11/12/13

അപ്രകാശിതപ്രകാശംമൌനത്തിന്റെ മറുകരയിൽ നീ
നെഞ്ചുതല്ലിക്കരയുന്നു കടലോളമീസത്യങ്ങളെ
അർത്ഥപൂർണ്ണമായ നുണകളെന്നുനിനയ്ക്കുവാൻ,
നീ പ്രാർത്ഥിക്കുന്നു; എഴുതാത്ത കവിതകളിലെല്ലാം
ആത്മാവിന്റെ നോവുകളാണ്,
രാവേറെയെത്തുമ്പോഴുറങ്ങാതെ നക്ഷത്രങ്ങൾ
മാനത്തിതാരാരെക്കാത്തിരിക്കുന്നൂ നിത്യം;
അങ്ങകലെ മഴപെയ്തനേരത്ത് നീനനഞ്ഞ ഓർമ്മകൾക്ക്
ഞാനിവിടെകുടപിടിക്കുന്നിതെന്റെ മനസ്സിൽ.
മുല്ലകൾ പൂക്കുന്നു സന്ധ്യയുടെ മുറ്റത്ത്
പരക്കട്ടെ നമുക്ക് നന്മകളുടെ നിലാവത്ത്
നറുംഗന്ധത്താൽ പുതിയ പ്രഭാതങ്ങൾ വിടർന്നിടട്ടെ.
കടൽജലത്തിന്റെ ജ്വലനത്തിൽ, ഹൃദയതീരങ്ങളിൽ
ഓളങ്ങളെത്രയൊഴുകിനീങ്ങുന്നു, മൌനത്താൽ
നാമെത്രദിനങ്ങൾ കൊഴിയുന്നു, പൂക്കളിലകളായ്
പിന്നെയീ തണൽമരങ്ങളുള്ള വഴികളിൽ
പ്രതീക്ഷയറ്റിരുണ്ടുപോയ ഇടനാഴികളിൽ
ആരാരെകാത്തുനിൽപ്പൂ, നൊന്തുപ്രാർത്ഥിച്ചുവെന്നോ
പ്രകാശം വന്നതെന്നാണ്,
ഈ രാവുറങ്ങാത്ത കിനാക്കളിൽമാത്രമോ?

No comments: