2/9/14

രാവിലത്തെ മഴ

രാവിലത്തെമഴ 
മുറിഞ്ഞുതിർന്നിട്ടും
പേർത്തെടുത്ത്
പിന്നെയും പെയ്യുന്നു.
ഇനി
കാത്തിരിക്കാനില്ല 
പക്ഷെ
രാവിന്റെ നനുത്തപട്ടിൽ പൊതിഞ്ഞെടുക്കുമ്പോഴും
പകലുകടന്നെത്തിയ മൌനം
രാമനാമം ജപിച്ച് ജപിച്ച്
നഷ്ടപ്പെട്ടതിനാലാവർത്തിച്ചാവർത്തിച്ച്
തിരയുന്നു പഴുതെ തിരയുന്നു.

മുറിഞ്ഞുപോയ മഴപ്പാട്ടിൽനിന്നും
അതേ ആരോഹണത്തോടെ രാവിലത്തെമഴ
 പിന്നെയും പിന്നെയും പെയ്തിടുന്നു.
അതിഥികളും അനുശോചനക്കാരുമൊഴിഞ്ഞാൽ
ഏകാന്തതയിലെ മഴ പെയ്തുതീരാതെ
പ്രാർത്ഥനകളുടെ ഏകതാനതയിൽമുഴുകി
ശൂന്യതയാൽ നിറഞ്ഞുനിറഞ്ഞ്
മഴ രാവിന്നുകൂട്ടായതെന്നാണെന്നാണ്?

പകൽനദിയുടെ പാതിക്കുകുറുകേ
ഹൃദയത്തിലെ നിലാവുചോരുമ്പോഴും
നിദ്രയുടെ തണുപ്പിനുകൂട്ടിരുന്ന്
നാവുതട്ടാതെ രാമനാമം ജപിച്ച്
തിരഞ്ഞുതിരഞ്ഞുതീർന്നപ്പോൾ
രാവിന്റെ പിൻവാതിലിൽ
മഴ പെയ്യാൻ തുടങ്ങിയിരിക്കണം.
നിദ്രയെക്കാളും തണുത്തതെന്തോ
മഴയോളമലിഞ്ഞുതീരുന്നതിൽ
മഴപ്പാട്ടുകളില്ലാത്തലോകത്തിൽ
വെറുതെ വെറുതേ
മഴപെയ്തുനിറയുകയാണ്.

ഇനിയൊന്നുമെഴുതാനില്ലാത്തതിനാൽ
മഴ മായ്ച്ചുതീർക്കുകയാവും
ഹൃദയത്തിന്റെ നോവക്ഷരങ്ങളിൽ
ആർദ്രതയുടെ ആകാശങ്ങളെ നിറയ്ക്കുകയാവും.
വിലാപങ്ങളുടെ കനൽഭൂമിയിൽ
പുതുനദികളോ മഹാപ്രളയങ്ങളോനിറഞ്ഞ്
എല്ലാമെല്ലാം മാഞ്ഞുപോയെങ്കിലെന്ന്
രാവിലത്തെമഴ പെയ്യുമ്പോൾ നിനയ്ക്കയാവും.

പതിവില്ലാത്ത അതിഥികളെയും
അവസാനമായി കണ്ടുവെന്നാശ്വസിക്കുന്നവരെയും
ആരുമോർമ്മിക്കാതെയിരുന്നുവെങ്കിലെന്ന്
മൌനം സംസാരിക്കാറുള്ള നിർമ്മമതയിൽ
മഴ പാടിത്തീർക്കുകയാണ്- പാടാനരുതാതെയെങ്കിലും
ആത്മാവിന്റെ ദാഹങ്ങൾക്ക്
പെയ്തുതിരുന്നതും
രാവിലത്തെ മഴയാണ്.

No comments: