8/14/14

ഒരു മോശം കവിതയുടെ ഒടുക്കത്തെ വായന


ഏകാകിയായ മനുഷ്യനെഴുതി:
ആർക്കുവേണം സ്വാതന്ത്ര്യം( മതിലുകൾ:വൈക്കം മുഹമ്മദ് ബഷീർ)”

അതിനുശേഷം സ്വാതന്ത്ര്യദിനമെന്നു കേട്ടാൽ
രാജ്യത്തെയോ ദേശീയപതാകയോ ഒന്നും ഓർക്കേണ്ടതില്ല.
പൌരാവകാശമോ, സമത്വമോ, സമഭാവനയോ ഒന്നും ഓർക്കേണ്ടതില്ല.
ഇതിനേക്കാൾ മോശമായിരുന്നു എല്ലാമെന്ന് ഓർമ്മിപ്പിക്കുന്നവരും,
കോളനികാലത്തെ അടിമത്തത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നവരും,
മരങ്ങളിലെ പച്ചക്കൊമ്പുകൾ കാണുകയും
ആകാശത്തിലെ നീലയെ നോക്കി കൊതിക്കുകയും ചെയ്യുന്നു..

വെറുതേ പ്രേമിക്കുന്ന ഞങ്ങളിരുവരും
ഇപ്പോൾ കവിത വായിക്കുകയാണ്
ഞാൻ ചിറകുവിരുത്തിപ്പറക്കാൻ തുടങ്ങുമെന്നാണവൾ പറഞ്ഞത്,
 ഈ കമ്പിയഴികൾ ആരെങ്കിലും തുറക്കേണ്ടതുണ്ടെങ്കിൽത്തന്നെയും.
He started loving her finding her glass sandals
It’s magic...

സ്നേഹത്തിന്റെ മാന്ത്രികതയിൽ
അങ്ങനെ പലതും സംഭവിക്കുമായിരിക്കും
ഒരു പക്ഷെ സിൻഡ്രല്ലയെപ്പോലെ ഗ്ലാസ് ചപ്പലുകളെങ്കിലും സ്വന്തമായിക്കിട്ടുമായിരിക്കും;
മന്ത്രവാദിനി അമ്മൂമ്മത്തള്ളേ, Oh my fairy godmother, നിനക്ക് ഉമ്മ
ഇതാ തണ്ണിമത്തനുകൾ; കുതിരവണ്ടി എവിടെ
എലികൾ; കുതിരകൾ എവിടെ
പഴങ്കുപ്പായം; പട്ടുവസ്ത്രങ്ങളെവിടെ
ചുണ്ടെലികൾ; അംഗരക്ഷകരെവിടെ
ആരവിടെ; ആരുമില്ല
നമുക്ക് രണ്ടാൾക്കുമിഷ്ടമാണ്
കെട്ടിപ്പിടിച്ചിരിക്കുമ്പോൾ
നിന്റെ കഴുത്തുകളിലേക്ക് പിണഞ്ഞ് ഞാൻ ഒരു പൂവള്ളിയാണെന്ന് സങ്കല്പിക്കും
നിന്റെ മുടികളെത്തഴുകുന്ന എന്റെ വിരലുകളിൽനിന്നും 
 മുല്ലപ്പൂക്കളെ ഇറുത്തുവെക്കുന്നു അവിടെ, ഇതാ ഉമ്മകൾ
നിഴലുകൾ എപ്പോഴേ ചാഞ്ഞിരിക്കുന്നു.

അതിനുശേഷം ഞാൻ പറക്കും,
വിശ്വസിക്കുക-
ആകാശം ഇങ്ങനെ പറക്കുകയും
ഭൂമി താഴേക്കു വീഴുകയുമാണുണ്ടായത്.
നമുക്ക് ചീത്തക്കവിതകളെഴുതാം, മോശം കവിതകൾ
നമ്മൾ മോശം മനുഷ്യരാണല്ലോ; ചീത്ത ആണും പെണ്ണും
മോശം കാര്യങ്ങൾ ചെയ്യുന്നവർ, ജയിലുകളിൽ വസിക്കേണ്ടവർ.
എന്തും ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കരുതെന്ന്
ചിലർ താക്കീത് ചെയ്യുന്നു; അഥവാ
നവകോളനിവൽക്കരണത്തെക്കുറിച്ച്
അവരുടെ പുരാണങ്ങൾ ഒന്നും പറയുന്നുണ്ടാവില്ല
സ്വാതന്ത്ര്യസമരത്തെക്കുറിച്ചും പുരാണങ്ങൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ
ആയുധങ്ങളില്ലാതെയായ ജനതയ്ക്ക് ഉറങ്ങാൻ വേണ്ടി
പുസ്തകങ്ങൾ വായിച്ചാണുശീലം; അഥവാ
മോക്ഷം തരുന്ന പുസ്തകങ്ങൾ മാത്രം വായിക്കേണ്ടിവരുന്നു.
ആയുധങ്ങളുള്ളവർക്ക് അതുപയോഗിച്ച്
ഭ്രാതൃഹത്യ നടത്തിയും സ്വസ്ഥമായുറങ്ങാം.
യുദ്ധത്തിന്റെ പുസ്തകം യുദ്ധത്തെക്കുറിച്ചല്ല
യുദ്ധക്കെടുതിയെക്കുറിച്ച് സംസാരിക്കണം.

“I remember now, if it is not a dream how before I was a wolf, I lay beside the red flower and it was warm and pleasant. All that day Mougli sat in the cave tending his fire pot and dipping dry branches into it to see how they looked.“

അതിനുശേഷം ഒരു കിനാവിലല്ലായിരുന്നെങ്കിലെങ്ങനെ 
 ചെന്നായയായിരുന്നു താനെന്ന് മൌഗ്ലി നിശ്ചയമായും
സംശയിക്കും;
ഉണക്കക്കമ്പുകൾ തീപിടിക്കുമ്പോൾ
നമ്മുടെ പ്രണയത്തിനൊട്ടും ഊഷ്മളതയുണ്ടാവില്ല.
പാവം നമ്മൾ മോശം കവിതയെഴുതിയിരിക്കുന്നു പിന്നെയും.No comments: