8/29/14

അമ്മേ, എല്ലാം പഴയതുപോലെയാവും.


പഴയതുപോലെ
എല്ലാമെല്ലാം മറന്ന്
കൂട്ടുവെട്ടി ചൊടിച്ചതുസർവ്വം മറന്ന്
ചിറകുമുറിഞ്ഞ പൂമ്പാറ്റകളും
വാലിൽ നൂലുകെട്ടിയ തുമ്പികളും
എന്നെത്തേടി വരും-
നൊന്താലും നിന്നെയിഷ്ടമാണെടാ എന്നു മെല്ലെ മിണ്ടിപ്പറയും.

അപ്പോഴേക്കും
ഒരു പക്ഷി
ആകാശത്തിനെ വഴിയടയാളമില്ലാത്ത വെറും കിനാവെന്ന് പ്രാകും.
കുഴഞ്ഞു കുഴഞ്ഞ് വീഴുമ്പോൾ
ഭൂമിയുടെ അടയാളം
എന്തായിരുന്നു എന്ന് ഓർമ്മിക്കാൻ ശ്രമിച്ച് പരാജയപ്പെടും.
ആകാശത്തിനെയും, കടലിനെയും,
പൊള്ളുന്ന കാഴ്ച്ചകളെയും മറന്നേക്കാം
അപ്പോഴും
ഇവിടെയായിരുന്നു കടൽ,
ഇവിടെ ഒരു പൂമരം,
അതിലൊരു കുഞ്ഞില
അതിലെ ഒരു നേർത്ത മഴവിരൽ,
അതിലെ അത്രയും നേർത്ത ഒരു മഴവില്ല്.


വരുമെന്ന് പ്രതീക്ഷിക്കുന്ന തീവണ്ടികളെക്കുറിച്ചുള്ള അറിയിപ്പ് കേൾക്കുന്നുണ്ട്,
സാരിത്തുമ്പുകൊണ്ട് പിണച്ചുകെട്ടിയ തൊട്ടിലിൽ
കിനാവിന് ആരീരം രാരീരം പാടുന്നതാവാം,
ഒരമ്മ;
നീയമ്മ, ഞാനച്ഛൻ,
നമുക്ക് അരിയും കൂട്ടാനും കളിക്കാം.
മരിച്ച ജീവിതത്തെപ്പോലെ ഫോൺ ചാർജുതീർന്നോഫായിരിക്കുന്നു,
തോറ്റ ക്ലാസിലിരുന്ന് പഴയ പാഠപുസ്തകം വായിക്കുന്നു ഞാൻ.
വേട്ടാളന്റെ ചുവന്ന കുഞ്ഞുങ്ങളെ ചുരണ്ടിക്കളഞ്ഞ്
പ്ലഗ് കുത്തുന്നു, അപ്പോൾ ഉയിരേ ഉയിരേ എന്ന പാട്ട് പാടിത്തുടങ്ങുന്നു വീണ്ടും.
നിന്നിലേക്ക് എന്റെ ശ്വാസം കലരുന്നു,
ഭൂമിയിലെമ്പാടും എന്റെ പാട്ട് കേൾക്കുന്നു,
നൊന്താലും ഇഷ്ടമാണെന്ന്
ഉറുമ്പുചുമന്നുപോവുന്ന ഒരു പൂമ്പാറ്റച്ചിറകിൽ എഴുതിയിരിക്കുന്നു,
വാതിലുകളും ജനാലകളുമടഞ്ഞ്
എന്റെ വീട് ഒരു അദ്ഭുതപേടകമാവുന്നു,
ഒരു കടൽ‌പ്പക്ഷിയെപ്പോലെ
നനഞ്ഞ ചിറകുമായ് കുതിക്കുന്നു,
അത്താഴമുണ്ണാതെ കിടക്കരുതെന്ന് അമ്മ ശാസിച്ചുവിളിക്കുന്നു,
പഴയപോലെ കടൽത്തീരത്ത്
ഇനിയും മൺവീടുകൾ പണിത് ഞങ്ങൾ കളിച്ചുകൊണ്ടിരിക്കും,
നമ്മളുടെ കടൽ, 
നമ്മളുടെ മരച്ചോട്,
നമ്മളുടെ വീട്,
നമ്മളുടെ മുറി,
നിലാവ് ചോർന്നൊലിക്കുന്ന മേൽക്കൂര
മഴ നനഞ്ഞൊട്ടിയ നമ്മുടെ പൂമ്പാറ്റച്ചിറകുകൾ
നേർത്ത ഒരു ഉമ്മ,
അമ്മേ, എല്ലാം പഴയതുപോലെയാവും.