2/7/14

ഗൂഗിൾ വാക്കുതിരയുന്നു


ഒരുനാൾ ഗൂഗിൾ വാക്കുതിരഞ്ഞിറങ്ങി
ഏതുവാക്കെന്നറിയാതെഗൂഗിൾ തിരഞ്ഞുകൊണ്ടേയിരുന്നു,
കണ്ടവർ കണ്ടവർ കൂടെത്തിരഞ്ഞു,
തിരഞ്ഞവർ തിരഞ്ഞവർ വീണ്ടും തിരഞ്ഞു
കടൽ പറന്നുമാനത്തുമേഘക്കാടുകൾ പൂത്തു,
പൂത്തപൂവുകൾ മഴയായ്ക്കൊഴിയുന്നു,
മഴപ്പൂവുകണ്ടൊരുവൾ കാമിച്ചു,
കാമിച്ചവനേതോ ദിക്കിൽ കായിട്ടു വിത്തുമുളച്ചു,
ഏതുമണ്ണിലേതുനാട്ടിലവൾ കാറ്റിനോടുചോദിച്ചു
കാറ്റു തിരഞ്ഞു അവൾ തിരഞ്ഞു,
നാട്ടുകാർ തിരഞ്ഞു, വീട്ടുകാർ തിരഞ്ഞു,
പത്രങ്ങൾ തിരഞ്ഞു ചാനലുകൾ തിരഞ്ഞു,
എല്ലാരും തിരഞ്ഞെല്ലാരും തിരഞ്ഞു ഗൂഗിളിൽത്തിരഞ്ഞു
ഗൂഗിളന്നേരവും ആ വാക്കുതിരഞ്ഞു,
വാക്കുപാലിക്കാത്തവർ പറഞ്ഞ വാക്കു തിരഞ്ഞു
ഗൂഗിൾ പിന്നെയും തിരഞ്ഞു
നീ തിരഞ്ഞു
ഞാൻ തിരഞ്ഞു
ഗൂഗിൾ പിന്നെയും തിരയുന്നു പിന്നെയും.


3 comments:

viddiman said...

മനോഹരമായിരിക്കുന്നു.

'കടൽ പറന്നുമാനത്തുമേഘക്കാടുകൾ പൂത്തു'

എന്ന വരി ഏറെ ഇഷ്ടപ്പെട്ടു.

വാക്കു പാലിക്കാത്തവർ പറഞ്ഞ വാക്കുകൾ എവിടെയാണു കണ്ടുകിട്ടുക ?

വാക്കുകൾക്കിടയിൽ ചിലയിടത്ത് സ്പേസ് ഇല്ലാത്തത് വായനയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

' മഴപ്പൂവുകണ്ടൊരുവൾ കാമിച്ചു,
കാമിച്ചവനേതോ ദിക്കിൽ കായിട്ടു വിത്തുമുളച്ചു,'

ഈ വരികൾ ആശയക്കുഴപ്പം സൃഷ്ടിച്ചു. മഴപ്പൂവുകൾ കണ്ട് കാമിച്ചത് അവളാണ്. പക്ഷേ പിന്നെ പറയുന്നു, കാമിച്ചവൻ എന്ന്. പല തവണ വായിച്ചപ്പോഴാണ് അവൾ കാമിച്ചവൻ തന്നെയാണു മഴപ്പൂവുകൾ പേറിയവൻ എന്നു മനസ്സിലായത്.

അടുത്ത വരിയിലും ഇതുപോലെ പ്രശ്നമുണ്ട്.

'ഏതുമണ്ണിലേതുനാട്ടിലവൾ കാറ്റിനോടുചോദിച്ചു'

ഏതുമണ്ണിലേതുനാട്ടി,ലവൾ കാറ്റിനോടു ചോദിച്ചു എന്നാക്കിയാൽ പ്രശ്നം തീരുമോ ?
അതോ അതെനിക്കു മാത്രം തോന്നുന്ന പ്രശ്നമാണോ ?

കവിതാസ്വാദകർ സഹായിക്കുക.

Priyan Alex Rebello said...

:-) കുഴപ്പമായോ...

ajith said...

:)