4/15/14

കുഴൽക്കിണറുകൾ


കുഞ്ഞേച്ചി കരയുന്നുണ്ടാവും,
ഒളിച്ചിരിക്കാനല്ലേ പറഞ്ഞുള്ളൂ.
രാജിമിസ്സ് കരയുന്നുണ്ടാവും,
എലിഫന്റ് അല്ല എലഫെന്റ് എന്നു ഞാനിതുവരെയും പറഞ്ഞിട്ടില്ലല്ലോ.
അമ്മ ഇനിയാരും ഓടിക്കളിക്കരുതെന്നു വഴക്കു പറയും.
കുഞ്ഞേച്ചിയെ എല്ലാരും വഴക്കു പറയും.
പത്രങ്ങൾ വായിച്ചും ഫോണിലറിഞ്ഞും കുറേ പേർ കാണാനെത്തും.
വിഷുവിനിടാൻ വാങ്ങിയ മുത്തുകൾ പിടിപ്പിച്ച കുഞ്ഞുടുപ്പിട്ടുഞാൻ,
ഹായ്! പുതിയ സ്പ്രേയടിച്ചിങ്ങനെ ഉറങ്ങും.
കാലെടുത്തുമേലേക്കിടാൻ അച്ഛനെന്റെകൂടെക്കിടക്കെന്നു-
ഞാനിനി പരാതി പറയില്ല പറയില്ല.
ഒളിച്ചിരിക്കാൻ ഞാൻ പോയ വിറകുപുര,
കുഴൽക്കിണറിന്റെ പിന്നിലായതിൽ വിറകുപുര തന്റെ ജഡത്വത്തെ ആദ്യമായി ശപിക്കും.
ഒന്നുമുതൽ ഇരുപതുവരെ എണ്ണുമ്പോഴും
കണ്ണൊളിഞ്ഞൊന്നു കുഞ്ഞോളെ നോക്കാഞ്ഞതിൽ
മിന്നു പിന്നെയും പിന്നെയും തേങ്ങിക്കരയും.
അഭിയും മനുവും, ഇനി പെൻസിലു തിന്നാതിരിക്കും.
ശാരി എല്ലാർക്കും റബ്ബറും പെൻസിലും ഷെയറു ചെയൂം.
സ്ഥിരമായി തൊട്ടുവാട്ടിയ തൊട്ടാവാടി ഇനി വാടാതെനിൽക്കും.
എണ്ണിത്തീർന്നിട്ടും സാറ്റു വെക്കാൻ വരാഞ്ഞതിൽ,
കോലൻതെങ്ങ് കായ്പിടിക്കാതെ മണ്ടതല്ലിപ്രാകും.
കുഴലുതാഴ്ത്തി മോട്ടോർ പിടിപ്പിച്ച് വെള്ളം പമ്പുചെയ്യുമ്പോഴും
പൊട്ടിയ കരിവളകൾ കിലുങ്ങികിലുങ്ങിച്ചിരിക്കും.
അമ്മയും കുഞ്ഞേച്ചിയും അച്ഛനും
കുളിച്ചുകഴുകിക്കുടിക്കുന്നതിൽ ഓർമ്മകൾ വന്ന്-
കുഞ്ഞോളുടെ സാറ്റുവെക്കും, സാറ്റുവെക്കും.

No comments: