1/18/18



“ഷഡ്പദങ്ങൾക്കോ ജലജീവികൾക്കോവേണ്ടി ആരും വിപ്ലവങ്ങൾ ആസൂത്രണം ചെയ്യാറില്ല : കാറൾ മാർക്സ്“


മഴയുടെ
ഇറച്ചിത്തുണ്ടുകൾ വീണ്
ഇലകൾചൂടിയ,
അലസമനോഹരവിപിനങ്ങളിലെ
മരങ്ങളിൽ
ഓർമ്മകളിൽപ്പോലും പൊട്ടിയൊലിച്ച്
പൂപ്പലുകളുടെ ബയോഗ്രാം.

ഈറൻ ചോരയാൽ
കനിവില്ലായ്മയുടെ പകപ്പുകൾക്കിടയിൽ
ശലഭവിരലുകൾകൊണ്ട് തൊട്ടാലും മെല്ലെ
നേർത്തുപോം
എപ്പോഴും ഒടുവിലത്തെയുമ്മ,
ഒരു ജനതയെ അങ്ങനെയൊരു മഴയായ്
കൊത്തിനുറുക്കിക്കളയാമെങ്കിൽ.
 പ്രിയപ്പെട്ടവളേ എന്നു നോവുമ്പോഴും
അമ്മയെത്തിരഞ്ഞുചെല്ലുമ്പോഴും
വരൂ ഈ തെരുവിലെ രക്തം കാണൂ എന്ന് വിലപിക്കുമ്പോഴും
ഓർമ്മകൾ നഷ്ടമായിപ്പോയ ചൊരിമണലത്താണ്
വിസ്മൃതികളുടെ പൊക്കിൾക്കൊടികളിൽനിന്ന് കടൽ വറ്റിപ്പോയത്,
നഗരത്തിലെ അനീതികളോട്
കലാപമോ കലഹമോ ഇല്ലാതെ
ഉറങ്ങുന്ന ജനങ്ങൾമാത്രം
എന്നും എപ്പോഴും 
 വസന്തത്തിനെ
ഇറുത്തെടുത്ത് സൂക്ഷിക്കുന്നു,
പെരുമഴകൾ നനയാതെയും
ഒന്നുമറിയാതെയും
എപ്പോഴും സുരക്ഷിതരായിരിക്കുന്നു,
അവർ.



No comments: