എഴുതി മുഴുമിക്കാതെ
കീറിപ്പറിച്ചെറിഞ്ഞ വിവാഹക്ഷണക്കത്തിലെ
മൌനത്തിൻ നിഴലുകളിലാണ് കടൽ.
വാതിലുകൾ താഴിട്ട
ജാലകപ്പഴുതുകൾ ചേർത്തടച്ച
പ്രണയഗേഹത്തിലെ
വിരുന്നുമേശയിൽ
ഹൃദയത്തിന്റെ കോപ്പയിലെ ഒടുവിലെ വിഷത്തുള്ളിക്ക്
ഒരായുസ്സിന്റെ ദാഹമുണ്ട്;
നീ ചുംബിക്കുക-
ഉഷ്ണവും ഉച്ചക്കാറ്റും വറ്റിയ
പുഴയുടെ ഞരമ്പിലെ അവസാനത്തെ കാലടിയിൽ
അറ്റുപോയ വേരിൽനിന്നും ഒറ്റയ്ക്കുമുളച്ചൊരില ആകാശത്തോളം.
ഓ വെറുതേ വെറുതേ വെളിച്ചത്തെ പുണർന്ന് പുണർന്ന്.
കടലിൽ മുങ്ങിയ വീടേ
തിരകളാൽ തിരമേലെഴുതും കടലിൻ നഷ്ടഭീതികളിൽ
വാക്കില്ലായ്മയുടെ മുനവച്ച മൌനത്തിൻ മരണക്കനിവിൽ
പ്രാണനിറ്റുന്ന മഴയുടെ മഷിപടരുമ്പോൾ
വാക്കുകളേ, ഒറ്റയ്ക്കല്ല ഒരിലയും അതിന്റെയാകാശവും.
No comments:
Post a Comment