1/9/14

ഹെർബേറിയം





ചിലനിമിഷങ്ങളിലെച്ചില്ലകളിൽ കാലം പടർന്നുകാനനമായകാലത്തിൽനാം 
കരിയിലകളായ്പ്പറന്നുപോവതെങ്ങേക്കറിയാതെ,  
ഓർമ്മകൾ രാമായണങ്ങളിൽക്കാനനങ്ങൾ വളർന്നുവന്യതകൾ,   
കരിയിലകൾ മാത്രമൊടുവിലെവഴികളിൽക്കാനനം,   
പഴയപുഴകൾ, ഏറെക്കിന്നാരങ്ങൾപ്പറഞ്ഞൊരുമിച്ചൊഴുകിയപഴയൊരുപാഴ്സഖി
നനഞ്ഞും ചോർന്നുമീ വിരൽമുട്ടുകളിൽനിന്നൂർന്നുപോവും നീ, 
അടരുമ്പോൾ നിന്നിലേക്കൊഴുകുമ്പോഴെൻ ധാതുക്കളെനീപുൽകുക,
ഓർമ്മകൾ പിന്നെയുമൊഴുകിപ്പോം,  
മഴകളിൽ വളർന്നുന്മാദമായ്ക്കവിഞ്ഞുകവിഞ്ഞ്,
മാരിക്കാറ്റിനൊത്തുപഴയൊരുപാട്ടുമൂളിനഷ്ടത്തിൻ
നനവുകളിലൊലിച്ചുപോവാനൊരുപുഴജനിക്കുന്നു പെയ്യുമോരോമഴയിലും.
പണ്ടുപണ്ടൊരുജീവിതമേ നീ തളിർത്തകാലത്തിലെപ്പൂവിന്മണം,
നിദ്രാവിഹീനമീരാവുകളിലെങ്ങോ മഷിനിറഞ്ഞനിലാവിൻവിരലുകൾ
നീണ്ടുവന്നുനമ്മെപൊതിയുന്നു പാതിവഴിയെത്തും പ്രണയത്താൽ,  
വഴികളിൽ കരിയിലകൾ, ഓർമ്മകളുടെ വന്യതകളാലടർന്ന കാലത്തിലെങ്ങോ 
പഴയപാട്ടുകൾ മൂളി, മഴകളിൽ നനഞ്ഞ്, കാറ്റിലുലഞ്ഞുപാറിയും പടർന്നും
പൊടിഞ്ഞുമിങ്ങനെ, സഖിയാം പുഴയിലേക്കൊഴുകുമ്പൊഴും  
ചിലനിമിഷങ്ങളിൽ കാലം കാനനമായതിൽ
പൂവിട്ടകിനാക്കളായ്നാം, കരിയിലകളടർന്നവഴികൾപിന്നിട്ട് 
ഏറെദൂരം സ്മൃതിയുടെ സന്ദേഹങ്ങളിൽ
ഭ്രാന്തമായീക്കാറ്റിലെക്കരിയിലകൾപോലെപിന്നെയും പിന്നെയും
നാമേറെദൂരമെത്തിയകാറ്റിലീക്കാനനത്തിലെക്കരിയിലകൾനാം.

No comments: