1/18/18

എല്ലാമീനിന്റെയും മരണം ഒരാത്മഹത്യയാണ്,
നീന്തിത്തുടിക്കുന്നൊരാളിന്റെ-
മരണം .

ആ മേൽവിലാസത്തിലെത്തുന്ന കത്തുകൾ
ശിശിരവും വേനലും മഴയും നിഴലും പക്ഷിയുടെ ഒടുക്കത്തെ ഉച്ചപ്പാട്ടുമാവുന്നു.

എങ്ങാനും കൂടൊഴിഞ്ഞു
പോവാത്തൊരോർമ്മയുടെ തൂവലാൽ
ചിറകൊച്ചകേട്ടുവോ.

അവിടെയുണ്ട്‌ എന്നൊരടയാളങ്ങളുമില്ലെ-ന്നുറപ്പാണെങ്കിലും അവിടെയുണ്ടെന്നുറപ്പുണ്ട്‌, ഒന്നും മിണ്ടാത്തൊരു കാറ്റുണ്ട്‌, തിരികെയെത്തുന്ന കാറ്റുണ്ട്‌.

അത്‌ ജലത്തിനുമീതേ നടന്നെത്തുന്നു.

പഴയൊരോർമ്മയാൽ മറന്ന വീട്‌.
പുഴയ്ക്കടിയിലെവിടെയാണ്
പുറത്തിറങ്ങിയാലില്ലാതാവുന്ന വീട്‌.

ഉറക്കെ
നിലവിളിച്ചു ഏങ്ങലടിച്ചു
പ്രണയമേ
നമ്മൾ ഉപേക്ഷിച്ചുപോവുന്ന വീട്‌
നഷ്ടമാവുമ്പോൾ പ്രേമവും നമ്മളുമില്ലാതാവുന്ന വീട്‌
വഴിയടയാളങ്ങൾ നഷ്ടപ്പെട്ട് കാറ്റ്‌  ചോദിക്കുന്നു, ചോദിക്കുന്നു
പ്രാണൻ വെടിഞ്ഞവനേ നിന്റെ പ്രണയമെവിടെയാണ്.

No comments: