9/16/07

നന്ദി....

ജനിമ്രുതികളുടെ താരാട്ടിലേക്ക്,
നീയും ഞാനും മുത്തുളെണ്ണികോര്‍ത്ത മഞ്ചാടിമാലകാട്ടി,
വെറുതെ എന്തിന് നീയെന്നെ മടക്കിവിളിക്കുന്നു.
വയ്യിനിയുമൊരുജന്മംകൂടി പൂവുകള്‍ തെണ്ടും പൂമ്പാറ്റയാകുവാന്‍,
കാറ്റിനു കുറുകെ, സൂര്യനെ നോക്കി കുതിക്കുവാന്‍,
പിന്നെകരിഞ്ഞ ചിറകിന്റെ സുഗന്ധവും പേറി
പുഴുവായി മണ്ണില്‍ നിപതിക്കാന്‍.
മഴപൊഴിയുന്ന മാനവും കാത്ത് , കാറ്റിനൊപ്പം കഥകള്‍ കേട്ട്
ഹ്രുദയരക്തം പൊട്ടിയൊലിക്കുന്ന പടിഞ്ഞാറെ മാനത്തെ
വിരഹാര്‍ദ്രസന്ധ്യകള്‍.
ഓര്‍മ്മകളിലിന്നും മഷിപാടുമായാത്ത,
മിഴിനീരുവീണുണങ്ങിയ നമ്മുടെ ഹ്രുദയരേഖകള്‍.
മഞ്ഞച്ചു പോയതു പ്രാരാബ്ദങ്ങളുടെ നുകം വലിച്ച,
നമ്മുടെ സ്വപ്നങ്ങളുടെ നെല്‍ക്കതിര്‍കൂമ്പുകള്‍,
മോഹങ്ങളുടെ ലഹരി, വിഭ്രമത്തിന്റെ കൈത്തെറ്റ്
തൂവിപ്പോയ ആര്‍ദ്രഹ്രുദയം.
മാപ്പില്ലാത്തതെന്റെ മനസ്സിനും മനുഷ്യജന്മത്തിനും..
പിന്നെ നിന്റെ ദയ, അതെന്നും നിന്റേതു മാത്രം..
എന്റെ ആകാശത്തിനു അതിരുകള്‍ ഉണ്ടല്ലോ,
നീയൊരല്പം വൈകിപ്പോയല്ലൊ...

No comments: