ആഴിയിൽനിന്നുമനന്തതയിലേക്ക്
തീനാളങ്ങളാൽ ജ്വലിക്കുന്നവനേ
എന്റെ നെറുകയിൽനീനട്ടനാളത്താൽ
നിഴലുകൾവീണ കടൽ കിടന്നുപുളയുന്നുണ്ട്.
എന്നിൽനിറയും ഓർമ്മകളുടെ അനന്തശയനത്തിൽ
നിറയുന്നനീയാണെന്നിൽപ്പിടയുന്നതും
എന്നിലുണരുന്നതും അഴലിൽ ആഴിയാവുന്നതും……
പ്രാണന്റെ നാളങ്ങൾജ്വലിക്കുമീനിമിഷത്തിന്നഗാധമൌനത്തിൽ
ഹൃദയത്തിൽനിറയുന്നപ്രണയത്താലുയിർകൊള്ളുന്നു,
അസ്തമനത്തിലുദിക്കുന്ന സൂര്യനെന്നവിഭ്രമം…
പകൽക്കിളികൾപ്പറന്നവെയിൽവിതാനങ്ങളിൽ
ഹൃദയവേഗങ്ങളിൽ, കിനാനടത്തങ്ങളിൽ, സ്വയമങ്ങനെതമസ്സിന്നാഴങ്ങളിൽ
നിഴലുകളെയെരിച്ചുജ്ജ്വലിപ്പിച്ചകടൽജലം
മഴകൾക്കുവിത്തെറിഞ്ഞു, മുളച്ചതില്ല,
അവ മഞ്ഞുകാലത്തിനെ ഗർഭത്തിൽപ്പേറി
പറയാനോവുകളുടെ പകലേ
അഴലിൻ നിഴൽനിറഞ്ഞരാവേ,
കിനാക്കനലുകൾപിന്നെയും
ആഴിയിൽനിന്നുമനന്തതയിലേക്ക്
സൂര്യനെന്നവിഭ്രമം
ഭ്രമങ്ങൾ പരിവർത്തിതഭ്രമങ്ങൾ
ഈ നിമിഷവും, അതിൻ നോവും
ഏകാന്തവിലാപത്താൽനിറയുന്നതും
ഒഴിയുന്നതും അതിൻ പേര്
കടൽ കടൽ കടൽ
കടൽഭ്രമം കടൽഭ്രമം
പകൽമുങ്ങുന്നകടൽ
കടൽ കടൽ കടൽ
രാക്കടലിളകുന്നഭ്രമം
ഭ്രമം കടൽഭ്രമം
ആഴിയിൽനിന്നുമനന്തതയിൽഭ്രമം
തീനാളങ്ങളിൽജ്വലനഭ്രമം
നെറുകയിൽനീയെന്നഭ്രമം
നിഴലിൽകടൽഭ്രമം
നിന്നിൽഞാനെന്നഭ്രമം
എന്നിൽ അഴൽഭ്രമം
ആഴിയിൽമൌനത്തിൻഭ്രമം
അതിൽ അലകൾതൻഭ്രമം
അലകളിൽ, നിഴലുകളിൽ, അഴലിൽ
നിന്നിലുമെന്നിലും
നമ്മുടെപ്രണയത്തിൽ
ഈജീവനിലേറ്റവും
കടൽഭ്രമം കടൽഭ്രമം
No comments:
Post a Comment