11/29/13

കടലിലെ മഴകൾ



ഒരുനിമിഷത്തിനാൽ,
കേവലമൊരുനോട്ടത്തിനാൽ
മാഞ്ഞുപോകും പ്രഭാതമേ നിന്റെ നനവുകൾ
പ്രണയത്തിൽ നിന്റെ ശ്രുതികളിൽ, മാറ്റൊലികൾ
മലകൾക്കുകുറുകേ മേഘങ്ങളിലലിഞ്ഞ്
മഞ്ഞുപോലെ മരങ്ങളെത്തൊട്ട്
ഉച്ചവെയിലിനാൽ നീ,
എന്നിലേക്കെത്രവിരലുകളാൽ നീട്ടിത്തൊടുന്നു
അസ്പർശ്യസ്പർശത്താൽ,
മനസ്സിനാൽ,
നോവും കിനാവിനാൽ,
നിഴലുകളായ് കരിഞ്ഞുകരിഞ്ഞുനീറി
പിന്നെയും മറക്കാതെ പ്രണയത്താൽമാത്രമതിൻ
സത്യത്താൽ മാത്രം വെറുതെവെറുതെ ഭ്രമിച്ചുഭ്രമിച്ച്
മലകളിൽ നിന്നുതാഴ്വാരങ്ങളിലേക്ക്
മഞ്ഞുമേഘങ്ങളേ, നീന്തുക, കടലിലേക്ക്
കിനാവിനാൽഭ്രമിച്ചുപെയ്യുന്നു
ഉപ്പുനിറഞ്ഞ മഴയിവിടെ,
കടൽജീവികൾ നമുക്ക്, കടൽജീവികൾ നമുക്ക്…

11/18/13







ഉറക്കത്തിൻ കുപ്പായത്തിൽ
ജീവിതം പൂഴ്ന്നുകിടപ്പുണ്ട്,
മരണത്തെയും കിനാവുകണ്ട്.
കണ്ണാടിജീവിതങ്ങൾചുറ്റിലും
ഓരോ ചിന്തയിലും
ഓരോ പൂവിലും
ഓരോ വാക്കിലും
ആഴങ്ങളിലാഴങ്ങളിൽനിന്നും
ആണ്ടും പൂണ്ടും നീരുന്നവനേ
ഇല്ല, എനിക്കാവില്ല
ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിൽ
പ്രണയത്താലല്ലാതെ വെറുതേ ജീവിക്കുവാൻ.

11/13/13

രാനിമിഷങ്ങളിലോരോനിമിഷങ്ങൾ



തോഴീ നിൻ നിശ്വാസങ്ങളുടെ കനൽച്ചൂടിൽ
ജീവനിൽ വീണമഴത്തുള്ളികൾപെയ്തതാർദ്രമായ്
എത്രനോവുകൾക്കുമേലിറ്റുന്നു മെല്ലെ മെല്ലെ.
പ്രണയത്താലതിന്നാദ്യലഹരിയാൽ,
നിലാവിനാൽ നെയ്ത കുപ്പായങ്ങളണിഞ്ഞുനാം
നിമിഷങ്ങളാം ശലഭങ്ങളെ തിരഞ്ഞുതിരഞ്ഞ്
തോഴീ നീയറിയാതെ ഞാനുരുകും ജലമായ് നീരാവിയായ്
നിൻ ശ്വാസത്താൽ നേർത്തുപോവുന്നു
അകലേയ്ക്കെങ്ങോപോയ്മറഞ്ഞതോ
നോവിൻ നിലാമഴകളാൽനനഞ്ഞതോ
ഒരുവിങ്ങലാൽ മനസ്സിൻ തേങ്ങലാൽ എത്രനേരമൊടുങ്ങുയിതോ,
നിൻ നീഹാരത്താൽ നീ പെയ്ത രാപ്പൂവിൻ മിഴിയിൽ,
ചുംബനങ്ങളാൽ ചുവന്നുചുവന്നു, ആലിംഗനത്താൽ മുറുകി മുറുകി
പ്രണയത്താലേറ്റം തീവ്രമതിലോലമായ് ചിന്തയാലെരിഞ്ഞ്
രാവിലുദിച്ചു ചിതയിൽനിന്നുണർന്ന ശലഭങ്ങൾ;
എത്രനിമിഷങ്ങൾ ബാക്കിയാണെന്നു ചോദിക്കുവതീരാവിൽ
ഉത്തരമേതെന്നറിയാതെ ചോദ്യങ്ങൾ ചോദ്യങ്ങൾ മാത്രം
ഉരുകുന്നൂ നിൻ നിശ്വാസത്താൽ ആർദ്രമായ് ഈ നോവുകളിൽ
ചോരയിറ്റുന്നൂ വിങ്ങലായ് പെയ്യുന്നു,
ആദ്യത്തെമഴ പനിക്കുന്നു
മദഗന്ധത്താലുന്മാദമിയറ്റുന്നു.

11/12/13

അപ്രകാശിതപ്രകാശം



മൌനത്തിന്റെ മറുകരയിൽ നീ
നെഞ്ചുതല്ലിക്കരയുന്നു കടലോളമീസത്യങ്ങളെ
അർത്ഥപൂർണ്ണമായ നുണകളെന്നുനിനയ്ക്കുവാൻ,
നീ പ്രാർത്ഥിക്കുന്നു; എഴുതാത്ത കവിതകളിലെല്ലാം
ആത്മാവിന്റെ നോവുകളാണ്,
രാവേറെയെത്തുമ്പോഴുറങ്ങാതെ നക്ഷത്രങ്ങൾ
മാനത്തിതാരാരെക്കാത്തിരിക്കുന്നൂ നിത്യം;
അങ്ങകലെ മഴപെയ്തനേരത്ത് നീനനഞ്ഞ ഓർമ്മകൾക്ക്
ഞാനിവിടെകുടപിടിക്കുന്നിതെന്റെ മനസ്സിൽ.
മുല്ലകൾ പൂക്കുന്നു സന്ധ്യയുടെ മുറ്റത്ത്
പരക്കട്ടെ നമുക്ക് നന്മകളുടെ നിലാവത്ത്
നറുംഗന്ധത്താൽ പുതിയ പ്രഭാതങ്ങൾ വിടർന്നിടട്ടെ.
കടൽജലത്തിന്റെ ജ്വലനത്തിൽ, ഹൃദയതീരങ്ങളിൽ
ഓളങ്ങളെത്രയൊഴുകിനീങ്ങുന്നു, മൌനത്താൽ
നാമെത്രദിനങ്ങൾ കൊഴിയുന്നു, പൂക്കളിലകളായ്
പിന്നെയീ തണൽമരങ്ങളുള്ള വഴികളിൽ
പ്രതീക്ഷയറ്റിരുണ്ടുപോയ ഇടനാഴികളിൽ
ആരാരെകാത്തുനിൽപ്പൂ, നൊന്തുപ്രാർത്ഥിച്ചുവെന്നോ
പ്രകാശം വന്നതെന്നാണ്,
ഈ രാവുറങ്ങാത്ത കിനാക്കളിൽമാത്രമോ?

11/9/13

വിരഹത്തിൻ ഭാഷയ്ക്ക് പ്രണയമാണ് വ്യാകരണം



നിന്റെ ഭാഷ ഞാനറിയുന്നതല്ല
നിന്റെ വിചാരങ്ങളും വിഹ്വലതകളും,
കേവലം കിനാനടത്തങ്ങളും,
മലമുകളിൽ മഴപെയ്യുമ്പോൾ താഴ്വാരം തണുപ്പിലാഴുന്നതും,
അറിയില്ലെനിക്കറിയില്ല പക്ഷെ,
നിന്റെ വിരഹം ഞാനറിയുന്നൂ;
പ്രണയത്താലേറ്റം ഉന്മാദത്താൽ കടൽജലം പോലെ
അരികെയെന്നാലകലെയങ്ങകലെയാകാശം,
മേഘത്താൽ കോട്ടതീർത്തുനിലാവിനെയൊളിപ്പിച്ചു,
പൂക്കളാൽ, വിടർന്നു നമ്മിലനുരാഗമായ്,
ഇരുളിൽ ചെറുമീനുകളായ് നാം അലകളിൽ
നീന്തുവതെന്തേ, പിന്നെയും കരകൾ തേടി,
ദിഗന്തങ്ങളിൽ പുലരികാണാതെയിരുണ്ടുപോയ-
ഒരുതമസ്സിൻ തമോഗർത്തത്തിൽ,
നിന്നെ പ്രണയിക്കുവതിൽ
മൌനത്താൽ, ഈ രാവിരുട്ടിൽ
ചെറുദീപങ്ങൾ പോലെ മിന്നുന്നുണ്ട്,
നാം കടലിന്നലകളിൽ
കരളിലോളങ്ങൾ നിറയുമ്പോൾ
അറിയാഭാഷകളിലൊരുവാക്കുപോലുമരുതാതെ,
വികാരത്താൽമാത്രം വിദൂരങ്ങളിൽനിന്ന്
വിരലുകൊണ്ടുതൊടുന്നു കടലിൻ കൈകളെ
തിരകളാൽ മൂടുന്നു നമ്മിലെയോർമ്മകളെ
നിന്റെ വിരഹത്തെമാത്രമെന്നിലറിവൂ.
കടൽപറയും കിനാക്കളിലെല്ലാം
കരൾനിറയുവോളം കടൽ,
സുനാമികൾ പിറക്കുന്ന ഹൃദയമേ
നാം തമ്മിലെന്ത്, ഈ പ്രണയത്തിൻ
വാക്കില്ലാവിസ്മയത്തിൽ, വർണ്ണജാലത്തിൽ
മാനത്തേക്കുവളഞ്ഞുപോയ മഴവില്ലാണുഞാൻ
വിരലുകൊണ്ടുതൊടൂ മെല്ലെ,
കടലിൻ മറുകരയിൽ നീ.

പൂവിരിഞ്ഞകാലമരുതാത്തകാലം



ഒരുപൂവുവിരിഞ്ഞപോലെ
മദമോഹങ്ങൾക്കിനാവിൻ നിലാപ്പരപ്പിൽ
പിന്നെയേതോ സ്വരത്തിനാലതിൻവിരഹത്താൽ
നീറുമുൾത്തുടിപ്പുകളിൽ ചോരകിനിയുമ്പോൾ
പാവം ഹൃദയമേ, കടലെങ്ങനെ ശാന്തമാവേണ്ടൂ.
അറിയാതതിദൂരത്താൽ ഒരുവിരൽശലഭത്താലതിലോലമായ്
മെല്ലെ മെല്ലെ ചെറുസ്പർശമരുതാതെ,
കാറ്റിനാൽ നറുംഗന്ധത്തിനാൽ നിറത്തിനാൽ,
കിനാവിൻനൂലുകളാൽ കാനനസ്മൃതികളാൽ,
സ്വയം നഷ്ടമായങ്ങനെ
കാത്തുകാത്തെത്രനേരമീ പകലിരവുകളിൽ,
രാവുറക്കങ്ങളിൽ ഹിമപാതങ്ങളിൽ
മഴകാത്തേറെവെയിലേറ്റു
കടൽ പോലെത്രക്ഷുഭിതമായ് കാലം.
കാറ്റുപോലെല്ലാംനഷ്ടമായ് പായുന്നു,
കടൽപോലേതോ വ്യഥയാൽ തിരയുന്നു,
വെയിൽപോലെല്ലാം ഉരുകിവീഴുന്നുനിഴലായ്,
മറയാതെമഴയായ് നനഞ്ഞുതിരുന്നു,
പൂവേ നീ വിരിഞ്ഞിടത്തുമണമായ്, നിറമായ്,
പൂവ് മാത്രമാവാത്തതെന്തേ,
ശലഭവിരലാൽ തൊടാത്തതെന്തേ,
ഒരുപൂവ് വിരിഞ്ഞപോലെ പാവം ഹൃദയമേ,
നീ ചോരകിനിഞ്ഞുവാടുന്നതെന്തേ,
എല്ലാം കടലുപോലെ ഒഴുകിമായുന്നതെന്തേ
ശബ്ദങ്ങൾപോലെ സ്വയം അലിയുന്നതെന്തേ,
രാവിന്നിരുട്ടിൽ ആരുമറിയാതെപൊലിയുന്നതെന്തേ,
ഏറെനിറമാർന്ന കിനാക്കളേ, കാണാദൂരങ്ങളേ
ഈ മൊട്ടുകൾക്കുവിരിയാനെന്തേ
കാലമരുതാത്തകാലം മാത്രം കാത്തുവച്ചതെന്തേ,
ഒരു പകൽ പൊഴിയുമ്പോഴും,
ഒരുരാവിരുട്ടുമ്പോഴും,
ഒരുവെയിൽ പരന്നിടുമ്പോഴും,
മഴപെയ്തൊഴിയുമ്പോഴും,
പ്രണയത്താലീപ്പൂവു വിരിഞ്ഞകാലത്തിനുമാത്രം
മുറിപ്പാടുനൽകിനീ വ്യഥിതലോകമേ
മാപ്പുതരൂ, മാപ്പുതരൂ
കടലുപോലെ പിന്നെയും തിരികെവരാതിരിക്കൂ.

11/7/13

സഫലമാകട്ടെ സർവ്വം



ധനുസ്സുന്നം കുതിക്കുമിടത്തേക്ക് ദ്യുതിയുദിക്കുന്നു നിത്യം
ഉരുകിവീഴും കേവലഹിമധാര ഉഷസ്സിന്നീറനാം തീനാളത്താൽ,
നിർമ്മലം ഈ നോവെഴും പിറവികളുരുകിവീഴുമീ ഇലത്താരകളെ
ആരാണുമായ്ച്ചതാരാണുവറ്റിച്ചതെൻ രാവിൻ കിനാക്കിണ്ണത്തിലെ പാൽനിലാവിനെ
എത്രവിരുദ്ധമാണീ ലോകത്തിൽ സർവ്വവും സഞ്ചിതം പ്രണയത്താൽ
മൂർത്തമീ തുടിപ്പുകൾ കളകൂജനങ്ങൾ സർവ്വം പ്രിയതരം
മൌനമേ നിൻ സംഗീതത്തിന്നകമ്പടി അറിയാഭാഷകളിൽ പ്രകൃതിപാടുമ്പോൾ
രാവുറങ്ങാത്ത സ്വപ്നങ്ങളേ നിങ്ങൾ മോഹിപ്പിച്ചെത്രകടലുപോലെ കണ്ണീരിനാൽ
മഴപോൽ ആർദ്രമായീ ജന്മങ്ങളെപ്പിന്നെയും മോഹിപ്പിച്ചൂ പൂവിടാൻ വസന്തങ്ങൾക്കായ്
ഇല്ല സങ്കല്പങ്ങൾക്കതിരില്ലാലോകത്തിൽ കേവലമായ് സ്പർശിക്കാൻ-
കൂടെയുണ്ടെന്നുമെല്ലെമിണ്ടാൻ മൌനമേ നീ നിറയുന്നിതെപ്പോഴും
ഭാഷയില്ലാഭാഷകളിൽനീ, ഈണമില്ലാത്തീണമായ് നീ ശ്രുതിചേരുന്നു മനസ്സാകെ
നിനക്കായ് നിറയുന്നു ദ്യുതിയായ് രാവിറങ്ങിപ്പോയ കടൽക്കരയിൽ
കാലത്തിനാലെത്രതിരകളാൽ തൊട്ടുതൊട്ടു മിഴികളാലെത്രമുത്തങ്ങൾനൽകി
മേഘങ്ങളോളം, തുടിക്കുമീ തിരകളോളം മഴകാത്തു വെയിലേറ്റു മണല്പരപ്പോളം-
നടന്നുനടന്നു കാതങ്ങൾ, ഹൃദയവേഗങ്ങൾ ഈ പ്രണയത്തിനാൽ കടൽക്കാറ്റുപോലെ
അലഞ്ഞലഞ്ഞുചേരുന്നിടത്ത് മഴപെയ്യുന്നെങ്കിൽ എന്റെ കാത്തിരിപ്പിന്റെ കണ്ണീരാണത്
കണ്ണീരാണ്, നീ കണ്ണോടുചേർക്കുക, നിന്നിൽ നിറയ്ക്കുക , സഫലമാകട്ടെ സർവ്വം.



11/5/13

ഒരുനാൾവരും



ഒരുനാൾവരും ധരിണിയിലീ ശരിതരമാമേറ്റം ചിന്തിതജനുസുപോലും,
പ്രണയത്താൽ പ്രതീക്ഷയേറ്റി ആർത്തുകരഞ്ഞൊടുങ്ങാനും,
നേരിടാനും പൊരുതുവാനുമുറച്ചു വലിച്ചെറിഞ്ഞുതിരികെപ്പോന്നവർക്കും,
ഒടുക്കം കുറിക്കുമവർക്കൊരുനാൾ വരും,
ഒരുനാൾവരുമവർ കാണ്മതു ഭീതിദമെന്നുനിനച്ചിടുന്നവർ,
കേൾപ്പതന്യമെങ്കിലും അനന്യം കാതരമെന്നു കരുതുന്നവർ,
കണ്ണാടി ഉടച്ചെറിയുന്നവർ, ദൂതന്മാരെ വധിക്കുന്നവർ,
മുഖങ്ങളിൽ നിന്ന് മുഖം മായ്ക്കുന്നവർ,
വാക്കുകൾക്ക് അക്ഷരമരുതാത്തവർ,
ഭാഷയ്ക്ക് വ്യാകരണം നിഷേധിക്കുന്നവർ,
എല്ലാവർക്കും ദുരന്തത്തിലേക്ക് സ്വാഗതം,
കരച്ചിലിന്റെയും, പ്രതീക്ഷയുടെയും, പ്രേമത്തിന്റെയും ,
നമുക്ക് ബന്ധുക്കളായ എല്ലാ അഗതികളുടെയും ഭാഷയേ,
നിന്റെ മൌനങ്ങളറിയാൻ, നഷ്ടപ്രപഞ്ചങ്ങളെ കാണാൻ,
ഈ ലോകത്ത് കരഞ്ഞുടഞ്ഞുപോയി, ഉടച്ചുകളഞ്ഞു, എല്ലാ കണ്ണാടികളും.

11/4/13

വിളക്കേന്തുന്നവന്റെ വിലാപം



വിളക്കേന്തുന്നവനേ, നീ ആൾക്കൂട്ടത്തിൽ തനിയേ
സ്തുതിഗീതങ്ങളും വിലാപപ്രാർത്ഥനകളും ശ്രവിച്ച്,
വെറുംകൈയ്യോടെ തിരികെനടന്നനേകനേരങ്ങളിലൊന്നിലേകം,
നീ പ്രതികരിക്കുക ഒച്ചവെച്ചുനിന്നെശ്രവിക്കാത്ത സമൂഹത്തോട്,
കടൽത്തിരകൾപ്പോലെയലറുക കാമത്തിൻ ജീവിതോന്മാദത്താൽ,
ഇരയാകേണ്ടകിളി നീ, കെണി സന്ദർശിക്കുക, അല്ലെങ്കിൽ വെടിയുണ്ടയെകാംക്ഷിക്കുക,
ഓർമ്മകളുടെ തേരേറി ശരവേഗത്തിലിരുട്ടിലൂടെ,
തിരികെ നടന്നാൽ വിശപ്പായ് നീയുതിർന്നേക്കാം,
പക്ഷെ നീ മാത്രം നടക്കുന്നു, വെളിച്ചത്താലുതിരുന്നു സ്വയം ,
നീയാണുവഴി, നീയകറ്റുന്നു അഴലിൻ തമസ്സിനെ;
നിന്നെ തമസ്സുമാത്രം പിന്തുടരുന്നു പക്ഷെ

11/1/13

തോന്നിപോലീജിവിതം കിനാവിനാൽ ദുർബലം



രാവിരുട്ടിനുകനമേറും നേരം
ഒറ്റയ്ക്കിരുന്നൊരുപാടുനേരം
പറയാനുണ്ടേറെയെന്നോർത്തനേരം
ചുടുനിശ്വാസമർദ്ധോക്തിയൂർദ്ധമായുമ്മകളിൽ,
കണ്ണീരിനാലേറെദീപങ്ങൾതെളിച്ചിരുളിൽ.
രാവിരുട്ടിനുകനമേറും നേരം
ഒറ്റയ്ക്കിരുന്നൊരുപാടുനേരം
ആരോപാടുന്നുവെന്നുതോന്നി
ആരാരോകാത്തിരിപ്പെന്നും തോന്നി
ഇല്ലമൊട്ടില്ലാപ്പൂക്കളില്ലാപൂക്കൾ വിടർന്നൂ
ഇല്ലസൌരഭ്യത്താൽനിറഞ്ഞില്ലാനിലാവുലഞ്ഞുവെന്നും
പിന്നെ പുഴപതിയെചാരത്തായ്
ചന്ദ്രനെത്തഴുകിനിന്നഴകായ്പിന്നെയും പിന്നെയും തോന്നി
തോന്നിപോൽ നിശ്വാസച്ചൂടിനാലുമ്മകളുരുകുമ്പോലെ
പ്രണയത്താൽ വെമ്പും കിനാക്കൾപെയ്തുമുറ്റംനിറയെ
മഴയാൽ രാവിരുട്ടിനുനൂൽനനവുതന്നുന്മാദമിയന്നുവെന്നും
തോന്നിപോൽ രാവെളുക്കുവോളം
ഇരുൾ കനത്തുവെന്നും, നിലാവുറഞ്ഞുവെന്നും,
ചുംബനം നൽകിയെന്നും അവൾ മഴയായ് വന്നുവെന്നും,
കിനാനൂലുപോൽ പുഴ നമ്മെ കോരിത്തരിച്ചുവെന്നും
തോന്നിപോലുന്മാദത്താൽ പലതും പലരും
ഭ്രമിച്ചുപുലർന്നുപോയ് പുതിയപ്രഭാതം,
പഴയമനുഷ്യർനാമറിയുന്നൂ അയ്യോ!
ആശയറ്റവർക്കെത്ര ദുർബലം ഈ കിനാജീവിതം.