9/20/14

പണയത്തിലാണെങ്കിൽക്കൂടി പത്തരമാറ്റാണ് മാനേജരേജീവിതത്തിൽനിന്ന് കടം കൊണ്ടത് എന്നെഴുതിയവസാനിപ്പിച്ചശേഷം
ഒരുപാടുനാളായിരുന്നു,
പിന്നീടൊരിക്കലും തിരിഞ്ഞുനോക്കാത്തതിനാൽ
പലിശയും കൂട്ടുപലിശയും പിഴപ്പലിശയും മുതലും ചേർത്ത്
നല്ലൊരുവരവു തന്നെ പ്രതീക്ഷിച്ചിരുന്നു ജീവിതം;
അപ്പോഴാണ്
കവിതയിലേക്ക് ജീവിതത്തിന് കുറുകെ 
 സ്റ്റേറ്റ് ബസ് കയറ്റി ഓടിച്ചതിനുശേഷമാണ്
മണ്ണിലേക്ക് നീണ്ടുനിവർന്നുകിടന്ന്
ആഴത്തിലൊരു തൈത്തെങ്ങിന് വളമായത്.
സൌകര്യത്തിന്  ചൊല്ലുനിർത്തണമെന്ന് നിനച്ചിട്ടാവണം
എന്നല്ലാതെ,
തിരിച്ചു തരൂ എന്റെ ജീവിതത്തെ എന്ന്
ഉഴവിലൊപ്പം ചങ്ങാതിയായെത്ര
 മണ്ണിരകളോടൊപ്പം മുങ്ങിക്കിടന്ന്
എങ്ങനെ ചോദിക്കാൻ അയ്യോ, വയ്യ
ജീവിതമേ നാം തമ്മിലെന്ത് എന്ന സിനിമാഡയലോഗടിച്ചുനോക്കി-
പക്ഷെ, നാഗരികന്മാർക്കുപോലും ഒഴിവാക്കാനാവില്ല
എത്രപേർക്കുവേണമെങ്കിലും തള്ളിക്കയറാവുന്ന
ഒരു ജനറൽക്കമ്പാർട്ടുമെന്റിലെങ്ങാനും
ഉറക്കം പലവിധത്തിൽ കയറിപ്പറ്റിയ മനുഷ്യരെപ്പോലെ.
ജപ്തിചെയ്തെടുക്കാനാവാത്ത ജീവിതത്തെയാണ്
പലവിധത്തിൽ വളച്ചുവെച്ച് കിനാവുകൊണ്ട് കൃഷിചെയ്തത്,
അങ്ങനെയൊരു കൃഷിക്കാരനെയാണ്
അത്രവേഗം കടപ്പെടുത്തി
ആത്മഹത്യ ചെയ്യിച്ചത്.
അങ്ങനെയൊരു കവിതയ്ക്ക് വേണ്ടി ചിറകെട്ടിയ
വാക്കുകളെയാണ് ജീവിതത്തിൽനിന്ന് കമിഴ്ത്തിക്കളഞ്ഞത്
അങ്ങനെയൊരു കവിതയാലാണ്,
പാടത്തെല്ലാം പാട്ടകൊട്ടി പക്ഷികളെപ്പറപ്പിച്ചത്,
മാനേജരേ,
ആ കവിതയ്ക്കാണ് നിങ്ങൾ മുദ്രവെച്ച് കൈവശപ്പെടുത്തേണ്ടത്,
അങ്ങനെയാണ് ആരെങ്കിലുമൊരാൾ വായിച്ചു
എന്നൊരു കവിക്ക് സന്തോഷം വന്നേക്കുക.


No comments: