4/29/11



ഓര്‍മ്മകള്‍ക്കൊഴുകും പുഴ പോലെയെത്ര കൈവഴികള്‍,
വിരലുകള്‍, ആയിരം ഭാവങ്ങള്‍, ചലനങ്ങള്‍.
പച്ചിലക്കാനനങ്ങള്‍ ഞരമ്പുകളിലാര്‍ദ്രമായ്
കിനാവിന്‍ ശിലാദ്രവമായ് കാത്തുവെച്ചൊരീ,
ജീവന്റെ പൂക്കാപാഴ്ക്കിനാക്കള്‍, വേദനകള്‍;
പൂവെങ്കില്‍ മണമില്ലാതെ, മധുവില്ലാതെ, പ്രണയമില്ലാതെയില്ല പക്ഷെ
എത്ര പേരെ ഒരേ സമയം ഒരാള്‍ക്കുപ്രണയിക്കാം,
അവരിലാര്‍ക്ക് ജീവിതം നല്‍കാം,
സമസ്യയല്ല, കേവലം സന്ദേഹവുമല്ല,
നെഞ്ചില്‍ പൂക്കാത്ത നെല്ലിമരക്കൊമ്പുകളില്‍
പഴയ കിനാക്കളുടെ കയ്പും മധുരവും,
പിന്‍നടത്തത്തില്‍, പുഴ കുത്തൊഴുകിയെല്ലാം മറക്കുമ്പോള്‍
ഒന്നുമറിയാത്തതായ് കേവലത്വം ഭാവിക്കുമ്പോള്‍,
പുതിയ നിറങ്ങളും, പരാഗവും, മധുവും നിറയ്ക്കുമ്പോള്‍
ചോദിക്കുന്നില്ല, ഒന്നുമറിയാത്തതായ് ഭാവിക്കുന്നുമില്ല.
ഒഴുകുമ്പോഴെല്ലാം നീ പുഴയെന്നറിയുന്നു,
തളിര്‍ക്കുമ്പോഴെല്ലാം നീ വസന്തമെന്ന് മോഹിക്കുന്നു
പണ്ടില്ലാത്തതായ്, പുതുതായൊന്നുമില്ലെങ്കിലും
പണ്ടേക്കുപണ്ടേ നാം അന്യരെങ്കിലും
എന്റെ ഹൃദയത്തിലൊരു വാടിയ റോസാപ്പൂവുണ്ട്,
പണ്ടേ സൂക്ഷിക്കുന്നതാണ് ഒരു മിനുക്കപേപ്പറില്‍,
ചില പഴയ വാക്കുകളെഴുതിയ മഞ്ഞച്ചുപോയ ഒരു കടലാസിനൊപ്പം.
അതിവൃഷ്ടികളിലൊച്ചുപോവാതെ, കാത്തിരിപ്പുണ്ട്
ഓര്‍മ്മക്കനപ്പുകളുടെ വേനല്‍ച്ചൂടില്‍
ഞരമ്പുകളില്‍ മെര്‍ക്കുറി തിളയ്ക്കുന്ന പനിക്കിടക്കയില്‍
ആശുപത്രിജനാലയുടെ പച്ചനിറത്തിലെ തിരശ്ശീലയ്ക്കപ്പുറം
പുഴയൊഴുകുന്നതു കാണുമ്പോഴൊക്കെയും
കാത്തുനില്‍ക്കാത്ത ജീവിതത്തെയും
വെളിപ്പെടുത്താത്ത പ്രണയത്തെയും
വരണ്ട അസ്ഥികളില്‍ പൂക്കാലം സൂക്ഷിക്കുന്ന മരുഭൂമിയെയും
പിന്നെ എന്നെയും നിന്നെയും
ഞാനോര്‍ക്കുന്നുണ്ട്,
ഒഴുകിപ്പോയ പുഴയെ ഞാന്‍ ഓര്‍ക്കുന്നുണ്ട്
വഴുക്കലുള്ള പാറകളെ ഞാനോര്‍ക്കുന്നുണ്ട്,
കാലിടറിയപ്പോള്‍ താങ്ങിയ ചുമലുകളിപ്പോള്‍
ഒരു തലയിണത്താങ്ങില്‍ വിശ്രമിക്കുന്നുണ്ട്,
നമ്മുടെ പുഴ പിന്നെയും ഈ ജനാലയ്ക്കപ്പുറം
മരവിപ്പിക്കുന്ന തണുപ്പോടെയും, യുവത്വത്തിന്റെ തിളപ്പോടെയും
ഒഴുകിപ്പോവുന്നു, ഒഴുകിപ്പോവുന്നു.

4/28/11

അഞ്ജാതന്‍




ആരോ വന്നുനില്‍ക്കുന്നുണ്ട്
ജനാലയ്ക്കരികില്‍.
വെള്ളം ചോദിക്കുന്നു.
കട്ടിലില്‍ നിന്നെഴുന്നേറ്റു ചെല്ലുമ്പോഴേക്കും
ആരെയും കാണാനില്ല.
വാതിലില്‍ മുട്ടുന്നുണ്ട്,
മഴയല്ല, കാറ്റല്ല.
അങ്ങകലെ ടോര്‍ച്ചുമായി ആരും വരുന്നതല്ല,
മിന്നാമിനുങ്ങല്ല, മിന്നലൊളിയല്ല.
പാടുന്നുവോ? അതോ പഴയ പ്രാര്‍ത്ഥനകളുരുവിടുന്നുവോ?
ഇല്ല, ചീവിടും നത്തും വവ്വാലുമെല്ലാം ഇവിടം വിട്ടുപോയിരിക്കുന്നു.
ആരോ വന്നിട്ടുണ്ട്,
ജനാലത്തിരശ്ശീലയനങ്ങുന്നുണ്ട്
തണുത്ത വിരലുകളാല്‍ കൈപിടിക്കുന്നുണ്ട്
തലോടുന്നുണ്ട്, കണ്ണീരാല്‍ നനയ്ക്കുന്നുണ്ട്,
ഒരുവട്ടം പറയൂ, നിങ്ങളാരാണെന്ന്,
എന്തുവേണമെന്നു പറയണ്ട.
വേണ്ടതെന്താണെന്നെനിക്കറിയാം,
പൂക്കള്‍ക്കും, ഇലകള്‍ക്കും, സര്‍വ്വ ജീവികള്‍ക്കുമറിയാം.
പക്ഷെ ആരോ വന്നിട്ടുണ്ട്.

4/26/11

മൌനം ഭയാനകം...




കാറ്റൊന്നും പറഞ്ഞതില്ല
കാനനമൊന്നുമറിഞ്ഞതുമില്ല
ഭയാനകം ഇരുള്‍മൂടിയ രാവുകള്‍.
മഴകള്‍ക്കും, ഇരമ്പും തിരകള്‍ക്കുമപ്പുറം
മനസ്സിന്‍ മരവിച്ച മരവാതിലുകള്‍,
കനത്ത താഴിനുള്ളില്‍ മരിച്ച ഇരുമ്പുജന്മം.
അല്പനേരം,
സ്വസ്ഥതയ്ക്കായി
ഒന്നു മിണ്ടാതിരുന്നതെങ്കിലും
പതിയെ കാര്‍ന്നുതിന്നുന്നൊരീ
മൌനം ഭയാനകം.

കിനാക്കള്‍, പതിയെ ചിറകുകള്‍ നീര്‍ത്തി
നനയാതെ, കൊടുങ്കാറ്റില്‍ തകരാതെ
വന്നിരുന്നെങ്കില്‍
മനസ്സില്‍ വിരുന്നൂട്ടി,
വിടരാമുല്ലകള്‍തന്‍മണം നല്‍കി
വനവല്ലികളില്‍ പടരും പൂക്കളായ്
ബോധ്യമീമനസ്സിലുറപ്പുള്ള സത്യങ്ങള്‍
ഒരുനേരം വിസ്മരിക്കാം,
പിന്നെ അല്പം വിഭ്രമിക്കാം,
കിനാക്കളേ,
നിങ്ങള്‍ അകലം വെടിയൂ.

ചെറിയ സ്വരങ്ങള്‍
സംഗീതം പോലെ
പിന്നെ ഓര്‍മ്മകളിലെങ്കിലും
വെറുതെ ആശിക്കുവാന്‍,
കേട്ടിരുന്നെങ്കിലൊരുസ്വരം
പഴയൊരു ഒ എന്‍ വി ക്കവിത മൂളുവാന്‍
‘ഒരു വേനലിന്‍ വെയിലാറിടുമ്പോള്‍
മനസ്സിലൊരു പൂ വിരിയുന്നു
പേരറിയില്ല’
പേരുണ്ട് പക്ഷെ,
പൂ വിരിഞ്ഞില്ല.

4/21/11




മഴ തുടരുന്നു.
പുര തുറന്ന്, വേലി കടന്ന്
ചേമ്പിലക്കുടകളില്‍ തെറിച്ച്
പുഴയ്ക്കു കുറുകേ, കാറ്റിനെയുലച്ച്
സ്വപ്നത്തിന് വെള്ളിനൂല്‍കെട്ടി
ജീവിതത്തിന്റെ ഒറ്റശ്വാസത്തിലേക്ക്
അവസാനത്തെ തുള്ളിവീഴും മുമ്പേ
മഴ തുടരുകയാണ്, തുടരുകയാണ്.
നീയും ഞാനും, നമ്മുടെ നിനവുകള്‍ക്കുമകലെ,
നിന്റെ കണ്ണിമയിലെ നനവും
കരിമേഘമുരുകും പ്രാര്‍ത്ഥനകള്‍ക്കുമപ്പുറം
കടല്‍ ചെറിയ കക്കകളില്‍ ഒളിപ്പിച്ചിട്ടുണ്ട്
ഒരു തുള്ളി നമ്മുടെ ജീവിതങ്ങള്‍ക്കായി.
പുഴ കടന്ന്, മലകള്‍ക്ക് മീതേ, മരങ്ങളും, ഇലകളും, വള്ളികളും,
പടരും കാറ്റിന്‍ കൈ പിടിച്ചും,
ജീവിതം തിരികെ വരുന്നുണ്ട്
മഴ വരുന്നുണ്ട്
മഴ തുടരുന്നുണ്ട്.