1/3/14

പെയ്യുന്നുണ്ടിപ്പോഴും..ആകാശം തുളയ്ക്കുന്ന വെയിൽക്കിളി-
ത്തൂവലൊന്നടർന്നതാണിന്നലത്തെമഴ
വഴികടന്ന്, ജനാലയ്ക്കരികിൽവന്ന്,
കാൽ‌പ്പാടുകളുടെ ഓർമ്മമുറിഞ്ഞ്,
ഹൃദയരക്തം കിനിഞ്ഞെന്ന്,
ആകാശച്ചുവരിലെക്കരിമേഘങ്ങൾ
പറഞ്ഞതില്ലിന്നലത്തെമഴപെയ്തിടുമ്പോൾ.
മഴക്കാനനങ്ങൾപ്പൂവിടാൻ
വെയിൽക്കടലിൽനിന്നുകോരിയതിനാലോ,
അതിരാത്രങ്ങൾതൻ നിദ്രാസ്വേദത്തിനാലോ
വേപഥുവിതുമ്പും കിനാക്കുരുതിയാലോ
അസ്ഥിമജ്ജയിൽച്ചോരപ്പൂക്കൾവാടുന്നി-
തിന്നലത്തെമഴപെയ്തിടുമ്പോൾ.
കിടക്കപ്പുതപ്പിന്റെ ഈർപ്പത്തിലും
ജാലകനിഴലുകൾക്കപ്പുറം
ആർദ്രതയുടെ മഴപ്പാതിയിലും
ഓർമ്മകൾക്കും തുടർച്ചയ്ക്കുമിടയിലീ
ജീവിതത്തിന്റെ പാലമപകടത്തിലെങ്കിലും
ഒറ്റയ്ക്കല്ലെന്നുകൈപിടിക്കുന്നൂ
ആകാശത്തിൽനിന്നാരോദൂതുപോലെ
മോഹത്തിൻ നനവായും, തണുപ്പായും
പകലെത്തുവോളം നനഞ്ഞൊഴുകുന്നു
മഷിപടരുമെൻ കടലാസുപൂക്കളിലിന്നലത്തെമഴപെയ്തിടുമ്പോൾ.
അകലത്തോളമലയുംമിഴികളിൽകാഴ്ച്ചകൾമരിക്കുമ്പോൾ
അഴികൾക്കിപ്പുറം
രണ്ട് ജലാശയങ്ങൾ
നിറഞ്ഞൊഴുകുന്നുണ്ട്,
ഇന്നലത്തെമഴ പെയ്യുന്നുണ്ടിപ്പോഴും.

2 comments:

REKHA PALERI said...

ഇന്നും തോരാ മഴ നനച്ചയീ വഴിയിലുടെ ....ഓര്മ്മകളുടെ മാത്രം കുട ചൂടി.................

Priyan Alex Rebello said...

;-)