11/12/07

നിന്നോട്.....

നീ മറക്കുക,
ഈ നേരവും അതിന്റെ നൊമ്പരവും,
ഞാന്‍ നിനക്കായ് കരുതിയ ഈ കരിഞ്ഞ ദലങ്ങളും.
ഇതിന്റെ മണം നിന്റെ മനസ്സിലെ,
പെയ്തൊഴിഞ്ഞ മേഘങ്ങളോടു ചോദിക്കുക,
കണ്ണില്‍ നിന്നുതോരാതെ പെയ്ത മഴയോടു യാചിക്കുക.
പിന്നെ നിഴലുകളിണചേരുന്ന കാവിലെ കൊടുംവേരുകളില്‍,
രഹസ്യമായി വായിച്ചും എഴുതിയും കദനം തീര്‍ത്ത,
മഞ്ഞച്ച പ്രണയലേഖനങ്ങള്‍ വായിക്കുക.
അതില്‍ എന്റെ ആത്മാവിന്റെ ഗസല്‍ സംഗീതമുണ്ട്.
കാറ്റുപിടിച്ച തെങ്ങോലകളില്‍ എന്റെ ആത്മാവിന്റെ പദചലനം നീ കാണുക,
നക്ഷത്രങ്ങള്‍ കൊഴിയുന്ന ഏകാന്തരാത്രികളില്‍,
ഭൂമിയിലെല്ലാം മുല്ലപ്പൂക്കള്‍ വിരിയില്ലേ.
അതിന്റെ മണം നീ മറക്കില്ലേ,
അതു പോലെ ഞാനും ഒരു മണമായിരുന്നു,
ഒരു പൂവായിരുന്നു,
ചിരിക്കുന്ന പൂവിനെ നീയിറുത്തെടുത്തു,
നിന്റെ മുടിയിഴകളില്‍ ഒളിപ്പിച്ചു.
ഇനിയും ഏറെ പൂക്കള്‍ വിരിയും,
നീ മറക്കണം , പുതിയ പൂക്കളെ ചൂടണം.
കൂടുതല്‍ സുന്ദരിയാവണം.

3 comments:

Sul | സുല്‍ said...

അവളിനിയും ചൂടാത്ത പൂക്കള്‍ ചൂടട്ടെ
ഈ വഴിയരികില്‍ ഒരു കരിഞ്ഞപൂവായ്
നീയടിയുക
അവസാനിക്കുക.

നന്നായിരിക്കുന്നു വരികള്‍!
-സുല്‍

Johny Walker said...

കഥയാണൊ കവിതയാണൊ? അതൊ ആധുനിക കവിതയാണൊ....എന്തായാലും കൊള്ളാം...

Priyan Alex Rebello said...

എങ്ങനെയുമാവാം.. ഞാന്‍ എഴുതുന്നതു ഇടനിലക്കാരനോ ഇരുത്തിച്ചിന്തയോ ഇല്ലാതെ സംവദിക്കണം എന്ന ആശ ...അത്രേ ഉള്ളൂ സുഹ്രുത്തേ...