9/24/14

അന്ധനായ പക്ഷി നഗരത്തിൽ പറക്കുന്നു



ഫ്ലൈയോവറിലെ മഴയിൽ
വാഹനങ്ങളുടെ ഒച്ചകളിലൂടെ
എങ്കിലും
ഒച്ചകൾക്കുമാത്രമാണതൊരുനഗരമാണെന്നോർമ്മിപ്പിക്കാൻ കഴിയുക,
ആ ഒച്ചകളുടെ ആവർത്തനങ്ങൾ
എന്നെ ചിറകുകളാൽ ബന്ധിക്കുന്നു
ഒരു ചില്ലയോ ഇലയോ വേരുകളോ ഇല്ലാതെ
(
സങ്കൽപ്പിക്കുക സർവ്വവും)
ആകാശത്തിലെ വെറും വായുവിൽ
ഓർമ്മയാൽ കുത്തിനിർത്തിയ
വേറിട്ടൊരു കാഴ്ച്ചയായി നോക്കി നോക്കി,
മാനത്തൂടങ്ങനെ, ചിറകുകളെ രണ്ട് വായുപാളികളിലമർത്തി
കൂർത്തുകൂർത്തുവരുന്ന മുഖത്തിനാൽ
ആഞ്ഞുകൊത്തുകയും
നിങ്ങൾ,
ഞെട്ടടർന്ന് താഴേക്കു വീഴുകയും,
(
അതിനാൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ കിട്ടുമെന്നു കരുതി
ചോദ്യം ചോദിക്കുന്നവരോടെല്ലാം എനിക്കൊന്നും പറയാനില്ല)
മേഘങ്ങൾ ഒരുനിമിഷം കൊണ്ട് അപഭ്രംശം വന്നവരായേക്കാം
പാപികൾ
പിതാവേ, പാപികളോട് ഇനിയും പൊറുത്തുകൊടുക്കേണമേ
ചിലപ്പോൾ നഗരത്തിലെ എല്ലാ നിരത്തുകളിലും ഇന്ന് മഴവള്ളികളിലിറങ്ങും,
മഴയല്ല ടാർസന്മാർ,
ഞങ്ങൾ കൂവിയാർക്കും,
ഞങ്ങൾ ലൈബ്രററികളിൽനിന്നിറങ്ങിപ്പോയ പാറ്റകളാവും
വിശപ്പുകൊണ്ട് മാംസമില്ലാതായ,
തലേവരകൾക്ക് തലയില്ലാതായ,
നഗ്നമായ അശുദ്ധചർമ്മ-
ത്തോലുകളെ തമ്മിലൊട്ടിച്ചെടുത്ത
ആരും വായിക്കാത്ത കവിതകൾക്കിടയിലെ
മൌനത്തിലിങ്ങനെ ഒളിച്ചിരുന്ന്
പൊടുന്നനെ ഒരു പോർക്കളം സംജാതമായതുപോലെ
തലങ്ങും വിലങ്ങും പറന്ന് പറന്ന്,
ഞങ്ങളല്ല, ഞാൻ ഞാൻ ഞാൻ
കൂവിയാർത്ത്,
മെട്രോ റെയിലുകൾക്കും
അതിവേഗപാതകൾക്കുമിടയിലൂടെ
വിമാനങ്ങളുടെ റൺവേയിലേക്ക്
വെയിലിനെപ്പോലെ കവിഞ്ഞ് കവിഞ്ഞ്
ഒച്ചകളിൽനിന്നരിച്ചെടുത്ത
ഒരു കടലിലേക്ക് മുങ്ങിപ്പോവുമ്പോഴും
ടാർസൻ, എനിക്ക് നിന്നെപ്പോലെ വള്ളികളിൽ നൂണ്ടിറങ്ങി
കൂവിയാർത്ത് വിളിച്ച് ചോദിക്കണം
എവിടെ ഞങ്ങൾക്കുള്ള പഴക്കുലകൾ
നിങ്ങളുടെ സദാചാരവും മാന്യതയും
വർഷങ്ങളായി പഴുപ്പിച്ചെടുത്ത
ക്ഷമയുടെയും സമാധാനത്തിന്റെയും ഫലങ്ങൾ
ഉണ്ടാവില്ല,
കാരണം
അത്യന്തം ദാരുണമായ ഒരു അനിവാര്യതയാണ്,
അത് നിർവ്വഹിക്കാൻ
അന്ധനായ പക്ഷിക്ക്
നഗരത്തിനുമേലേ പറക്കേണ്ടിവരും.


No comments: