2/14/08

ഒഴുക്കുകള്‍

ഒരിക്കല്‍ ചുവന്ന രക്തമൊഴുകിയതില്‍
ഇന്നുശേഷിക്കുന്നതതിദുര്‍ദാഹം മാത്രമാണ്.
എന്റെ ഹൃദയത്തിനുചുവപ്പേകിയവള്‍ നീ
കൂരമ്പുകളുടെ നിഴലൊപ്പുകളില്‍
ഒഴുകിത്തുടങ്ങിയതിന്റെ നിറമേതെന്ന്
മഴപെയ്യുമ്പോള്‍ നീ തിരയുക.
തവളകളുടെ രതിനിഗ്രഹത്തിനുപിന്നാലെ
പതിയെക്കരയുന്ന വഴിവെള്ളപ്പാച്ചിലില്‍ കലങ്ങിമറിയുന്നതിന്
പേരില്ലാതായതിന്റെ പേരില്‍ ഒരു പേരിടുക;
പണ്ടു നമ്മുടെ കുഞ്ഞിനെന്ന് പറഞ്ഞ്,
പ്രണയത്തിന്റെ ഓരോ നിമിഷവും നാം പരസ്പരം
വിളിച്ചതെല്ലാം, ഓരോ നിമിഷത്തിനും പേരുണ്ടായിരുന്നതുപോലെ
ഒരുപേര് ഈയൊഴുക്കിനും വേണം.
നിഴലുകളില്‍നിന്നൊഴുകുന്നത്, മഴപെയ്യുമ്പോളറിയുന്നത്,
നിന്നോടുള്ള പ്രണയമെന്നപോലെ
നീയുറവയേകുന്ന ജീവന്‍
ജീവനറ്റ ധമനികളുടെ മഴയിരമ്പത്തിലും
കാത്തുവെക്കുക;
ഇനിയും ഞാന്‍ ഒഴുകേണ്ടവനല്ലേ.

5 comments:

Joker said...

"ഒരു പുഴപോലെ ഒഴികിയാലും..വെള്ളിലയിലെന്നപോലെ എന്തേ ഊരടയാളവും ബാക്കിയാക്കിയില്ല.....

“ഒഴുകിത്തുടങ്ങിയതിന്റെ നിറമേതെന്ന്
മഴപെയ്യുമ്പോള്‍ നീ തിരയുക.“

കൊള്ളാം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാന വരികള്‍ മനോഹരം.

sivakumar ശിവകുമാര്‍ said...

sweet verses.....congratulations....

Priyan Alex Rebello said...

joker, priya, sivakumar...thank you :-)

..::വഴിപോക്കന്‍[Vazhipokkan] said...

:)
മനോഹരം, തുടരുക