12/7/13

വരാതെവന്നവരവുകൾ

ആരോവരുന്നപോലാരോവരുന്നപോൽ
ഏതോകിനാവിൻ ജാലകങ്ങൾകടന്നാരോവരുന്നപോൽ
നിന്നെയും കാത്തുകാത്തെത്രനാൾമുൻപെയോ
ആരും പറയാതെ, ആർദ്രമേഘമായ്, ആതിരനിലാവായ്
കാറ്റും കിനാത്തൊങ്ങൽ‌പ്പൂക്കളുമറിയാതെ
നിദ്രയായ്, നീഹാരമായ്, നിശീഥിനിയിൽ നീളെനീളെ
നിരനിരയാലെത്രവേനൽമരങ്ങളാൽ
പൂത്തുവിസ്മൃതം കാലവീഥികളിൽ
ഏറെനാൾഭ്രാന്തമീ ജനലഴികൾ, കാത്തുകാത്തെത്രയോ
വരാതെയും വരാമെന്നും
പാടിയും പറഞ്ഞുമീസന്ധ്യകളിരവുകളിൽ
മഴവരാമേഘങ്ങൾ മാറിമാറി
നിനവുകൾ നിമിഷങ്ങൾ നീറിനീറി
പൊഴിയുമീരാമഞ്ഞിലാർദ്രമായി
ആരോവരുന്നപോലാരാവരുന്നപോൽ
ആരും വരാതെയീജനലഴികളിൽകാത്ത്
കാത്താരോവരുന്നപോലാരോവരുന്നപോൽ
നിമിഷങ്ങൾനിഴലുകൾനീളവേ
വരുന്നപോലാരോവരുന്നപോലാരോവരുന്നപോൽ
വാക്കിനാൽ, ചെറുവിരൽത്തുമ്പിനാൽ
വരചോദിക്കുന്നൂ വാക്കിൻ സ്വരം
വരയുടെ ശ്രുതിയേതുരാഗത്തിനാൽനീയായ്
ഇളവെയിൽ പോലെമെല്ലെജാലകങ്ങളിൽ
പതിയെസ്വയം നിറയുന്നുനമ്മിലായ്
പ്രണയമേനീപ്രപഞ്ചമാണതിൻ നിമിഷങ്ങൾ,
നേരങ്ങൾ നാം സ്വയം നാമറിയാതെ നീളുന്നു,
കാത്തിരിപ്പാണുപിന്നെയും വരുന്നതാരോവരുന്നപോൽ
തെന്നലായ്, തണുപ്പായ്, പഴയപുളകങ്ങൾ നിറഞ്ഞ
സമയമാം പുഴകളൊഴുകിയവഴികളിൽ
ഇലയസ്ഥികളലിഞ്ഞമൺപാതകളിൽ
പൂക്കാമരത്തിലെപ്പൂക്കൾസുഗന്ധമായ്
ഓർമ്മകളിൽനിന്നെത്രദൂരങ്ങളതിദ്രുതം
മഴയില്ലാമഴകൾനിറയുമ്പോൾ കൺകളിൽ,
വിങ്ങിനിറയുന്നമൌനമേ നാംതമ്മിൽ
ആരോവരുന്നപോലാരോവരുന്നപോൽ
വരുന്നപോലാരോവരുന്നപോൽ
ലോകമേ, ചിലനേരം നാം നേരത്താലല്ലാതെ
ഇരുനൂലിനാൽപോലുംബന്ധിതരല്ലാതെ
ആരാരോകൊരുത്തനാം തമ്മിൽപിന്നെയും
തിരയുന്നുതുറന്നജാലകങ്ങളിലലതല്ലും
ചിന്തയാലീമൌനങ്ങളിൽ വാക്കുകളില്ലാതെ
ശ്രുതിയില്ലാതെമൂളുന്നുപഴയപാട്ടുകൾ
കാത്തിരിക്കുവതാരെ, ആരോവരുന്നപോലെ
വീണ്ടും ആരോവന്നുവെങ്കിൽ
ആരോവരുന്നപോലെ
വന്നുവെങ്കിൽ പ്രിയതരം
ഒരുവാക്കിൻ മറുവാക്കുപോലെ
ഒരുപാട്ടിൻ മറുപാട്ടുപോലെ
ഒരുനോട്ടത്തിൻ മറുനോട്ടം പോലെ
മഴതുടരെതൊട്ടുനമ്മെനനയ്ക്കുംപോലെ
ജലത്താലും, നേർത്തതണുപ്പിനാലും
സംഗീതത്താലും, നിൻ സാമീപ്യത്താലും
ജാലകങ്ങൾ കടന്നെത്തുന്നുനീപിന്നെയും
ആരോവരുന്നപോലെത്രകാത്തിരുന്നതിനാൽ
പ്രണയത്താലേറെഭ്രാന്തമായതിനാൽ
ഒരുതിരയ്ക്കുപിന്നിൽ നാം നീങ്ങുന്നു
മറുതിരവിഴുങ്ങും മുമ്പേ
മറുനിമിഷം നമ്മെമറികടക്കും മുമ്പേ
ജന്മങ്ങൾക്കുമറുപടിമറന്നകാലമേ
കാത്തിരിപ്പാണുകാലത്തിൻ കനവിൽ
വന്നുപോവാനാരാണിതുവരുന്നതെന്നെപ്പോഴും,
വരുന്നില്ലെന്നോ, ആരോവരുന്നപോലാരോവരുന്നപോലെ
വരുന്നപോലെമാത്രം, വരാതെമാത്രം,
ആരോവരുന്നപോലെന്നതുപോലെയും
ആരോവരുന്നപോലാരോവരുന്നപോൽ….


1 comment:

REKHA PALERI said...

Aaro varunnundu akale ninne kanam pirakilayaruna rashmikal poyavaraarum madangi vannilla.puthiyavaraaro varunnathaavam ..pazhayathanenkilum puthiya thongalukal pidipicha kadhakal pinneyum kelkum......