12/18/13

പൂപോലെയഗ്നി





വിപിനാ‍ന്തർഗതമീമനമതിലൊരുദീപ്തിയെന്നിൽ
എരിഞ്ഞുവിരിഞ്ഞൊരുപൂപോലെയഗ്നി
ധ്യാനത്താലീജ്ജ്വാലപ്രണയത്താൽ,
പൂമൊട്ടുപോലൊരുവനത്തെവഹിക്കുന്നുസ്വം,
വഹ്നിധരയുദിക്കുവതെന്നോ,
ഒരുപൂവിരിഞ്ഞൊരുകാടുണരുവതെന്നോ,
നാമാശകളാൽ, പ്രതീക്ഷയാലുല്ലഭംധരണിയിൽ,
മനത്തിലുംവനത്തിലും, പൂവിനാലുമൊരുദീപത്തിൻശോഭയാലും
കാമനകൾഭ്രമത്താലും, പരിലസിതവനദീപ്തികളാലും,
ദീപമേ, എന്നിലെരിയുവതുവിടർന്നാൽ,
ജ്വലിക്കുവതുസർവ്വംസർവ്വസ്വവും,
വസന്തോത്സവം വിടരുംപൂമൊട്ടാണെന്മനം,
പ്രകാശമാണെന്മിഴിയിൽ, കനിവിനാൽകൂമ്പിയമനമതിൽ,
നനഞ്ഞുചിതറിയപൂക്കളിലകളതന്യൂനം,
സുഗന്ധക്കാറ്റിലെരിയും മനോദീപ്തി,
വനലതകളഭംഗുരം വളർന്നുന്മാദമായ്,
ജ്വലനാഭമീകാമനാവല്ലരികൾ പടർന്നുപടർന്ന്
എന്നിലേക്കുമെന്നിൽനിന്നുംജ്വലിപ്പൂ‍സ്വയമീപൂപോലെയഗ്നി….

12/16/13

തിരകൾ



അനുരാഗമിയന്നവളേ
നിൻ കരാംഗുലികളാതിലോലം
തിരകളാലെന്നെമൂടുന്നു
ആകാശമേ, ഈക്കടൽനിന്റെനയനങ്ങളതിൽ
കണ്ണീരുതുളുമ്പുന്നൂനിത്യം.
എത്രപ്രണയത്താലലിഞ്ഞാലുമെത്രമോഹത്താലുലഞ്ഞാലും
ഒഴുകുവതെങ്ങേയ്ക്കറിയാതുഴലും നാമല്ലോ
ഈക്കടൽ ഈക്കടൽ, അതിൻ കണ്ണീരും.
മഴവരുന്ന ആകാശത്തിന്റെ ചെരിവുകളിൽനിന്നെല്ലാം
ആലിംഗനത്താലാകാശമേ നിന്നംഗുലികളാൽ
നീയെന്നിലേക്കുപെയ്യുവതിൻ നിർവൃതിയാൽ
ഞാനുടൽവിറച്ചുപനിക്കുന്നൂരാപ്പകൽ
നിഴലിളകും കടൽ, നീയസ്വസ്ഥ, നിന്നിൽ
നിലാപ്പൂമണം, നിന്റെനിഴൽവല്ലികളിൽ വസന്തം
നിന്നുറക്കത്തിൽ‌പ്പോലും കിനാനൃത്തം,
മുങ്ങുന്നു ഞാൻ, നിൻപ്രണയത്തിൻ കരാംഗുലികളിൽ
തീരങ്ങളിൽനിന്നുമാഴങ്ങളിലേക്കുസ്വയം
കരയോളം കടൽവന്നുനിറയുവോളം
കിനാവിന്നലകളിൽ,കൈവിരലുകളാൽ പതിയെനീന്തിനീന്തി
ആശ്ലേഷിപ്പൂ, നീയൊരുതിര, ഞാനുമൊരുതിര
ഏതേതുതിരകളാൽ നാം കടലായ്മാറുന്നൂസ്വയം.
 

12/14/13

കടൽ‌പ്പക്ഷികൾ



നനഞ്ഞതൂവലുകളാൽ പറക്കുന്നപക്ഷീ
നിന്നിടനെഞ്ചിലെത്തീജ്ജ്വലിക്കുന്നതാരുമറിയില്ല,
ഇടിമിന്നൽമുഴക്കങ്ങളുടെ ആകാശത്തിൽ
നിന്റെ ചിറകുകളാൽ നീ പകുത്ത ശബ്ദവേഗങ്ങളെയും
നിൻ കണ്ണുകളാൽനീ കാണുമാകാശവും, പിന്നെഭൂമിയും
ഋതുക്കൾ മാറിവരും വർഷമോ, ഹേമന്തമോ, 
വസന്തമോകൊടുംശിശിരമോ കെടുംവേനലോ
നീമുങ്ങുന്നു, നിനക്കല്ലാതെയരുതാതല്ല, നിൻ തൂവലുകളാൽ
വേദനകളുടെ പുകച്ചിലിലും വിങ്ങലും
ഏറ്റുവാങ്ങാനാരുമില്ലാതെയൊന്നുമൊന്നും തനിക്കാവാതെ
പിന്നെയും പറന്നുപൊങ്ങിടുന്ന പക്ഷീ,
നിൻ നനഞ്ഞതൂവലുകളാൽ, ഈ വെയിൽത്തടാകമായ വാനിൽ
നീ നനയുന്നു നിൻ നനവും മറന്ന്,
മറവികളിൽ മുങ്ങിനനഞ്ഞുപറക്കുന്നകടൽ‌പ്പക്ഷീ
ഏതുകരകാണുമ്പോഴും കടൽതുള്ളുന്നതെന്തിനാണെന്തിനാണ്?
തീപ്പിടിച്ചനിൻഹൃദയത്തിൽനിന്നുമതിൻമൌനത്തിൽനിന്നും
നീയൊരുസ്വരംകേൾക്കുമതിൻപ്രതിധ്വനിയിൽ,
നിന്റെ ചിറകുകളിൽനിന്നുമഴപെയ്തിടുമന്നുരാവെളുക്കുവോളം
ഹൃദയത്തിൽനിന്നുതിരുന്നചാരത്തിനാൽകടൽ കലങ്ങും,
നമ്മുടെജീവിതങ്ങൾപോലെപിന്നെയും സഖീ, ആരറിഞ്ഞൂ
നാം പഴയതുപോലെയെങ്കിലും നമ്മുടെ ജീവിതങ്ങൾ അങ്ങനെയാവണമെന്നില്ല
എങ്കിലും കടൽ‌പ്പക്ഷീ, നീ നനഞ്ഞചിറകുമായ് പറക്കുവതെന്തേ,
മഴപെയ്തുകലങ്ങുന്നകടലിൻസ്തോഭത്താൽ,
ആരാ‍രോപ്രണയത്താൽകടൽ പോലെഭ്രമിക്കുന്നു,
തൂവലുകൾനനഞ്ഞുമുങ്ങുന്നു
കടൽ‌പ്പക്ഷി, നീപിന്നെയും പറക്കുന്നു.

12/9/13

കടൽഭ്രമം



ആഴിയിൽനിന്നുമനന്തതയിലേക്ക്
തീനാളങ്ങളാൽ ജ്വലിക്കുന്നവനേ
എന്റെ നെറുകയിൽനീനട്ടനാളത്താൽ
നിഴലുകൾവീണ കടൽ കിടന്നുപുളയുന്നുണ്ട്.
എന്നിൽനിറയും ഓർമ്മകളുടെ അനന്തശയനത്തിൽ
നിറയുന്നനീയാണെന്നിൽ‌പ്പിടയുന്നതും
എന്നിലുണരുന്നതും അഴലിൽ ആഴിയാവുന്നതും……
പ്രാണന്റെ നാളങ്ങൾജ്വലിക്കുമീനിമിഷത്തിന്നഗാധമൌനത്തിൽ
ഹൃദയത്തിൽനിറയുന്നപ്രണയത്താലുയിർകൊള്ളുന്നു,
അസ്തമനത്തിലുദിക്കുന്ന സൂര്യനെന്നവിഭ്രമം
പകൽക്കിളികൾപ്പറന്നവെയിൽവിതാനങ്ങളിൽ
ഹൃദയവേഗങ്ങളിൽ, കിനാനടത്തങ്ങളിൽ, സ്വയമങ്ങനെതമസ്സിന്നാഴങ്ങളിൽ
നിഴലുകളെയെരിച്ചുജ്ജ്വലിപ്പിച്ചകടൽജലം
മഴകൾക്കുവിത്തെറിഞ്ഞു, മുളച്ചതില്ല,
അവ മഞ്ഞുകാലത്തിനെ ഗർഭത്തിൽ‌പ്പേറി
പറയാനോവുകളുടെ പകലേ
അഴലിൻ നിഴൽനിറഞ്ഞരാവേ,
കിനാക്കനലുകൾപിന്നെയും
ആഴിയിൽനിന്നുമനന്തതയിലേക്ക്
സൂര്യനെന്നവിഭ്രമം
ഭ്രമങ്ങൾ പരിവർത്തിതഭ്രമങ്ങൾ
ഈ നിമിഷവും, അതിൻ നോവും
ഏകാന്തവിലാപത്താൽനിറയുന്നതും
ഒഴിയുന്നതും അതിൻ പേര്
കടൽ കടൽ കടൽ
കടൽഭ്രമം കടൽഭ്രമം
പകൽമുങ്ങുന്നകടൽ
കടൽ കടൽ കടൽ
രാക്കടലിളകുന്നഭ്രമം
ഭ്രമം കടൽഭ്രമം
ആഴിയിൽനിന്നുമനന്തതയിൽഭ്രമം
തീനാളങ്ങളിൽജ്വലനഭ്രമം
നെറുകയിൽനീയെന്നഭ്രമം
നിഴലിൽകടൽഭ്രമം
നിന്നിൽഞാനെന്നഭ്രമം
എന്നിൽ അഴൽഭ്രമം
ആഴിയിൽമൌനത്തിൻഭ്രമം
അതിൽ അലകൾതൻഭ്രമം
അലകളിൽ, നിഴലുകളിൽ, അഴലിൽ
നിന്നിലുമെന്നിലും
നമ്മുടെപ്രണയത്തിൽ
ഈജീവനിലേറ്റവും
കടൽഭ്രമം കടൽഭ്രമം