും നെഹ്രുവും ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതായി പ്രഖ്യാപിച്ചു.

No comments: