12/2/13

മൌനത്താൽ പൂവുകൾ
നിഴൽച്ചില്ലകളിൽ പൂക്കും വിഷാദമേ
മൌനത്തിൻ മണമായ് നീ സമയസാഗരങ്ങൾകടന്ന്
ഏതേതുകാറ്റിനാൽ പേമാരിയായ് പെയ്യുന്നു
നാം നനയാമഴകളാൽ നമ്മിൽ നിറയുന്നു;
ഹൃദയമേ, നിന്റെ ലോലമന്ത്രണത്തിൽ,
വിമൂകമായ് പതിഞ്ഞതനുരാഗത്തിൻലയം
തിരകൾ തിരകൾ നാം തേടുന്ന തിരകൾ അലകളായ് മുങ്ങുന്നു.
ഗദ്ഗദത്താ‍ൽ പുകഞ്ഞനെഞ്ചിൽനിന്നും വാക്കുകൾ,
പൂക്കളാകുന്നു സർവ്വം ജാലം, വിഷാദമേ,
നിഴൽമരമായ് വളരുന്നു നീയെന്നിൽ
കടൽത്തിരകൾ ഞരമ്പിൽ,
അഗ്നിനീറുന്നു നെഞ്ചിൽ,
ശ്വാസത്തിൽ തീപ്പുക,
കാഴ്ച്ചകളുരുകുന്നു, വാക്കുകൾ ചിതറുന്നു,
കേൾവികൾ മൂടുന്നു മൌനത്താൽ,
മൌനം പോലുമാർത്തലയ്ക്കുന്നു,
നഷ്ടത്തിൻ വേദനയിൽ,
കടൽക്കാറ്റിനും, പെരുമഴയ്ക്കുമിടയിൽ
പൂക്കളുടെ മണമായ് വാക്കുകൾ
തീപ്പെട്ടുപുകയുന്നുണ്ട്
പുകയുന്നുണ്ട്, പുകയുന്നുണ്ട്.....

No comments: