1/8/19

അമ്മേ, എല്ലാം പഴയതുപോലെയാവും.


പഴയതുപോലെ
എല്ലാമെല്ലാം മറന്ന്
കൂട്ടുവെട്ടി ചൊടിച്ചതുസർവ്വം മറന്ന്
ചിറകുമുറിഞ്ഞ പൂമ്പാറ്റകളും
വാലിൽ നൂലുകെട്ടിയ തുമ്പികളും
എന്നെത്തേടി വരും-
നൊന്താലും നിന്നെയിഷ്ടമാണെടാ എന്നു മെല്ലെ മിണ്ടിപ്പറയും.

അപ്പോഴേക്കും
ഒരു പക്ഷി
ആകാശത്തിനെ വഴിയടയാളമില്ലാത്ത വെറും കിനാവെന്ന് പ്രാകും.
കുഴഞ്ഞു കുഴഞ്ഞ് വീഴുമ്പോൾ
ഭൂമിയുടെ അടയാളം
എന്തായിരുന്നു എന്ന് ഓർമ്മിക്കാൻ ശ്രമിച്ച് പരാജയപ്പെടും.
ആകാശത്തിനെയും, കടലിനെയും,
പൊള്ളുന്ന കാഴ്ച്ചകളെയും മറന്നേക്കാം
അപ്പോഴും
ഇവിടെയായിരുന്നു കടൽ,
ഇവിടെ ഒരു പൂമരം,
അതിലൊരു കുഞ്ഞില
അതിലെ ഒരു നേർത്ത മഴവിരൽ,
അതിലെ അത്രയും നേർത്ത ഒരു മഴവില്ല്.


വരുമെന്ന് പ്രതീക്ഷിക്കുന്ന തീവണ്ടികളെക്കുറിച്ചുള്ള അറിയിപ്പ് കേൾക്കുന്നുണ്ട്,
സാരിത്തുമ്പുകൊണ്ട് പിണച്ചുകെട്ടിയ തൊട്ടിലിൽ
കിനാവിന് ആരീരം രാരീരം പാടുന്നതാവാം,
ഒരമ്മ;
നീയമ്മ, ഞാനച്ഛൻ,
നമുക്ക് അരിയും കൂട്ടാനും കളിക്കാം.
മരിച്ച ജീവിതത്തെപ്പോലെ ഫോൺ ചാർജുതീർന്നോഫായിരിക്കുന്നു,
തോറ്റ ക്ലാസിലിരുന്ന് പഴയ പാഠപുസ്തകം വായിക്കുന്നു ഞാൻ.
വേട്ടാളന്റെ ചുവന്ന കുഞ്ഞുങ്ങളെ ചുരണ്ടിക്കളഞ്ഞ്
പ്ലഗ് കുത്തുന്നു, അപ്പോൾ ഉയിരേ ഉയിരേ എന്ന പാട്ട് പാടിത്തുടങ്ങുന്നു വീണ്ടും.
നിന്നിലേക്ക് എന്റെ ശ്വാസം കലരുന്നു,
ഭൂമിയിലെമ്പാടും എന്റെ പാട്ട് കേൾക്കുന്നു,
നൊന്താലും ഇഷ്ടമാണെന്ന്
ഉറുമ്പുചുമന്നുപോവുന്ന ഒരു പൂമ്പാറ്റച്ചിറകിൽ എഴുതിയിരിക്കുന്നു,
വാതിലുകളും ജനാലകളുമടഞ്ഞ്
എന്റെ വീട് ഒരു അദ്ഭുതപേടകമാവുന്നു,
ഒരു കടൽ‌പ്പക്ഷിയെപ്പോലെ
നനഞ്ഞ ചിറകുമായ് കുതിക്കുന്നു,
അത്താഴമുണ്ണാതെ കിടക്കരുതെന്ന് അമ്മ ശാസിച്ചുവിളിക്കുന്നു,
പഴയപോലെ കടൽത്തീരത്ത്
ഇനിയും മൺവീടുകൾ പണിത് ഞങ്ങൾ കളിച്ചുകൊണ്ടിരിക്കും,
നമ്മളുടെ കടൽ, 
നമ്മളുടെ മരച്ചോട്,
നമ്മളുടെ വീട്,
നമ്മളുടെ മുറി,
നിലാവ് ചോർന്നൊലിക്കുന്ന മേൽക്കൂര
മഴ നനഞ്ഞൊട്ടിയ നമ്മുടെ പൂമ്പാറ്റച്ചിറകുകൾ
നേർത്ത ഒരു ഉമ്മ,
അമ്മേ, എല്ലാം പഴയതുപോലെയാവും.



അല്ലെങ്കിൽ നീയും ഞാനുമില്ലായിരിക്കാം



നാരകമഞ്ഞയായിരുന്നു,
നനവുള്ളൊരിത്തിരിക്കിനാവിലായിരുന്നു
നനഞ്ഞ് നനഞ്ഞ് ഒരു മേഘത്തിന്നടരിൽനിന്നടർന്നതായിരുന്നു
നിഴലിലക്കൂട്ടങ്ങളിൽ സൂര്യൻ മറഞ്ഞിരുന്നതായിരുന്നു,
തടാകങ്ങളിൽ മെല്ലെ വിലോലമിളകിയൊഴുകാൻ മറന്നതായിരുന്നു
ജലഛായങ്ങൾ പടർന്നൊഴുകുകയായിരുന്നു
നമ്മൾ പല വാക്കുകളിൽ എല്ലാം മറക്കുകയായിരുന്നു.

ഒരിക്കൽ,
ഇങ്ങനെയെങ്കിൽ
പിന്നെ
ഒരിക്കലുമില്ലെന്നായിരുന്നു,
വിരലുകളുരുകിവേരിറുകിപ്പുണർന്നതായിരുന്നു,
മഴച്ചുവട്ടിൽ മരങ്ങളിൽ തണൽക്കാത്തിരുന്നതായിരുന്നു
മരത്തണുപ്പിൽ വെയിൽപ്പൂ കൊഴിഞ്ഞതായിരുന്നു.

കാണാതായ കടൽ കണ്ണുകളാണോ കാണ്മതെന്ന്
ആകാശം അമ്മയെപ്പോലെ നെഞ്ചലച്ചുകരഞ്ഞതായിരുന്നു
മഴവിൽക്കുമിള പൊട്ടിത്തെറിച്ചുപൊലിഞ്ഞതായിരുന്നു
എങ്കിലും ആകെ നനഞ്ഞതായിരുന്നു,
ഇടയ്ക്ക് കിനാവ് കയറിവന്ന് ജീവിതത്തോട് കയർത്തതാവും,
അല്ലെങ്കിൽ
നീയും ഞാനുമില്ലാതെ
അങ്ങനെയൊന്നുമുണ്ടായിട്ടില്ലായിരിക്കും.
പഴയപക്ഷിപ്പാട്ട്
ഒട്ടുനേരമൊന്നും ഓര്‍മ്മയില്‍ 
കേട്ടുമുഴുമിക്കാനാവില്ലൊടുവില്‍
നെഞ്ചുപൊട്ടിക്കരഞ്ഞുപോവും

മഴയത്തൊരുതുള്ളിക്കും തകരാതെപെയ്യാനാവില്ലപിന്നെ.

ഒരുവെയിലിലും തനിച്ചുനില്‍ക്കാറില്ല,
വെയിലില്ലാതൊരുനിഴല്‍.

ഓര്‍ത്തിട്ടുണ്ടാമീവയസന്മാവ്,
മധുരം കൊതിച്ചിടാം 
പക്ഷെ വെയിലിനെ മാത്രം നനഞ്ഞു നൊന്തുനീറി,
പച്ചയായ് പൊട്ടിത്തെറിച്ചു ചുനച്ചിടുമ്പോള്‍

പൂ‍ത്തുവെളുത്തതോന്നലുകളുള്ള മുല്ലകളാണുചുറ്റും,
പൊഴിയാതിരുന്നിട്ടുമാദ്യത്തെമഴ,
ഇരുട്ടിലാരോകരഞ്ഞിടാമാര്‍ദ്രത,
കുയില്‍പ്പാട്ടിന്റെ തോല്‍വിയില്‍ പഴയപ്രേമം,
പെണ്‍ നോട്ടങ്ങള്‍ മുലക്കണ്ണുപിഴിയുന്ന കിനാവുറക്കത്തിന്റെയുഷ്ണത്തില്‍
ചവര്‍പ്പുണ്ടതിതീക്ഷ്ണമീവേനലില്‍, വിരിഞ്ഞപൂക്കളുടെ തേനിനും

വേനലിലാദ്യത്തെ (ഒടുവിലത്തെയും) മഴപൊഴിയാതിരുന്നിട്ടും,
പഴയമരച്ചോട്ടിലിങ്ങനെ മുല്ലപ്പൂവും, നിഴലും, മാമ്പഴവേട്ടയും,
നമ്മളാരൊക്കെയൊളിനോട്ടങ്ങളാല്‍ വെയില്‍ച്ചൂളലുകള്‍
പാതിവഴിമറന്നുറങ്ങിപ്പോയൊരു പ്രേമത്തിന്റെ 
ഒച്ചിഴഞ്ഞ തണുപ്പിതാ കണ്ണില്‍ത്തറയ്ക്കുന്നു മാന്തളിര്‍ക്കാനനമേ നിന്നില്‍
ഒരുമ്മയ്ക്കും മായ്ക്കാനാവാതെ,
ഉമ്മവെക്കുമ്പോഴെല്ലാം നെഞ്ചുപൊട്ടുന്നു 
കാത്തിരുപ്പാണ് മഴക്കാലമേ,
ഈ നിഴലിന്റെ ഉച്ചയില്‍ വെയില്‍ പെയ്യുന്നുണ്ട്,
മഴക്കാലം നെഞ്ചത്തിരുന്നു വിങ്ങുന്നുണ്ട്
ഉള്ളം കവിഞ്ഞൊഴുകുന്നു, പ്രളയത്തിന്റെ വിത്തുകള്‍
ശ്വാസത്തിന്റെ കുമിളകള്‍ക്ക് കഴുത്തുപിടയുന്നു,
നഖങ്ങളെപ്പോലും മൂടുന്നു, പ്രേമമേ,
ഒറ്റയ്ക്കാവുന്നു.