9/22/17

കഴിഞ്ഞ മഴക്കാലത്ത്‌,
രാവുറങ്ങുന്ന ഇലകളൊന്നിച്ചുണർന്നുപെയ്യുന്നു.

മഴ മഴ മഴ മരം മഴമരം.

നിന്നെയോർമ്മിക്കുന്നുണ്ട്‌
ശൂന്യമായ നിന്റെ കിടക്കയിൽ,
നിന്നോടൊപ്പമുളള പാവക്കുട്ടിയുടെ
അനാഥവും ശൂന്യവുമായ കണ്ണുകൾ.

വീടുനിറച്ചും
നീയും നിന്റെ വിരലുകളുമാണ്.

ഏതകലത്തിൽനിന്നും വന്നുതൊടുന്നു.

വരാതിരിക്കാത്ത കാറ്റുവീശുന്നു,
നനഞ്ഞനൂലുകളുളള മഴയിലൂടെ
കാറ്റിൻ വിരലുകൾ
എത്രനീണ്ടതാണേകാന്തതയുടെ വിരലുകൾ,
ഓർമ്മയുടേതും.

നിന്നെയോർമ്മിക്കുമ്പോൾ,
കഴിഞ്ഞമഴക്കാലത്ത്‌
മഴമരം.
മരത്തിനുമാത്രമൊരുമഴ.
നിന്റെ കിടക്കയിൽ,
വീടുനിറച്ചുമെത്തുന്ന നോട്ടങ്ങളുടെ
ശൂന്യമായ, വെളുത്തവട്ടക്കണ്ണുകളുളള പാവ.

No comments: