3/12/08

അവസാനത്തെ കത്ത്അവസാനത്തെ കത്ത്
എവിടെനിന്നാവും വരിക.
ഡെല്‍ഹി, കല്‍ക്കത്ത, മുംബെ
അമൃത്സര്‍, ചെന്നെ
അങ്ങനെയേതെങ്കിലും നഗരത്തില്‍നിന്നാവും.
അതൊരുപക്ഷെ
വന്നില്ലായെന്നുമാവാം.
മെലിഞ്ഞുനീണ്ട ആ വിരലുകളെഴുതുന്നത്.
ഒരുചുംബനത്തിന്റെ ദൂരത്തിലാവുമ്പോഴും
പരിഭ്രമിപ്പിക്കാറുള്ള അകലം.
ഒന്നുപിടഞ്ഞുമാറിയിരുന്നാല്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നതേയില്ലെന്നതും,
അറിയാ‍മെല്ലാം പക്ഷെ
ഒന്നുറക്കെകരയുമ്പോള്‍പോലും
കേള്‍ക്കാതിരിക്കാനകലം നാം തമ്മിലുണ്ടോ?
ഇതൊക്കെ ചോദ്യങ്ങളല്ല,
ഞാന്‍ നടത്തുന്ന യാചനകളാ‍ണ്.
ഇതു യാചനകളുമല്ല,
എന്റെ നിസ്സഹായതയാണ്.
ആ കത്തില്‍ നീ പറയാനിടയുള്ളത്
മഴ, വേനല്‍, പൂക്കള്‍, പുതുരുചികള്‍
എല്ലാം എന്തുസുന്ദരമാണെന്നാവും.
മറക്കാനാഗ്രഹിക്കുന്നതെല്ലാം
അങ്ങുദൂരേക്ക് ഒരുകത്തില്‍
(അവസാനകത്തിന്റെ സാന്ത്വനത്തില്‍)
ഒതുക്കിനിര്‍ത്തുവാന്‍ കഴിയുന്നതും.
ഇല്ല
ഉമ്മറത്തെ ഫിലമെന്റ്ബള്‍ബിന്റെ മഞ്ഞവെട്ടത്തില്‍
ഞാന്‍ ആ കത്തുവായിക്കില്ല.
ആ കത്ത് അമ്മയാവും വായിക്കുക,
സാധാരണമായ വാക്കുകളില്‍
നിന്റെ കൂട്ടുകാരി എത്ര സുന്ദരമായി എഴുതിയിരിക്കുന്നു.
ഇതുപോലെയൊരുകത്തെഴുതാന്‍ നിനക്കുകഴിയുമോ?
ഇല്ലമ്മേ, എനിക്കറിയില്ല ഇത്ര സുന്ദരമായെഴുതാന്‍
എനിക്കങ്ങനെയെഴുതുകയും വേണ്ട.

7 comments:

മറ്റൊരാള്‍\GG said...

ഇതുപോലൊരു കത്ത് എഴുതുവാന്‍ നിനക്ക് മാത്രമേ കഴിയൂ...!

ഇനിയും കത്തുകള്‍ ധാരാളം വരും!

കാത്തിരിക്കുക!

Sharu.... said...

ഹൃദയസ്പര്‍ശിയായ പോസ്റ്റ്...:)

ഫസല്‍ said...

നന്നായിട്ടുണ്ട്
ഇനിയും എഴുതുക, ആശംസകള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രിയോ വന്ന് വന്ന് സീരിയസ്സ് ആയാ..?

ഗൗരിനാഥന്‍ said...

ഞാന്‍ എഴുതുന്ന കത്തുകള്‍ ഇത്ര മനോഹരമായിരികുമോ?, അറിഞ്ഞു കൂട, പക്ഷെ ഇത് മനോഹരം വളരെ മനോഹരം ആയിരിക്കുന്നു...വായിക്കുമ്പോള്‍ മനസ്സുഖം ഉണ്ട്,....

നൊമാദ്. said...

പ്രിയാ, സുന്ദരമായിരിക്കുന്നു. ഒരുപാടിഷ്ടമായി.

jomily jose said...

ente kuuti murikkunnu a poovine kanneerum pratheekshayum onnikkunnathu pole