
അവസാനത്തെ കത്ത്
എവിടെനിന്നാവും വരിക.
ഡെല്‍ഹി, കല്‍ക്കത്ത, മുംബെ
അമൃത്സര്‍, ചെന്നെ
അങ്ങനെയേതെങ്കിലും നഗരത്തില്നിന്നാവും.
അതൊരുപക്ഷെ
വന്നില്ലായെന്നുമാവാം.
മെലിഞ്ഞുനീണ്ട ആ വിരലുകളെഴുതുന്നത്.
ഒരുചുംബനത്തിന്റെ ദൂരത്തിലാവുമ്പോഴും
പരിഭ്രമിപ്പിക്കാറുള്ള അകലം.
ഒന്നുപിടഞ്ഞുമാറിയിരുന്നാല്
ഞാന്‍ നിന്നെ സ്നേഹിക്കുന്നതേയില്ലെന്നതും,
അറിയാമെല്ലാം പക്ഷെ
ഒന്നുറക്കെകരയുമ്പോള്പോലും
കേള്ക്കാതിരിക്കാനകലം നാം തമ്മിലുണ്ടോ?
ഇതൊക്കെ ചോദ്യങ്ങളല്ല,
ഞാന്‍ നടത്തുന്ന യാചനകളാണ്.
ഇതു യാചനകളുമല്ല,
എന്റെ നിസ്സഹായതയാണ്.
ആ കത്തില്‍ നീ പറയാനിടയുള്ളത്
മഴ, വേനല്‍, പൂക്കള്‍, പുതുരുചികള്‍
എല്ലാം എന്തുസുന്ദരമാണെന്നാവും.
മറക്കാനാഗ്രഹിക്കുന്നതെല്ലാം
അങ്ങുദൂരേക്ക് ഒരുകത്തില്‍
(അവസാനകത്തിന്റെ സാന്ത്വനത്തില്‍)
ഒതുക്കിനിര്‍ത്തുവാന്‍ കഴിയുന്നതും.
ഇല്ല
ഉമ്മറത്തെ ഫിലമെന്റ്ബള്ബിന്റെ മഞ്ഞവെട്ടത്തില്‍
ഞാന്‍ ആ കത്തുവായിക്കില്ല.
ആ കത്ത് അമ്മയാവും വായിക്കുക,
സാധാരണമായ വാക്കുകളില്‍
നിന്റെ കൂട്ടുകാരി എത്ര സുന്ദരമായി എഴുതിയിരിക്കുന്നു.
ഇതുപോലെയൊരുകത്തെഴുതാന് നിനക്കുകഴിയുമോ?
ഇല്ലമ്മേ, എനിക്കറിയില്ല ഇത്ര സുന്ദരമായെഴുതാന്
എനിക്കങ്ങനെയെഴുതുകയും വേണ്ട.