4/23/14

ഫോണ്മുറിവുകൾ



(1)
പറഞ്ഞത്
മുറിഞ്ഞു.
ചോരയിറ്റി
ശരിക്കും
ജീവനുണ്ടായിരുന്നപോലെ.

(2)
 വിശ്വാസമില്ല 
ആരെ വിളിച്ചാലും ഹലോ വന്നു ഫോണെടുക്കും
ഹലോ, അപ്പുറത്തും ഹലോയാണോ എന്നു ചോദിക്കും
എന്നിട്ടും ഈ ഹലോയും ഹലോയും ആരാണ്
റോങ്നമ്പർ എന്തു തരം ഹലോയാണ്?
അടുത്ത തവണ വിളിക്കുമ്പോൾ ചോദിക്കണം
ഹലോയാണ് വിളിക്കുന്നതെന്നറിയാം
ഞാൻ ഹലോയല്ല
അപ്പോ നിങ്ങളാണോ ആ ഹലോ

(3)
 അതിരാവിലെ വിളിച്ചവരോട് പത്തുമണികഴിഞ്ഞ് വിളിക്കാൻ പറഞ്ഞു
അവർ ഉച്ചയ്ക്കാണുവിളിച്ചത്; ഉറങ്ങിപ്പോയിക്കാണും, പാവങ്ങൾ
ഞാൻ ദേഷ്യപ്പെട്ടു.
ഉച്ച വരെ എനിക്കും ഉറങ്ങണമെന്നു ഞാൻ ഓർത്തില്ല.
ഉച്ചയ്ക്കു വിളിച്ചവരോട് മൂന്നുമണിക്ക് വിളിക്കാൻ പറഞ്ഞു
അവർ രാത്രിയിലാണ് വിളിച്ചത്; ഉച്ചയൂണുകഴിഞ്ഞുറങ്ങിക്കാണും, പാവങ്ങൾ
ഞാൻ ദേഷ്യപ്പെട്ടു.
ഞാനും ഊണുകഴിഞ്ഞുറങ്ങിപ്പോയിരുന്നു.
നാളെ വിളിക്കാൻ എല്ലാരോടും പറഞ്ഞിട്ടുണ്ട്.

(4)
 നീയെവിടെയാ 
ഞാനിവിടെ 
നീയവിടെ നിക്ക്
ഞാനിപ്പോ വരാം
ഓ! സംസാരം ആമ്പിള്ളേരുതമ്മിലാ

(5)
 മാറ്റിവെച്ചു മാറ്റിവെച്ചു 
എല്ലാം മാറ്റിവെച്ചു
അതെ, പതിനേഴാം തീയതി നിന്റെ കല്യാണമല്ലേ
ഞാൻ തീർച്ചയായും വരും.
പിന്നേ! നല്ലൊരു ഞായറാഴ്ച്ച
ഞാനില്ലെങ്കിൽ അവറ്റയ്ക്കെന്താ കെട്ടാൻ ചരടുപിരിയത്തില്ലേ.

(6)
 വേറേ എന്തു വിശേഷം?
ഒന്നുമില്ല.
ശരി, അവൾ ഫോൺ വെച്ചു.
ഹേ ഒരു നിമിഷം, എനിക്കുനിന്നെയിഷ്ടമാണ്.
എന്റെ ലൈൻ കട്ടാവുന്നു.

No comments: