2/24/14

അപൂർവ്വRaGaങ്ങൾ

 ആശ്വാസമെന്ന വാക്കുകേൾക്കുമ്പോൾ
പബ്ലിക്ക് ടോയ്ലെറ്റിന്റെ ഓർമ്മ വേണം;
 #രാഷ്ട്രവ്യവഹാരമല്ല കാര്യവിചാരം.

മിണ്ടാതിരിക്കുന്നതും മൈതാനപ്രസംഗമായേനേ,
മിണ്ടിത്തുടങ്ങിയാൽ മണ്ടത്തരത്താലൂർജ്ജം കൊള്ളും,
കീറിപ്പറത്താൻ ബില്ലുകളോ ഓർഡിനൻസോ ഇറക്കിത്തരൂ
#സാരോപദേശമല്ല ഫലപ്രാപ്തി

ജീൻസിട്ട പെൺകുട്ടീ, #നിർഭയ 
നിന്റെ ഇറുകിയ ജാക്കറ്റിനുള്ളിൽ
ഇന്ത്യയുടെ സ്വാതന്ത്യം വീർപ്പുമുട്ടുന്നു;
മഹാത്മാഗാന്ധീ കീ ജയ്

ഒളിക്യാമറകളുള്ള നോട്ടുതരും യന്ത്രമേ,
നിന്നെനോക്കി ഞാൻ പ്രണയിക്കുന്നുണ്ട്,
#അദ്ദേഹം യുവാക്കളുടെ പ്രതീക്ഷയാണ്.

നിങ്ങൾ ഇന്നല്ലെങ്കിൽ നാളെ എന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരും,
നിങ്ങൾ വരുന്നതുവരെ ഞാൻ ദരിദ്രനായിരിക്കുകയും വേണമല്ലോ
നിങ്ങൾക്ക് എന്നെ ഈ മാനസികാവസ്ഥയിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ടല്ലോ
#ഓരോ കരങ്ങൾക്കും ശക്തി വേണമല്ലോ

ഇത്രയും കാലം ഞങ്ങൾ മുദ്രാവാക്യം വിളിച്ചു
രക്ഷകരെയെല്ലാം ഞങ്ങൾ കണ്ടു,
അവതാരലക്ഷ്യങ്ങളെല്ലാം നിറവേറിയതായി കാണുന്നു,
എന്നിട്ടും ഇലക്ഷനുകൾ നടക്കുന്നു,
നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു,
#ഞാനല്ല നമ്മൾ
ഈ രാജ്യത്ത് ആരാണ് നമ്മൾ?


ബ്രോ! ദേണ്ടെ മിന്നുന്നു

എന്നെ ഞാനൊന്നു സമ്മതിക്കണം
ഇത്രയെഴുതിയിട്ടും എനിക്കു മനസ്സിലാവുന്നില്ല,
ആരോടുള്ള പ്രണയത്തിനാലാണ് ഈ സർക്യൂട്ടിലൊക്കെ കവിത ഇങ്ങനെ മിന്നിക്കുന്നതെന്ന്.
എനിക്കു തന്നെ മനസ്സിലാവാത്ത കവിത വായിച്ചിട്ട്
ഓ ബ്രോ! ഞാനെങ്ങനെ ഇങ്ങനെയായി
സമയം വരും സമയം വരും
ദാസന്റെ ഒരു സമയം!
അപ്പോൾ വരും ഈ കവിതയ്ക്കൊക്കെ ഒരു കാലം
അപ്പോൾ ഈ കവിതയുടെയൊക്കെ ചെരുപ്പഴിക്കാൻ
എനിക്ക് യോഗമുണ്ടാകുമോ ആവോ ( അതോ അന്നേരം സ്റ്റാൻഡ് വിട്ടുപിടിക്കേണ്ടി വരുമോ)

പണ്ട് പണ്ട് പണ്ട്,
വളരെപ്പണ്ട് പണ്ട്
ഒരു തെങ്ങോല അനങ്ങിയാലും ഞാൻ കവിതയെഴുതുമായിരുന്നു.
നിലാവും, മഴയും, വെയിലും, പ്രണയവും, കടലും
ഈ പ്രിയനറിയാതെന്ത് പ്രതിമാനകല്പനം മലയാള കവിതയിൽ ;

അത്രയും പണ്ടല്ലാത്ത പണ്ട്
കടുത്ത വിരഹവും , ( എന്തിനോവേണ്ടി തിളയ്ക്കുന്ന, അതല്ല അതല്ല )
പ്രണയവും, ഹോ ഞാനിങ്ങനെ
കാറ്റിലുലയുന്നൊരറ്റപ്പനമരമായേറെക്കവിതകൾ ചൊല്ലി

ഇന്നലെവരെയെത്തുന്ന പണ്ട്, അത്രയും പണ്ട്

അതേ ബ്രോ! എനിക്ക് വിപരീതബുദ്ധിയും വിമതപ്രണയവും തോന്നി
വിവശകാലേ വിമതപ്രണയം,
അതികലശലായ് ശലഭശകലമേ,
കാറ്റിലിങ്ങനെ പാറുന്നു നാം,
കവിതകളിങ്ങനെ (‘ഈവല്ലിയിൽ നിന്നു ചെമ്മേ,
പോകുന്നിതാ പറന്നമ്മേ’)  പക്ഷേ
(‘തെറ്റീനിനക്കുണ്ണീ ചൊല്ലാം‘)  ഇത്
No hard feelings, dude
എത്രമിന്നിച്ചിട്ടും തെളിയാത്ത ഒരു സീനാണു ബ്രോ!

ഇന്ന് എന്നാവുന്ന പണ്ട്
feeling എന്തു കോപ്പിലെ കവിതയാ ഇത്,
ലവൾക്കെങ്കിലും മിന്നുമോ എന്തോ, ദെന്ത്?






2/20/14

ഫെയ്സ്ബുക്കിൽ പെമ്പിള്ളേരുടെ പോസ്റ്റ് കാണുമ്പോൾ

അധികം വ്യാകുലപ്പെടേണ്ട
അതിനല്ലേ വ്യാകുലമാതാവ്
എന്നാലും മാതാവേ എനിക്കാധിയാവുന്നു
ചില ഞെരിപ്പിക്കലുകൾ കാണുമ്പോൾ
കൊന്തമണിപോലെ ഒരുണ്ടയിൽനിന്ന് മറ്റൊരുണ്ടയിലേക്ക് ഹയ്യോ!
എല്ലാരുമിങ്ങനെ ഓരോന്നു പോസ്റ്റുമ്പോൾ
അടുത്ത ഉണ്ടകിട്ടും വരെ ക്ഷമിക്കു എന്നതാണോ നീ പറയുന്നത്

അപ്പോഴെങ്കിലും നിനക്കെന്നോടിഷ്ടം തോന്നുവോ
തോന്നുവോ തോന്നുവോ തോന്നുവോ
തോന്നുവെന്നു പറ, അതുവരെ ഞാൻ ഷെയർ ചെയ്തുകൊണ്ടിരിക്കും
ആർക്കും വേണ്ടാത്ത കുറേ കവിതകൾ
ബ്രോ! feeling self pity

പെഴപ്പുകൾ കാണിച്ചു മടുത്ത് ബ്രോ
പല ജാതി തിരിവുകളും പിരിവുകളും
ഈ ജീവിതത്തിന്റെ കുപ്പിക്കഴുത്ത് കടന്നിട്ട്
fix a drink, fix a drink

ആദിയിൽ ആരുണ്ടായി എന്നതല്ല,
പെണ്ണ് പെണ്ണും ആണ് ആണുമാണ്
വിമതന്മാർ കുറേ ഒണ്ടാക്കും
ഇത് ഇന്ത്യയാണ്  just chill 

ചില അവന്മാരും അവളുമാരും കൂടി മിന്നിക്കുന്നത്,
പോസ്റ്റിലും കമന്റിലും ലൈക്കിലും,
നുമ്മയും പോസ്റ്റ് ജാതി പെടച്ചു ,
നുമ്മ വെറും ചിറമ്മൽ ഗോൾഡ് ( ലവര് ഇടുക്കി ഗോൾഡ്)
രഞ്ജിത്തേട്ടൻ ക്ഷമിക്കണം
 ( ബ്രോ! എനിക്കങ്ങേരെ ഒരുപരിചയവുമില്ല,
എങ്ങാനും ഫെയ്ക്കാന്നേലും കിടക്കട്ടെ ലൈക്കും ടാഗും ഹും)

ങ്ങള് കണ്ടിന്നേനൂ, ബന്നീനാ പുത്തൻ കബിത,
അനക്കെന്താണ്ടാ ഓളെക്കാണുമ്പം,
മയേന്റെ ബള്ളി പൊട്ടിവീണ ബയീലെല്ലാം,
കിനാവുകണ്ട് എയ്തീന്നോ, അന്റെ പ്രേമം,
അള്ളോ! ഇയ്യും ബ്രോ ആയീനാ,
അന്റെ ഖൽബില് ബന്നീനാ വടക്കേ മലബാറിലെ പ്രത്യേകതരം പാതിരാക്കാറ്റ്
( എന്റെ വിനീത് അളിയാ, അടുത്ത സിനിമേലും നീ തന്നെ പാട്ടെഴുതാതെ,
ഇയ്യ് കൊറച്ചൊക്കെ മ്മക്കും താ )

പൊളപ്പുകള് കാണാഞ്ഞിട്ടല്ല, എടേയ്,
പയലുകള് കളിക്കട്ട്, തട്ടെ മേല്
എല്ലാരിക്കും കാണാമല്ലോ,
കളി വരാമ്പോണ് വരാമ്പോണ്
ഫെയ്സ് ബുക്ക് ചത്തു എന്നറിഞ്ഞാപ്പോലും
അമ്മച്ചിയാണേ, ഒരുത്തനും റീത്ത് വെക്കത്തില്ല

ഇപ്പോഴോ, ആരാ ശരിക്കും മിന്നിച്ചത് ബ്രോ
feeling blessed :-)








2/19/14

ചേട്ടൻപ്രാവ് (പഴയ അനിയത്തിപ്രാവിനോട്)

നീയും ഞാനും
ഞാനും നീയും
നമ്മളെന്നെഴുതാൻ,
നിന്റെ പേരിലെ പുല്ലിംഗമാവാൻ ഞാനാഗ്രഹിച്ചു.
എന്റെ പേരിലെ സ്ത്രീലിംഗമാവുക എന്നത് നാട്ടുനടപ്പല്ല
എങ്കിലും ഞാൻ ആഗ്രഹിച്ചു;
നാട്ടാരെക്കൊണ്ടു എന്തെങ്കിലുമൊക്കെ പറയിക്കണമല്ലോ.
ഒടുവിൽ പ്രൈവസി നഷ്ടമായി ഒരു സെലിബ്രിറ്റിയെങ്ങാനുമായാലോ?

നീയും ഞാനും
ഞാനും നീയും
ഞാനിങ്ങനെ നിന്നെമാത്രം ധ്യാനിച്ചിരിക്കെ
എന്റെ പേരിന്റെ തൊട്ടടുത്ത പേരുള്ള കറുമ്പിയെച്ചേർത്ത്
ക്ലാസിലെ അറ്റൻഡൻസ് നീട്ടി വിളിക്കുമ്പോൾ
പെങ്കോതനായ അധ്യാപകന്റെ ഈണവും താളവും
ഹാ! എനിക്കോക്കാനം വരുന്നു.

ആരൊക്കെയോ പറഞ്ഞറിഞ്ഞു,
ആരാധികമാരുടെ എണ്ണം പെരുകവേ
ആകംക്ഷയോടെ പലരുടെയും മുഖത്തുനോക്കി ( മുഖത്തുമാത്രം);
വായിനോക്കി എന്നുവിളിച്ചവളുമാരെ മാത്രം കണ്ടു,
ശ്ശോ! ആരായിരിക്കും ആ ആരാധിക എന്റീശ്വരാ!

നിനക്ക് ഓർക്കുട്ടിലക്കൌണ്ടുണ്ടെങ്കിലെന്നോർത്ത്
ഒരിക്കൽ നീയെന്റെ പ്രൊഫൈൽ തേടുമെന്നോർത്ത്
ഹാ! എത്ര നേരം ഞാൻ ഓർക്കുട്ടിലിരുന്നു
ചാറ്റുബോക്സുകളിലെ സ്മൈലികൾ കാണുമ്പോൾ
അവൾ ചിരിക്കുന്നുണ്ടാവുമെന്ന് ശരിക്കും ധരിച്ചു ( തെറ്റിദ്ധരിക്കാനവളാരെന്നറിയില്ലല്ലോ ഇനിയും).

രണ്ടാം ശനിയാഴ്ച്ചകളിൽ വീട്ടിൽ പോവുമ്പോൾ
 ബസ്സിലോ ട്രെയിനിലോ നിന്നെ
യാദൃശ്ചികമായി കണ്ടുമുട്ടി പ്രണയത്തിലാവുന്നതായ്
എത്ര കിനാവു കണ്ടു, എത്ര കിനാവു കണ്ടു.

കോളേജിൻ നീണ്ട ഇടനാഴിയിലെങ്ങാനുമാരാനും പുഞ്ചിരിച്ചാൽ
നീയെന്നോർത്തുഞാൻ ഹാപ്പി ജാമിലെ പയ്യനായി
മാനത്തെങ്ങാനും കേറിയാൽ പിന്നെ ഫയർ ഫോഴ്സുവേണ്ടിവരുമെന്നോർത്ത്
ആ സാഹസത്തിനു മുതിർന്നതില്ല.

ക്ലാസിലിരിക്കുമ്പോൾ വരാന്തയിലേക്കോ,
ജനാലയ്ക്കുപുറത്തെ മഞ്ഞപ്പൂക്കൾ വീണ മരമുള്ള വഴിയിലേക്കോ
നടന്നുപോമോരോ പെൺകുട്ടികളും ദേ,
പ്രിയൻ അതായിരിക്കുന്നു എന്നുപറയാൻ മാത്രം ഞാൻ ഒന്നാം ബഞ്ചിലിരുന്നു,
അധ്യാപകൻ എന്നെ ശ്രദ്ധിക്കുമ്പോൾ മാത്രം
അദ്ദേഹത്തെ ഞാനും ശ്രദ്ധിച്ചു, എല്ലാം ശരിയായി പഠിപ്പിച്ചുവെന്നു തലയാട്ടി.
അയാൾക്കു നാണം വന്നു ( വിമതപ്രണയം പിന്നെയും!)

സഹപാഠികൾക്കെന്നോട് ലൈനില്ലെന്നറിയാമെന്നകൊണ്ട്
അവരോടൊപ്പം ഞാൻ ടൂറുപോയില്ല.
അവരോടൊപ്പം ഞാൻ കൂടെ നടന്നില്ല.
നിന്നെയും ധ്യാനിച്ചു ഞാനൊറ്റയ്ക്ക് നടന്നു,
ആരെങ്കിലും കാണുമെന്നോർത്ത് നീ മിണ്ടാൻ മടിക്കണ്ട
എന്ന് മനസ്സിൽ ഞാനെന്നോടായിരം വെട്ടം  പറഞ്ഞു.

ഞാനും നീയും
നീയും ഞാനും
എന്നിട്ടും കണ്ടില്ല
മിണ്ടിയില്ല
എത്രയോ ജന്മമായ് നിന്നെഞാൻ തേടുന്നു എന്ന സിനിമാപ്പാട്ടു,
കേട്ട് കുറേ അലവലാതിപ്രണയങ്ങളിൽ പിന്നെയും ചെന്നു വീണു
പൊല്ലാപ്പാവും മുമ്പ് ചിലതിൽ നിന്നെല്ലാം ഞാനൂരിപ്പോന്നു
ചിലതെല്ലാം എന്നെയുമൂരിയെടുത്തു (!)
ഇങ്ങനെ പിന്നെയും പിന്നെയും ,
തന്നെടേ, തന്നെ
ഈ ജീവിതം ഇങ്ങനെ
പ്രണയാതുരമാവുമ്പോൾ
കവിതയെഴുതിയെഴുതി
സീൻ ഡാർക്കായിക്കൊണ്ടിരുന്നു,
so that, ചെറിയ ഒരു മിന്നാമിനുങ്ങായിപ്പോലും നിനക്കുവരാനാവും,
ഈ സീൻ ഇത്രയേറെ ഞാൻ ഡെഡിക്കേറ്റ് ചെയ്തുപോയില്ലേ ബ്രോ ;-(

ഫെയ്സ്ബുക്കിൽ കവിതയെഴുതിയ കുറ്റത്തിന്

വിഷാദകവിതകളെഴുതുന്നവനേ നിനക്കായ്
ചാറ്റ് ബോക്സിലൊരു മരണത്തെപ്പൊതിഞ്ഞുവെച്ചിട്ടുണ്ട്,
നീണ്ടുനിവർന്നുകിടന്നുമരിക്കാൻപാകത്തിൽ,
അക്ഷരങ്ങളെനീട്ടിവിരിച്ചുവെച്ചിട്ടുണ്ട്;
വാരിപ്പുതച്ചുമരിച്ചുകൊള്ളുക.
കക്കൂസിലിരുന്ന് ആപ് ഡൌൺലോഡ് ചെയ്യുന്ന പെണ്ണേ,
നിന്നെക്കാളും ഭ്രാന്താണ്  ചിറകുകുഴഞ്ഞുനിൽക്കുന്ന സാറ്റലൈറ്റിന്.
തരംഗദൈർഘ്യങ്ങളുടെ യാഥാർത്ഥ്യങ്ങൾക്കപ്പുറം,
സ്വത്വമന്വേഷിക്കുന്ന ഫെയ്ക്കുകളുടെ പുസ്തകങ്ങളിൽ
കീറിക്കളയാനാവാതെ ടാഗ് ചെയ്തുവെച്ചിരിക്കുന്നു,
നീയും ഞാനും നമ്മുടെ പ്രണയത്താൽ ഭ്രാന്തുപിടിച്ച
ചാറ്റ്ബോക്സിൽ ഗർഭങ്ങൾ; അബോർട്ട് ചെയ്യണോ,
അതോ പെറ്റു പോറ്റിവളർത്തണോ?
ഇന്റർനെറ്റ്, തമ്മിൽ വലയിട്ടുപിടിക്കാൻ മാത്രം.
വലയിൽ കുടുങ്ങാതെ നീന്താനറിയാത്ത മീനാണുനീ മോനേ
നിന്നെയത്താഴത്തിനുകഴിച്ചിട്ട് ഉമ്മകൾ നൽകി,
ലിങ്ക് ചെയ്യും, കുരിശിലേറ്റും മുമ്പ്
നീ രാജാവാണെന്നു സമ്മതിക്കണം,
സമ്മതിക്കണം.
 
 
 

2/17/14

ആകാശങ്ങൾ അന്യമാവുമ്പോൾ

വാക്കുകൾക്കുമീതേ മൌനങ്ങളായ് മായ്ച്ചെഴുതിയ മറുതിരകളേ,
വിഭിന്നവും വിമതവുമായ ആകാശങ്ങളിൽ-
കൈകോർത്തു നാമിരിക്കും കടൽ‌പ്പാലം.
ഒരു ചന്ദ്രൻ വിളറിനിൽക്കുന്നു, ചോദിക്കയാവാം
ഏതാകാശത്തിലാണ് ഞാൻ വഴിതെറ്റിയതെന്ന്?
അതീതങ്ങളെന്നുകരുതിയതിലാണതിരുകളെന്നു നിനച്ചുനീ,
ഒന്നുമറിയാതെ തിരികെനടക്കുമ്പോൾ
കടൽ നിലവിളിക്കുന്നുണ്ട്,
കാറ്റ് ഏങ്ങലടിക്കുന്നുണ്ട്, നെഞ്ചുതകർക്കുന്നുണ്ട്
മഴ ഇനിയും ഉൾക്കടലിൽ കരയുന്നുണ്ട്,
ഏതാകാശത്തിൽനിന്നുപെയ്യണമെന്നുനിനച്ചുകൊണ്ട്.
നിഴൽമൂടിയ കടലിലേക്കുനെഞ്ചുപിളർന്നൊഴുക്കി നീ,
നിന്റെ രക്തത്താലീപ്രണയദാഹം ശമിക്കട്ടെ,
വിളർത്തുപ്രാണന്റെ പാഴ്മരം,
തണലുവിരിക്കേണ്ടതേതാകാശത്തിലേക്കറിയില്ല.
ഇനിയീ വാക്കുകളാലൊട്ടുനേരമീ സല്ലാപം നൽകി,
കൈപിടിച്ചുമറുകാറ്റിലൂർന്നുവിരലുകളാദ്യമഴയെത്തൊട്ട്,
മറുചുംബനങ്ങളാൽ ചേർത്തണയ്ക്കുക,
കാറ്റേ, നീ വീശുന്നതേതാകാശത്തിലറിയില്ല,
അറിയില്ല, അറിയില്ല, അറിയില്ല,
ഒരുതിരയാലൊടുങ്ങില്ല കടൽ, കടൽ,
മറുതിരകളാലുമടങ്ങില്ല കടൽ, കടൽ,
കണ്ണുമൂടുമീ നാം കിനാക്കളായ്,
ചുംബിച്ചു ചുംബിച്ച്,
മായരുതെന്നു കെഞ്ചിവിതുമ്പുന്നു,
മഴകൾ ഏതാകാശങ്ങളിൽ പെയ്യുന്നുപിന്നെയും,
ഏതുകടലുകൾ നിറയുന്നു പിന്നെയും,
പിന്നെയും, പിന്നെയും, പിന്നെയും, നാം തമ്മിൽ
പ്രണയമേ-
ഒരേവാക്കിനാൽ, അതിൻ പൊരുളിനാൽ എത്ര വിഭിന്നർ നാം.





2/16/14

ഉമ്മപ്പൂവുകൾ

മെല്ലെയോരോദലങ്ങൾ,
വിടർന്നു വിടർന്നു 
നമ്മിലേക്കൂർന്നിറങ്ങും
രാക്കാനനങ്ങളിൽ,
ഉമ്മകളാലുറക്കങ്ങളിൽ,
മഞ്ഞുവീണരാപ്പുതപ്പിനാൽ,
ഉറഞ്ഞുരുകും മോഹങ്ങളാൽ
വിരിഞ്ഞുവിതറിയോ പരാഗങ്ങൾ.
നമ്മിൽ നീഹാരമിറ്റി
രാവുനോറ്റുറങ്ങുന്നു.
നീയും ഞാനുമിങ്ങനെ,
നമ്മിൽ- 
രാവിൻ നിലാക്കാനനങ്ങൾ,
വെയിൽനിഴലുകൾ,
പകലന്തികൾ,
ഒരുപൂവുവിരിഞ്ഞപോലെ-
യെത്രയഴകാലലിഞ്ഞുമ്മകൾ
രാമഞ്ഞുവീണുറക്കങ്ങൾ....

2/15/14

ഉച്ച

വെയിൽ‌പ്പച്ച പൊള്ളുമൊരുച്ചക്കിനാവിൽ
ഉഷ്ണപ്പുതപ്പിനാൽ വിങ്ങിടും തെന്നലേ,
നമ്മൾ നടക്കാനിറങ്ങിയ മരങ്ങൾക്കിടയിൽ,
വിടപറയും വാക്കിലീക്കനൽച്ചൂടിനാൽ നമ്മൾ
ദാഹങ്ങൾ ശമിച്ചിടാതെത്ര മരീചികൾ കാണുന്നു.
അകലെയെങ്ങോ വേനലാലൊരുപുഴമുറിഞ്ഞതിൽ
ചോരയൊഴുകിപോൽ;
പിടച്ചുപോൽ ജീവനിൽ മരണഭയങ്ങൾ,
കിടക്കയിലുച്ചക്കിനാപ്പകർച്ചയിൽ-
സ്വയം,
ഉഷ്ണിച്ചുറക്കങ്ങൾ വെടിഞ്ഞുച്ച മടങ്ങുമ്പോൾ
കണ്മടങ്ങാതെ പാഴ്ക്കിനാക്കളായ് കാലമിതേറെ,
വെയിൽ‌പ്പുഴനനഞ്ഞു വഴിയോരത്തെമരങ്ങളും
ഏതുകിനാവിന്നുണർച്ചകൾ പിന്നിട്ട്,
ഏതുണർച്ചതൻ കിനാവെന്നു സന്ദേഹിച്ച്
വിയർപ്പുഷ്ണത്താൽ വിങ്ങുന്നു,
പിടച്ചുപോൽ ജീവൻ 
മരണഭയത്താലൊരുച്ചയുറക്കത്തിൽ.

2/12/14

ചിലമഴകളങ്ങനെ


മറവിതൻ മഹാമൌനങ്ങൾ കടന്നേതു  -
കാലങ്ങൾ നോമ്പു നോറ്റ് പൂവിട്ടതാമിത്തിരിപ്പൂവുകൾ
കൊഴിയും കാറ്റിനാൽ ജാലകങ്ങൾ 
കടന്നു നീയും ഞാനും നനഞ്ഞാദ്യത്തെമഴ

നമ്മിലേക്കുതിരികെവരുമാർദ്രകണങ്ങൾ,
എത്രയാകാശങ്ങൾ വിദൂരസ്ഥമായ് പൂത്തുലഞ്ഞതാം
കൈവിരലുകൾ ചേർത്തനുരാഗികളായ് രമിക്കവേ,
മഴപ്പേടിയാലീ ജാലകം മിഴിയടച്ചിട്ടും തോരാതെയിറ്റുന്നു
ഓർമ്മകളാലെത്ര മഴകളിൽ നാം നനഞ്ഞിടുന്നു.

കടലിലേക്കിറ്റും നിലാവിൻ മറവിപോലെ
തിരകളൊടുതിരകൾ മുങ്ങിടും ഹൃദയത്തിൽ
ഏതേതുഭാഷ, മുഴങ്ങും വാക്കുകളിലേതുകാറ്റിലേതുസ്വരത്തിനാൽ
ആരു പാടി ഹൃദയപൂർവ്വം,
ഈപ്പഴയപ്രണയഗാനമേറേപ്രിയതരം
മഴ ഇത്രമേലോർക്കുന്നുവോ, നമ്മെ നനച്ചിടാൻ.

രാവുപകലെന്നറിവില്ല, ആദ്യമാരെന്നുമറിയില്ല
ആദ്യമായ്പ്രണയമെങ്ങനെയായതെന്നറിവില്ല
ക്ഷണനേരമീമോഹത്താൽ ആകാശത്തിലിത്രകാടുപൂത്തുവോ
നമ്മിൽ വൃഷ്ടികൾ ചൊരിഞ്ഞുന്മത്തരാക്കുവാൻ.

മഴപെയ്തുമുങ്ങാതെനീന്തും കടലിൽ തിരകൾക്കുമറുതിര,
മഴവീണ മരങ്ങൾ, ഇലകൾ വള്ളികളെല്ലാം 
മറുമഴകൾ തീർത്തു പെയ്തൊഴിയാതെ.
നമ്മൾ, ഓർമ്മകളാൽ മഴ നിറഞ്ഞവർ
എത്ര രാപ്പകൽ തിരകളെ, മറുതിരകളെ ഹൃത്തിലാഴ്ത്തി,
എത്ര മരങ്ങൾ പെയ്യുന്നുണ്ടുൾക്കാടുകളിലിപ്പൊഴും.
ഹാ! നഷ്ടങ്ങൾ നിങ്ങൾ ജാലകങ്ങൾ തുറന്നിറ്റുവാനെത്ര ക്ഷണനേരം,
ആകാശക്കാനനങ്ങളിത്ര പൂക്കൾ നിറഞ്ഞതോ
മഴതോരാതെ ചൊരിഞ്ഞിടാൻ.
ഇപ്പൂക്കൾ വീണുമുളച്ചതാം പുഴകൾ, തോടുകൾ കടൽ പോലുമതേ
നമ്മിലൊറ്റയ്ക്കല്ല ദു:ഖമെന്ന് പറഞ്ഞിടാനോ മഴ
എങ്ങുനിന്നോ വന്നരികെ നിന്നു പെയ്തുപാടുന്നത്?













2/9/14

രാവിലത്തെ മഴ

രാവിലത്തെമഴ 
മുറിഞ്ഞുതിർന്നിട്ടും
പേർത്തെടുത്ത്
പിന്നെയും പെയ്യുന്നു.
ഇനി
കാത്തിരിക്കാനില്ല 
പക്ഷെ
രാവിന്റെ നനുത്തപട്ടിൽ പൊതിഞ്ഞെടുക്കുമ്പോഴും
പകലുകടന്നെത്തിയ മൌനം
രാമനാമം ജപിച്ച് ജപിച്ച്
നഷ്ടപ്പെട്ടതിനാലാവർത്തിച്ചാവർത്തിച്ച്
തിരയുന്നു പഴുതെ തിരയുന്നു.

മുറിഞ്ഞുപോയ മഴപ്പാട്ടിൽനിന്നും
അതേ ആരോഹണത്തോടെ രാവിലത്തെമഴ
 പിന്നെയും പിന്നെയും പെയ്തിടുന്നു.
അതിഥികളും അനുശോചനക്കാരുമൊഴിഞ്ഞാൽ
ഏകാന്തതയിലെ മഴ പെയ്തുതീരാതെ
പ്രാർത്ഥനകളുടെ ഏകതാനതയിൽമുഴുകി
ശൂന്യതയാൽ നിറഞ്ഞുനിറഞ്ഞ്
മഴ രാവിന്നുകൂട്ടായതെന്നാണെന്നാണ്?

പകൽനദിയുടെ പാതിക്കുകുറുകേ
ഹൃദയത്തിലെ നിലാവുചോരുമ്പോഴും
നിദ്രയുടെ തണുപ്പിനുകൂട്ടിരുന്ന്
നാവുതട്ടാതെ രാമനാമം ജപിച്ച്
തിരഞ്ഞുതിരഞ്ഞുതീർന്നപ്പോൾ
രാവിന്റെ പിൻവാതിലിൽ
മഴ പെയ്യാൻ തുടങ്ങിയിരിക്കണം.
നിദ്രയെക്കാളും തണുത്തതെന്തോ
മഴയോളമലിഞ്ഞുതീരുന്നതിൽ
മഴപ്പാട്ടുകളില്ലാത്തലോകത്തിൽ
വെറുതെ വെറുതേ
മഴപെയ്തുനിറയുകയാണ്.

ഇനിയൊന്നുമെഴുതാനില്ലാത്തതിനാൽ
മഴ മായ്ച്ചുതീർക്കുകയാവും
ഹൃദയത്തിന്റെ നോവക്ഷരങ്ങളിൽ
ആർദ്രതയുടെ ആകാശങ്ങളെ നിറയ്ക്കുകയാവും.
വിലാപങ്ങളുടെ കനൽഭൂമിയിൽ
പുതുനദികളോ മഹാപ്രളയങ്ങളോനിറഞ്ഞ്
എല്ലാമെല്ലാം മാഞ്ഞുപോയെങ്കിലെന്ന്
രാവിലത്തെമഴ പെയ്യുമ്പോൾ നിനയ്ക്കയാവും.

പതിവില്ലാത്ത അതിഥികളെയും
അവസാനമായി കണ്ടുവെന്നാശ്വസിക്കുന്നവരെയും
ആരുമോർമ്മിക്കാതെയിരുന്നുവെങ്കിലെന്ന്
മൌനം സംസാരിക്കാറുള്ള നിർമ്മമതയിൽ
മഴ പാടിത്തീർക്കുകയാണ്- പാടാനരുതാതെയെങ്കിലും
ആത്മാവിന്റെ ദാഹങ്ങൾക്ക്
പെയ്തുതിരുന്നതും
രാവിലത്തെ മഴയാണ്.

2/8/14

അക്കരേയ്ക്കെങ്ങനെ

പാലത്തിനുകുറുകെ 
വെളിച്ചത്തിന്റെ ഉളി തറയ്ക്കുന്നുണ്ട്.
ഇരുട്ടിൻ മരപ്പൊത്തിൽ
ഇത്തിരിക്കുഞ്ഞൻ പച്ചിലപ്പുഴുവിന്
ചിറകുമുളയ്ക്കുന്നുണ്ട്,
വെളിച്ചത്തിൻ വർണ്ണങ്ങൾവാരിപ്പൂശി
പറക്കുന്നുണ്ട് ചില്ലകളില്ലാത്ത
ആകാശമരത്തോളം.
വെയിലിൻ വെടിച്ചില്ലിൽ
നിഴൽമരം നിലം പൊത്തുന്നു.
പാലത്തിൻ കീഴെ ചെറുവള്ളങ്ങളുണ്ട്
തുഴകളിടുമ്പോഴെല്ലാം കരകൊതിക്കുന്നുണ്ട്.
എങ്കിലും 
പാലത്തിൽ,
കാറ്റിൻ കൈകളിൽ
വെയിൽ വിരിച്ചിട്ടു
വെളിച്ചമുള്ള പകലിനെ,
ഇന്നലത്തെമഴതോരുവാൻ.
വലിയ ഒരു പച്ചിലവേണം
പുഴയ്ക്ക് ഒന്നക്കരെപ്പോകാൻ.
വെളിച്ചത്തിന്റെ ഉളിപ്പാച്ചിലിൽ
കൊതിക്കുന്നുണ്ട്,
ഒരുപച്ചിലതരുമോ കൽ‌പ്പാലമേ
ഒന്നക്കരെതുഴഞ്ഞെത്തുവാൻ.

2/7/14

ഗൂഗിൾ വാക്കുതിരയുന്നു


ഒരുനാൾ ഗൂഗിൾ വാക്കുതിരഞ്ഞിറങ്ങി
ഏതുവാക്കെന്നറിയാതെഗൂഗിൾ തിരഞ്ഞുകൊണ്ടേയിരുന്നു,
കണ്ടവർ കണ്ടവർ കൂടെത്തിരഞ്ഞു,
തിരഞ്ഞവർ തിരഞ്ഞവർ വീണ്ടും തിരഞ്ഞു
കടൽ പറന്നുമാനത്തുമേഘക്കാടുകൾ പൂത്തു,
പൂത്തപൂവുകൾ മഴയായ്ക്കൊഴിയുന്നു,
മഴപ്പൂവുകണ്ടൊരുവൾ കാമിച്ചു,
കാമിച്ചവനേതോ ദിക്കിൽ കായിട്ടു വിത്തുമുളച്ചു,
ഏതുമണ്ണിലേതുനാട്ടിലവൾ കാറ്റിനോടുചോദിച്ചു
കാറ്റു തിരഞ്ഞു അവൾ തിരഞ്ഞു,
നാട്ടുകാർ തിരഞ്ഞു, വീട്ടുകാർ തിരഞ്ഞു,
പത്രങ്ങൾ തിരഞ്ഞു ചാനലുകൾ തിരഞ്ഞു,
എല്ലാരും തിരഞ്ഞെല്ലാരും തിരഞ്ഞു ഗൂഗിളിൽത്തിരഞ്ഞു
ഗൂഗിളന്നേരവും ആ വാക്കുതിരഞ്ഞു,
വാക്കുപാലിക്കാത്തവർ പറഞ്ഞ വാക്കു തിരഞ്ഞു
ഗൂഗിൾ പിന്നെയും തിരഞ്ഞു
നീ തിരഞ്ഞു
ഞാൻ തിരഞ്ഞു
ഗൂഗിൾ പിന്നെയും തിരയുന്നു പിന്നെയും.






2/6/14

ആകാശത്തിൽ (താഴെ ഭൂമിയിലും)


മറക്കുവതെങ്ങനെ
നമുക്കീയോർമ്മകൾ മാത്രമുള്ളപ്പോൾ.
നമ്മെത്തനിച്ചാക്കിയകലും നിഴലുകൾ
വേനലിലഞ്ഞലഞ്ഞുപറന്നുഴലും പക്ഷികൾ
നമുക്കീഭൂമിയിൽ
അതിനുമേലെയാകാശത്തിലൂടിങ്ങനെ
നാം ചിറകുകളാൽ തുഴയുമ്പോഴീ വേനൽ‌പ്പുഴ-
അതിനുമേലെ രാത്രിയൊരുമരമായി വളരുന്നുപടരുന്നു,
നാമതിൻ ചില്ലകളലിലാർത്തരായ്ച്ചേക്കേറിയതിൻ കനികൾ മോഹിപ്പൂ,
തണൽത്തേടിയലഞ്ഞിടുന്നു,
മാഞ്ഞുപോമോരോരാവുമാഞ്ഞ പകലിൻ വേനൽവെയിലിലും.
ഒരുനാൾ ആകാശം പോലും നമ്മെവിട്ടുപോം,
ശുന്യതയിൽ ചിറകുകളോ, താഴെ ഭൂമിയോ ഇല്ലാതെ,
ആകാശം സ്വന്തമല്ലാത്ത പക്ഷികളേ നമുക്ക്,
വിജയം ഒരുപടികടന്ന പരാജയം മാത്രമോ?

2/4/14

മറുപുറങ്ങൾ


അനുരാഗത്താലഗ്നിപൂത്തനാളി-
ലൊരേദാഹത്താൽ നാം നീന്തിയ കടലുകൾ
 കടന്നെത്തും കാറ്റിലോർമ്മകളുടെ
തീപ്പൊള്ളും വെയിൽത്തിരകൾ.
നാം പിരിഞ്ഞ ഭൂമികൾ കടലിനിരുപുറം
മറുപുറങ്ങളിലെഴുതുന്ന കരകാണാക്കരയിലെ
നീയും ഞാനും
തിരികെയലച്ചെത്തും പ്രതിധ്വനികൾക്കുമേൽ
കവിതയുരുവിട്ടുഭ്രമിച്ചുമുങ്ങുന്നു.
സ്മൃതികൾതിരളും മഴക്കാറുകളാൽ
തീരാദാഹങ്ങളെക്കുടിച്ചുതീർക്കുന്ന കടൽ‌പ്പിന്നെയും
ഓർമ്മകളാൽ നമ്മെത്തൊടുന്നു
ഊർന്നുപോവുമീ കടൽവിരലുകൾപോലെ.
നാം തേടും വഴികൾ മായ്ച്ചതീക്കടൽ,
വഹ്നികളെയടക്കുമശാന്തസർവ്വസ്വം.
ഓർമ്മമഴകളാൽമാത്രം
കടലിലുപ്പുനിറയുന്നു;
ദാഹത്താൽ മാത്രം നാം പിന്നെയും
കടലിൽ നീന്തുന്നിരുഭൂമികകൾ
കുറുകെ നീന്തുന്നു തിരകളാൽ
തമ്മിൽത്തൊടാൻ.