10/30/13



അകലെയകലെ മഞ്ഞുരുകിമഴപെയ്തുവെയിൽചാഞ്ഞമലയോരങ്ങളിൽ,
ഏറെയേറെദൂരത്ത് കൺചിമ്മും നക്ഷത്രമേ,
ആകാശദാഹിയായ വെയിൽകൊതിയനായ മാമരമേ
ഒരുസ്വരത്തിനേതുസ്വരമെന്നപോലെകേൾക്കാദൂരത്തെങ്ങോ
കാനനസദൃശത്തിൽ പുഴയിരമ്പുന്നചോലയിൽ
പുതപ്പിനാൽ മൂടി വെയിൽ വൈകിത്തെളിയുന്ന പ്രഭാതത്തിൽ
ഒരുസുന്ദരിപ്പെണ്ണിനെപ്പോലെ ഉറങ്ങുന്ന നാട്ടുവഴികളിൽ,
പതിയെപതിയേ നടന്നുപോവുന്നു മരണവും ജീവിതവും;
വാക്കുകൾക്കകലെ, പൊരുളുകൾ പരതാതെ, കാണാപരപ്പോളം,
എന്തിനു ജീവിച്ചു എന്നചോദ്യത്തിനുമുന്നിൽ മരണം വന്നുനിൽക്കുന്നു;
മെഴുകുതിരികളെരിയുന്ന പ്രാർത്ഥനകളുടെ യാതനയിൽ,
നിർഭരമായ മരണമേ, നീ വരുന്നതാണീ വഴികളിൽ,
പെണ്ണും മണ്ണും, നിന്റെ നഖങ്ങളും കാമവും ചുംബനങ്ങളും
വെയിൽചാഞ്ഞ മലയോരങ്ങളിൽ, മഞ്ഞുരുകിപ്പുതയും രാവുറക്കങ്ങളിൽ
കാമത്തിൻ ദീപ്തിയായെരിയും മെഴുകായ്, നീ വന്നുനിൽക്കുന്നു.

10/28/13

ഒരു സ്വപ്നം ബാക്കിയുണ്ടുകാണാൻ



ഒന്നുറങ്ങണം, ഒരു സ്വപ്നം ബാക്കിയുണ്ടായിരുന്നുകാണാൻ
മഴവാതിലിൽ നിന്നു നനവോടെ, നൊന്ത പാദങ്ങൾ തിരുമ്മി,
പിന്നെയും പിന്നെയും അലിയാത്ത മനസുകളുടെ ദയ യാചിച്ച്
ഒറ്റപ്പെടലിന്നകലത്തിൽ നീണ്ടുപോവുന്ന നിഴലേ
നീ രാത്രിയുടെ നിറമാണ്, സ്വപ്നമാണ്
ചിലപ്പോൾ കിനാവിനാൽ നാമറിയാതെ നാം തണുത്തിട്ടുണ്ടാവാം
ചില്ലുപാത്രത്തിൽ വീണുകാത്തിരുന്നിട്ടുണ്ടാവാം
പ്രണയത്താലൊരുചുണ്ടുമുത്തുന്നതും കാത്ത്,
ഒടുവിലീമഴയിൽചൊരിഞ്ഞതാം സ്വപ്നത്തിന്റെ നിറമേ,
നനയൂ, അലിയൂ, ഒഴുകിപ്പോവൂ, നഷ്ടമാവൂ…
പിൻ വിളികൾക്കുപിന്തിരിയാൻ ആരുമേൽപ്പിച്ചില്ലൊന്നും
ആരുമാരാരാരും വന്നതില്ലിങ്ങോളവും,
വാതിൽക്കൽ നനഞ്ഞ മഴരാവിൽ,
ഒന്നുറങ്ങണം, ഒരു സ്വപ്നം ബാക്കിയുണ്ടുകാണാൻ

10/27/13

മനസ്സിലാരോ പാടുമ്പോൾ വീണ്ടും



മനസ്സിലാരോ പാടുമ്പോൾ വീണ്ടും വീണ്ടും,
മെല്ലെ മെല്ലെ ജാലകങ്ങൾ തുറക്കുമ്പോൾ,
മഴ മഴ പെയ്തുനിറയുന്നു നമുക്കിടയിൽ,
ഇല്ലാത്തതെന്തെല്ലാം, അറിയാത്തതോ പറയാത്തതോ പറഞ്ഞതിലെ പൊരുളില്ലാത്തതോ,
ഞാൻ പ്രണയിച്ചതിലേറെ പ്രണയിക്കാനാരാലുമരുതാതെ അതിനേക്കാളുമേറേ
ഞാനേറ്റം പ്രണയത്താൽ മൂർച്ഛയാർന്നവൻ.
അവളും ഞാനും,
തൂവിനിറയും നിറങ്ങളെല്ലാം വെയിൽപ്പൂക്കളങ്ങളിൽ
മഴ വന്നു മാഞ്ഞു പോയ് മണ്ണിൽ വരച്ചിട്ട ചിത്രങ്ങളെല്ലാം….
പതിയെ കൈകളാൽ കണ്ണോടുചേർക്കുക,
നീറുന്ന ഓർമ്മകളുടെ ഉടലാർന്നവളേ, നിൻ കണ്ണാടിമനസ്സിൽ
കാണുന്നു ഞാൻ എന്നിലെ നീയാം നിഴലുകൾ,
സൂര്യൻ മരിച്ച മഴക്കാലമേ,
നീ നനവാർന്ന മിഴികളാൽ കാത്തിരിപ്പൂ
മെല്ലെ മെല്ലെ മഴ പെയ്തു നിറയുന്നു നമുക്കിടയിൽ
മനസ്സിലാരോ പാടുമ്പോൾ വീണ്ടും വീണ്ടും
മെല്ലെ മെല്ലെ ജാലകങ്ങൾ തുറക്കുന്നു.

10/17/13



രാത്രിയിലെ തീവണ്ടിയാത്ര
ഒരുപാടുവാക്കുകൾ, വിശേഷങ്ങൾ, പരിഭവങ്ങൾ
ഓർമ്മകളുടെ പാളത്തിലൂടെ മെല്ലെ മെല്ലെ
തണുപ്പുള്ള ഉറച്ച പാളങ്ങളിൽ
ആദ്യത്തെസ്പർശത്താൽ അനുരാഗമാർന്നവർ
ഒരുവാക്കിനാലും നേർത്ത തേങ്ങലാലും, ചെറുമൂളലാലും അരികെയെന്നപോലെ
ഏകാന്തതയുടെ കിനാദൂരങ്ങളിൽ
നീയും ഞാനും രാത്രിയും നമുക്കിടയിൽ
പ്രണയത്താലെത്രദൂരം പോയീടിലും
പ്രണയത്താലെത്രപാടിയാലും
നിശബ്ദതയാലെത്ര നഷ്ടമായാലും
ഇല്ല വൈകിയിട്ടില്ല,
നിന്നെ കാത്തു കിതയ്ക്കുന്നുണ്ട് തീവണ്ടി പിന്നെയും
രാത്രി പോലെയെപ്പോഴും ഒരേ നിറം ഒരേ സ്വരം ഒരേ ഭാവം
ഒരേ ഒരേ ഒരേ നമ്മൾ പോലെ, പ്രണയത്താൽ.

10/16/13

ഒരു പ്രാർത്ഥന



മനസ്സിൽ നിഴലാടും മരച്ചില്ലകളിൽ,
ഒരു വാക്കും പറയാതെ അങ്ങകലങ്ങളിൽ മലമുകളിൽ
ചെറുമെഴുകുതിരികളെരിയും ദൈവമേനിന്റെ മുന്നിൽ,
അലിയാത്തനിന്മുന്നിലെരിയും തിരികളിൽ ദീപ്തമീമൌനം
നിനക്കുമെനിക്കുമിടയിൽ, നിഴൽചാഞ്ഞുവീണൊരീദൂരം
നടന്നുവന്നവഴികൾപകുത്തിടുമ്പോൾ പറയൂ വീട്ടിലേക്കുള്ളവഴി
നിനക്കുമെനിക്കുമൊന്നിച്ചിരിക്കാൻ, മരച്ചില്ലകളിൽ ആരാണുകൂടുവെച്ചത്
ഈ മൌനത്തിനു കൂട്ടിരിക്കാൻ, മഞ്ഞുനോറ്റിരിക്കുന്ന പ്രണയമേ
അരുതുഭയക്കാതെ നിഷേധത്തെ, മറവിയെ, നെയ്തെടുക്കുക
വാനിൽ വിരിക്കാൻ, മറവിയിൽ മാഞ്ഞിടാതെ,
പുതിയൊരാകാശപ്പട്ടുചുറ്റുവാൻ ഈ ചില്ലകൾ പൂവിടുമ്പോൾ,
മൌനത്തിൻ പൂക്കളിൽ മധുരത്തേൻ നിറയുമ്പോൾ
നിന്റെ പിയാനോ സിംഫണികളിൽ ഈ മലയോരം നിറയെ
മനസ്സിൽ നിഴലാടും മരച്ചില്ലകളിൽ, വെയിൽ പകുത്ത വഴികളിൽ
നിന്നെത്തിരഞ്ഞു പൂക്കൾ പാറുമ്പോൾ, ഒരു പാട്ടായും
ഇരുളിൽ ചെറുവെളിച്ചമായും, മൌനത്തിൽ ഒരു പ്രാർത്ഥനയായും നീ
നിറയുക നിറയുക നീ ദൈവമേ, നീ വരിക….