4/25/14

രണ്ടു നഗരങ്ങൾ ചുംബിക്കുമ്പോൾ



Please stay on the line
Or call again later

വീണ്ടും വിളിക്കുക,
അല്ലെങ്കിൽ ലൈനിൽ തുടരുക.
രമ്യാനമ്പീശന്റെ വിജനസുരഭി പാട്ട് കേട്ട്
ഒരധോലോകത്തിലിരുന്ന്,
പ്രണയത്തിന്റെ ചഷകങ്ങൾ നുകരാൻ തോന്നുന്നു;
നർത്തകിമാരേ വരൂ വരൂ, ലാസ്യമായാടൂ
അലസമായ് പാടൂ, കിളിനാദം കേൾപ്പിക്കാതെ,
ഒരു ഭാര്യയ്ക്കു ചേരുന്ന ശബ്ദത്തിൽ
രമ്യാനമ്പീശനേ, നീ വന്നു പാടൂ.
മുംബെ നഗരത്തിൽ,
ബോംബെ ഡൈയിങ്ങ് സ്ട്രീറ്റിൽ, നിന്റെ ഓഫിസ് കെട്ടിടത്തിനുമുന്നിൽ,
മഹാനഗരത്തിലെ പെണ്ണേ, ഞാൻ കാത്തുനിൽക്കുന്നു,
മഴപെയ്തു നിറഞ്ഞ പുഴകൾ പോലെ
കടലുതിരഞ്ഞെത്തിയ ഒരു നഗരമാണു ഞാനും.
ഞാനിങ്ങനെ പ്രണയത്താൽ നിറഞ്ഞ് നിറഞ്ഞ്
വീണ്ടും വീണ്ടും; ഓ! Please stay on the line
ലൈനിൽ തുടരുക.
ചിലപ്പോൾ ഒരു ശില്പത്തെപ്പോലെ സുന്ദരമായും,
മറ്റുചിലപ്പോൾ ഒരു കൊളാഷിനെപ്പോലെ വെറിപൂണ്ട നിറങ്ങളാലും,
അപരിചിതഭാവങ്ങളാലും നഗരമേ,
എയർകണ്ടീഷൻ ചെയ്ത, ബ്ലൈൻഡുകളുള്ള നിന്റെ ജാലകങ്ങൾക്കിപ്പുറം
ഞാൻ കാത്തുനിൽക്കുന്നു,
Or call again later
അല്ലെങ്കിൽ വീണ്ടും വിളിക്കുക,
വിജനസുരഭി പാടിത്തിമിർക്കുന്നു, ഞാനാടുന്നു കൂടെ,
പുകമുല്ലകൾ പൂത്തുലയുന്ന ഒരു തേന്മാവിനുതീപിടിച്ചു,
ഹൃദയത്തിൽ പിന്നോട്ടൊഴുകുന്ന പുഴകൾ,
അശുദ്ധരക്തം ഞരമ്പുകളിലുറയുന്നു.
നമ്മിലൂടെയിഴയുന്ന തീവണ്ടികൾ
ഓർമ്മകളാൽ കിതച്ചുകിതച്ചുശ്വാസം കിട്ടാതെ ചുമയ്ക്കുന്നു;
സിഗ്നലുകൾ കാത്തുകിടക്കുന്ന വണ്ടികളോ
ബഞ്ചുകളിൽ കാത്തിരിക്കുന്ന യാത്രക്കാരോ
നിറഞ്ഞുനീറുന്ന നിരത്തുകളോ അറിയുന്നില്ല;
എങ്കിലും ഞാൻ ലൈനിൽ തുടരുന്നു.
നിന്റെ കണ്ണുകളിലെ മഞ്ഞുകാലക്കിനാവുകളിൽ
ഒരു നിയോൺ ബൾബിന്റെ വെട്ടത്തിൽ ഈ തെരുവിന്റെ അറ്റത്ത്
ഞാൻ കാത്തിരിപ്പുണ്ട്; ഈ നഗരം എന്നിലേക്കു നോക്കുന്നില്ല
എന്റെ പ്രേമം ഒരു നഗരവും പങ്കിടുന്നില്ല.
Please stay on the line.
മുംബെയിൽ ഒരധോലോകത്തെ ഞാൻ കണ്ടില്ല,
ഞാനെന്നെ ഇവിടെ ഉപേക്ഷിച്ചു, രമ്യാനമ്പീശന്റെ നൃത്തം മറന്നു
ജൂഹുവിൽ നിലാവസ്ത്രങ്ങൾ കീറിപ്പറിച്ചെറിഞ്ഞ്
എനിക്ക് പാറപ്പുറത്തുകയറിയിരുന്നു കടലിനോടൊപ്പം തലതല്ലാൻ തോന്നുന്നു,
എന്റെ ജനങ്ങളെ എനിക്കു കുലുക്കിയെറിയാൻ തോന്നുന്നു,
ഞാൻ ഭൂമിയും അതിന്റെ കുലുക്കവുമാവുന്നു,
എന്നെ വെറുതെ വട്ടം ചുറ്റിക്കുന്നു,
വിജനസുരഭി കേൾക്കാതെയാവുന്നു.
നിന്നെ, ഓ! ക്രിസ്ത്യാനിപ്പെണ്ണേ, നിന്നെ കെട്ടാൻ പൂതി തോന്നുന്നു,
ഓ! വെറുതേ വെറുതെ , പിന്നെയും
നീ കാണാത്ത ചന്ദ്രികയാൽ,
ഞാൻ പുളയുന്ന നിലാവിൽ പനിക്കുന്നെനിക്ക്,
ഞാൻ ലൈനിൽ തുടരുന്നു,
വീണ്ടും വിളിക്കുന്നു.
നിന്റെ സങ്കല്പമെന്താണെന്നെനിക്കറിയില്ല,
മുല്ലപ്പൂക്കൾ പൊടിഞ്ഞുചീഞ്ഞമണമാണോരോ കടൽത്തീരത്തിനും,
നിന്റെ പിയാനോ എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു,
നീ പാടൂ വിജനസുരഭി വീണ്ടും.
അലസമായി വന്നു പതുങ്ങുന്നപോലെ നിന്റെ ശബ്ദം,
ഞാൻ കാത്തിരിക്കുന്നു കാത്തിരിക്കുന്നു
ഞാൻ ലൈനിൽ തുടരുന്നു.
അതിനാൽ ഓർമ്മകളുടെ നഗരമേ,
എന്നെ നീ കേൾക്കുക, please pick up.
കടലേ, നിന്റെ അലകളിൽ,
എന്നെ നീ മാറോടമർത്തുക,
ഇങ്ങനെയൊന്നും പെയ്യാതെ മഴയേ,
ഈ പുഴയെ കടലുകാട്ടാതെ,
നഗരമേ എന്റെ ജനത്തെ കൈവിടാതെ,
ഞാൻ വീണ്ടും വിളിക്കുന്നു
ലൈനിൽ തുടരുക
അല്ലെങ്കിൽ വീണ്ടും വിളിക്കുക.
Please stay on the line 
Or call again later.

No comments: