9/5/24

ഒരു മുറിയുടെ ഓർമ്മ എന്ന നിലയിൽ ജനാല തുറക്കുമ്പോൾ


| ഒരു മുറിയുടെ ഓർമ്മ എന്ന നിലയിൽ ജനാല തുറക്കുമ്പോൾ |

മുറി
ഉറക്കം വരാതെ വീട്ടിൽനിന്നിറങ്ങിനടന്നാലെന്തെന്ന് നിനച്ചു.

പക്ഷെ
ഒരു മുറിയുടെ ഓർമ്മ എന്ന നിലയിൽ ജനാലയ്ക്കറിയാം;
മുറി ജനാലയ്ക്കപ്പുറം തൂങ്ങിമരിച്ചതാണ്
പണ്ടേയ്ക്കുപണ്ടേ
ആ നിലയ്ക്ക് മുറിയുടെ ഓർമ്മപ്പുസ്തകമാണീ ജനാല.

അല്ലെങ്കിലും
പൂവില്ലാപ്പൂക്കാലമേ
മഴയില്ലാത്തിടവമേ
വെയിലില്ലാവേനലേ

പാതിവഴിമടങ്ങുമ്പോൾ

എത്ര ഓർമ്മകളാൽ ചില്ലുമൂടിയിങ്ങനെ മരവിച്ചാലും
ജനാലപ്പാളികളായിങ്ങനെ
ഒരു വാക്കിന്റെ ഇങ്ങേക്കരയിൽനിന്ന്
മറുവാക്കിന്റെ അങ്ങേക്കരയിലേക്ക്
ജലയാനങ്ങൾ പോലെ നോട്ടങ്ങൾ നീന്തുന്നുണ്ട്.
അതുകൊണ്ടു മാത്രം തുറന്നടഞ്ഞ്
കാറ്റത്ത് ചില ജനാലകൾ.

No comments: