9/6/24

ഓർമ്മകളില്ലാത്ത ഓളങ്ങളിലാണൊരു പിടച്ചിൽ



അത്രയൊന്നുമില്ലെങ്കിൽക്കൂടി
ഒരാളാഴത്തിലൊരോളം തിങ്ങിനിന്നിരുന്നു.

അത്രയും പൂഴ്ന്നൊരു തിര മെല്ലെത്തൊട്ടിരുന്നു.

ഓർമ്മയാലെഴുതിമായ്ച്ചപോലൊരുതിര
അതേ തിര ചുഴിഞ്ഞു ചുഴിഞ്ഞുപോയിരുന്നു.

ഉയിർപ്പാട്ടുകളുടെ ഉടലൊഴുക്കിലൊരു സങ്കടപ്പാട്ടുംകേട്ട്
അതേ നിലാവിന്റെ നനഞ്ഞ തോർത്തും ചുറ്റി
നീന്താനിറങ്ങിയതാണ് മീൻ കുഞ്ഞുങ്ങൾ പിറന്നപടി,
പിറന്നനാൾ മുതൽ.
കണ്ടുവോ നിങ്ങളറബിക്കടലിനെയെന്നാരാനും ചോദിച്ചാലോ
ചെറുചുണ്ടുകൾ മെല്ലെപ്പിളർത്തിനൂണ്ടിറങ്ങും
 ആഴങ്ങളിലെങ്ങോ
ഞങ്ങടെ
കിനാവുണ്ടൊരു
തിരയതിലൊളിച്ചിട്ടുണ്ട് ,

ആഴത്തിലേക്കു ചുഴിഞ്ഞതോ,
 ചെളിയിൽനിന്ന് നൂണ്ടുകൊള്ളിയാൻപ്പാച്ചിലായ്,
തലയ്ക്കുമേലേയ്ക്ക് കുതിച്ചൊരോളത്തിനു മറുതിരനൂണ്ടതോ,
പെട്ടിടാമൊരിക്കൽ,
പിടയ്ക്കാം,
ഓർമ്മകളെങ്ങോട്ടൊഴുകിയാലെന്ത്
അത്രയൊന്നുമില്ലെന്നേ
ഒരാളാഴത്തിലൊരോളം തിങ്ങിനിന്നിരുന്നു,
പിന്നെ, അത്രയും പൂഴ്ന്നൊരു തിര മെല്ലെത്തൊട്ടിരുന്നു,
അതേ തിര ചുഴിഞ്ഞുചുഴിഞ്ഞുപോയിരുന്നു,
അതേ നിലാവിൻ തുണി നനച്ചുപിഴിഞ്ഞുടുത്തിരുന്നു,
കിനാവുണ്ടൊരു തിരയിലതൊളിച്ചിട്ടുണ്ട്.

No comments: