9/25/24

സങ്കടകരമായെഴുതുമ്പോൾ ആരാണ് കൈകൊട്ടി താളമിടുന്നത്



പാതിയെഴുതിയിന്നലെ നിർത്തിയതിനേക്കാൾ
നോവുന്നുണ്ട്
അവളെക്കുറിച്ചുള്ള ഓർമ്മകൾ.
ജലഞരമ്പിനുള്ളിൽ
അമ്ലപ്പുക പിടയുമ്പോലെ
ഓർമ്മകളുടെ അധരങ്ങളിൽ
ഒരു സർപ്പം ഇഴഞ്ഞു നടക്കുന്നു
വിഷമിറ്റുന്നു.
അതിന്റെ നാവ് മൌനത്താൽ പിളർന്നുപോയിരിക്കുന്നു.
ഇരുട്ടിൽ അത് പ്രപഞ്ചത്തോളം
ഭയാനകമായിരിക്കുന്നു.
കനത്ത് കനത്ത് ഒരു പെരുമഴ
എങ്ങുനിന്നോ പെയ്യുന്നുണ്ട്.
ഒരു പക്ഷെ
പെയ്തുവീഴാൻ ഭൂമിയില്ലാത്തതിനാൽ
കാറ്റേ നീ കോരിക്കൊണ്ടുപോവുക-
കൊണ്ടുപോവുക……
തെരുവിലാകെ തിരക്കാണ്.
താനാണ് സുന്ദരി
എന്നുനിനച്ചൊരു പൂച്ച
മുതുകുവളച്ച് കണ്ണുചിമ്മിയിരിപ്പുണ്ട്.
നാശം, കാപ്പിപ്പൊടിയില്ല എന്നു പറഞ്ഞ്
വെള്ളം തിളയ്ക്കുന്നു;
ചൂടുവെള്ളം കോരിക്കുളിച്ചിട്ടിറങ്ങിയതാണ്
കെട്ട വിശപ്പുമായൊരുച്ചനേരത്ത്,
തെരുവിലാകെ തിരക്കാണ്.
ഇവിടെങ്ങാനും വളക്കടയുണ്ടോ
പൂച്ചയ്ക്കൊരു കളിപ്പാട്ടമുണ്ടാമോ
വെറുതേ തട്ടിക്കളിക്കാൻ
ജീവിതമേ, എന്തിനെന്നെ നീ പന്തു തട്ടുന്നു.
പഴയ ബസ് സ്റ്റാൻഡിലെ ചെരുപ്പുകുത്തി
ഒരു സുന്ദരിയുടെ ചെരുപ്പ് തയ്ക്കുന്നു-
വെയിലത്ത് നിൽക്കുമവളുടെ വിയർപ്പുതുള്ളികൾ
എന്നെ ഭ്രമിപ്പിക്കുന്നു, ഞാനുറ്റുനോക്കുന്നു.
വളാഞ്ചേരിയിൽ വെച്ച് ഇവളേ കണ്ടോ
കൊട്ടിയൂരും പറശിനിയിലും വടകരയിലും കണ്ടുവോ.
കൂടെയുണ്ടായിരുന്നവന്റെ മുഖമോ പേരോ
ഓർമ്മയില്ലല്ലോ.
ഇവൾ തന്നെ അവളെന്നോ.
അതേ ചിരി
അതേ തിടുക്കം
അതേ പരിഭ്രമം.
പൂച്ചക്കുഞ്ഞിന്
ഇപ്പോൾ
വിരസത തോന്നുന്നുണ്ടാവും.
അടച്ചിട്ട വീട്ടിൽനിന്ന്
വെന്റിലേഷൻ വഴി പുറത്തേക്ക് ചാടും-
അയൽ‌പ്പക്കത്താരെങ്കിലുമുണ്ടാവും- ആവോ!
ആവോ- പൂ‍ച്ചയിപ്പോൾ എങ്ങോട്ടാവും പോയിരിക്കുക.
ചെരുപ്പുകുത്തി ചോറുകഴിക്കാൻ പോയിരിക്കുന്നു.
അവളെ കാണുന്നില്ലല്ലോ;
റോഡിനു കുറുകേ കയറുമ്പോൾ,
എങ്ങോട്ടേക്കാണെന്ന് ഓട്ടോക്കാരൻ ചോദിക്കുന്നു.
ഞാൻ പിന്നെയും നഗരത്തിലലയുന്നു;
അവളെക്കുറിച്ചുള്ള ഓർമ്മകൾ.
ജലഞരമ്പിനുള്ളിൽ
അമ്ലപ്പുക പിടയുമ്പോലെ
ഓർമ്മകളുടെ അധരങ്ങളിൽ
ഒരു സർപ്പം ഇഴഞ്ഞു നടക്കുന്നു
വിഷമിറ്റുന്നു.
അതിന്റെ നാവ് മൌനത്താൽ പിളർന്നുപോയിരിക്കുന്നു.
ഇരുട്ടിൽ അത് പ്രപഞ്ചത്തോളം
ഭയാനകമായിരിക്കുന്നു.
കനത്ത് കനത്ത് ഒരു പെരുമഴ
എങ്ങുനിന്നോ പെയ്യുന്നുണ്ട്.

9/6/24

നിഴലിൻ വെളിച്ചത്തിൽ ജനാല പണ്ടൊരു പൂമരത്തിന്റെ ശിഖരമെന്ന ഓർമ്മയിൽ


ജാലകച്ചില്ലയില്‍നിന്നുമിതാ
ഒറ്റച്ചിറകുമായി പറന്നിറങ്ങുന്ന പക്ഷി,
കുറച്ചുപൂക്കളെ കൊക്കിലാക്കി
 ആകാശത്തേക്ക് വെമ്പുന്നു.

ഈ മുറിയുടെ ജനാലയ്ക്കെന്നപോലെ
എന്നിലാരോ വന്ന് എന്നിലൂടെയെന്തോ കാണുന്നു. 
പരിഭ്രമിക്കുന്നു,
പ്രേമമാണെന്നു വെറുതെ വിഷാദിക്കുന്നു,
എന്നെ വിട്ടുപോകുമോ എന്നു വീണ്ടും ചോദിക്കുന്നു,
മിന്നാമിന്നികൾ പോലെ രാത്രിമരങ്ങളിൽ പെട്ടുഴലുന്നു.

നിഴലുപോലെയെന്റെ ശരീരം അലിഞ്ഞുചേരുന്നു,
ഏതു വെളിച്ചത്തിലേക്കും
ഇരുളിനെന്നെ തെന്നി വീഴുന്നു.

അവളെ കാത്തൊരു മരത്തിൻ ചോട്ടിൽ എപ്പോഴും നിൽക്കുന്നു.
വെറും കണ്ണുകൾ കൊണ്ടു പരതുന്നു,

ഇരുളാണു ചുറ്റും, നമുക്ക് ഒരു മുറിയുണ്ട്,

അതിൽ കൊളുത്തിവെച്ചൊരു മെഴുകുതിരിയാണ്,

നമ്മളുരുകുന്നു, നമ്മളുരുകുന്നു
ചുറ്റും പൂക്കൾ കൊഴിഞ്ഞുവീഴുന്നു,
ചിറകേന്തിക്കൊഴിഞ്ഞതാണിന്ന് രാത്രി,
അവൾ വസന്തത്തിന്റെ ചിറകുകളാണ്,
നിഴലിൻ വെളിച്ചത്തിൽ ജനാല പണ്ടൊരു പൂമരത്തിന്റെ ശിഖരമെന്ന ഓർമ്മയിൽ
ഇരുട്ടിലേക്കുരുകുന്ന മെഴുകുപോലെ നമ്മൾ.


ഇലമുളയ്ക്കുമ്പോൾ മൌനത്തിന് ചില വാക്കുകൾ തോന്നും



എഴുതി മുഴുമിക്കാതെ
കീറിപ്പറിച്ചെറിഞ്ഞ വിവാഹക്ഷണക്കത്തിലെ
മൌനത്തിൻ നിഴലുകളിലാണ് കടൽ.

വാതിലുകൾ താഴിട്ട
ജാലകപ്പഴുതുകൾ ചേർത്തടച്ച
 പ്രണയഗേഹത്തിലെ വിരുന്നുമേശയിൽ
ഹൃദയത്തിന്റെ കോപ്പയിലെ ഒടുവിലെ വിഷത്തുള്ളിക്ക്
ഒരായുസ്സിന്റെ ദാഹമുണ്ട്;

നീ ചുംബിക്കുക-
ഉഷ്ണവും  ഉച്ചക്കാറ്റും വറ്റിയ
പുഴയുടെ ഞരമ്പിലെ അവസാനത്തെ കാലടിയിൽ
അറ്റുപോയ വേരിൽനിന്നും ഒറ്റയ്ക്കുമുളച്ചൊരില ആകാശത്തോളം.

വെറുതേ വെറുതേ വെളിച്ചത്തെ പുണർന്ന് പുണർന്ന്.

കടലിൽ മുങ്ങിയ വീടേ
തിരകളാൽ തിരമേലെഴുതും കടലിൻ നഷ്ടഭീതികളിൽ
വാക്കില്ലായ്മയുടെ മുനവച്ച മൌനത്തിൻ മരണക്കനിവിൽ
പ്രാണനിറ്റുന്ന മഴയുടെ മഷിപടരുമ്പോൾ
വാക്കുകളേ, ഒറ്റയ്ക്കല്ല ഒരിലയും അതിന്റെയാകാശവും.

ഓർമ്മകളില്ലാത്ത ഓളങ്ങളിലാണൊരു പിടച്ചിൽ



അത്രയൊന്നുമില്ലെങ്കിൽക്കൂടി
ഒരാളാഴത്തിലൊരോളം തിങ്ങിനിന്നിരുന്നു.

അത്രയും പൂഴ്ന്നൊരു തിര മെല്ലെത്തൊട്ടിരുന്നു.

ഓർമ്മയാലെഴുതിമായ്ച്ചപോലൊരുതിര
അതേ തിര ചുഴിഞ്ഞു ചുഴിഞ്ഞുപോയിരുന്നു.

ഉയിർപ്പാട്ടുകളുടെ ഉടലൊഴുക്കിലൊരു സങ്കടപ്പാട്ടുംകേട്ട്
അതേ നിലാവിന്റെ നനഞ്ഞ തോർത്തും ചുറ്റി
നീന്താനിറങ്ങിയതാണ് മീൻ കുഞ്ഞുങ്ങൾ പിറന്നപടി,
പിറന്നനാൾ മുതൽ.
കണ്ടുവോ നിങ്ങളറബിക്കടലിനെയെന്നാരാനും ചോദിച്ചാലോ
ചെറുചുണ്ടുകൾ മെല്ലെപ്പിളർത്തിനൂണ്ടിറങ്ങും
 ആഴങ്ങളിലെങ്ങോ
ഞങ്ങടെ
കിനാവുണ്ടൊരു
തിരയതിലൊളിച്ചിട്ടുണ്ട് ,

ആഴത്തിലേക്കു ചുഴിഞ്ഞതോ,
 ചെളിയിൽനിന്ന് നൂണ്ടുകൊള്ളിയാൻപ്പാച്ചിലായ്,
തലയ്ക്കുമേലേയ്ക്ക് കുതിച്ചൊരോളത്തിനു മറുതിരനൂണ്ടതോ,
പെട്ടിടാമൊരിക്കൽ,
പിടയ്ക്കാം,
ഓർമ്മകളെങ്ങോട്ടൊഴുകിയാലെന്ത്
അത്രയൊന്നുമില്ലെന്നേ
ഒരാളാഴത്തിലൊരോളം തിങ്ങിനിന്നിരുന്നു,
പിന്നെ, അത്രയും പൂഴ്ന്നൊരു തിര മെല്ലെത്തൊട്ടിരുന്നു,
അതേ തിര ചുഴിഞ്ഞുചുഴിഞ്ഞുപോയിരുന്നു,
അതേ നിലാവിൻ തുണി നനച്ചുപിഴിഞ്ഞുടുത്തിരുന്നു,
കിനാവുണ്ടൊരു തിരയിലതൊളിച്ചിട്ടുണ്ട്.

9/5/24

ഒരു മുറിയുടെ ഓർമ്മ എന്ന നിലയിൽ ജനാല തുറക്കുമ്പോൾ


| ഒരു മുറിയുടെ ഓർമ്മ എന്ന നിലയിൽ ജനാല തുറക്കുമ്പോൾ |

മുറി
ഉറക്കം വരാതെ വീട്ടിൽനിന്നിറങ്ങിനടന്നാലെന്തെന്ന് നിനച്ചു.

പക്ഷെ
ഒരു മുറിയുടെ ഓർമ്മ എന്ന നിലയിൽ ജനാലയ്ക്കറിയാം;
മുറി ജനാലയ്ക്കപ്പുറം തൂങ്ങിമരിച്ചതാണ്
പണ്ടേയ്ക്കുപണ്ടേ
ആ നിലയ്ക്ക് മുറിയുടെ ഓർമ്മപ്പുസ്തകമാണീ ജനാല.

അല്ലെങ്കിലും
പൂവില്ലാപ്പൂക്കാലമേ
മഴയില്ലാത്തിടവമേ
വെയിലില്ലാവേനലേ

പാതിവഴിമടങ്ങുമ്പോൾ

എത്ര ഓർമ്മകളാൽ ചില്ലുമൂടിയിങ്ങനെ മരവിച്ചാലും
ജനാലപ്പാളികളായിങ്ങനെ
ഒരു വാക്കിന്റെ ഇങ്ങേക്കരയിൽനിന്ന്
മറുവാക്കിന്റെ അങ്ങേക്കരയിലേക്ക്
ജലയാനങ്ങൾ പോലെ നോട്ടങ്ങൾ നീന്തുന്നുണ്ട്.
അതുകൊണ്ടു മാത്രം തുറന്നടഞ്ഞ്
കാറ്റത്ത് ചില ജനാലകൾ.