12/3/07
ആകാശം ഒരിലയാണ്.....
ആകാശത്തിന് വേരുപടരുന്നത് മാപ്പിള് മരങ്ങള് ഇലപൊഴിക്കുമ്പോഴാണ്.
തണുപ്പത്ത്, ഒറ്റയ്ക്കായ കാതു തുളയ്ക്കും തണുപ്പത്ത്,
നീയെന്നെ ഒറ്റവാക്കൊഴിയാതെകേള്‍ക്കും നേരം.
മഞ്ഞയും, ചോപ്പുമോറഞ്ചും പലപലയിലകളടിതെറ്റിവീഴും കാറ്റില്,
കിക്കിളിക്കളിക്കൂട്ടം കിളികളൊഴിയുമ്പോള് ബന്ധത്തിന്റെ വേരുകള് പടരുന്നു.
ബാക്കിയായ ചില നേരസ്ഥികള്, കാലത്തിന്റെ ഫോസിലുകള്,
ശ്ലഥബന്ധങ്ങളുടെ കിളിക്കൂടുകള്, അവളുടെ കണ്ണില് നൊമ്പരമുതയ്ക്കും.
മഞ്ഞുപരന്നു മാപ്പിളുകള് കരയുമ്പോള് എന്റെ കണ്ണുകളവളെത്തിരയും.
ഇലകള് പൊഴിഞ്ഞ അവളുടെ ശിശിരത്തിനെന്നും ഞാന് കൂട്ടിരിപ്പാണല്ലോ.
ആയിരം കൈകളായെന്നെമൂടുമവളുടെ വേദന,
ആകാശത്തിന്റെ വേരുകളായെന്നെയുലയ്ക്കുന്നു.
കുരുങ്ങിയ വാക്കുകളുടെ വേരുകള് തിരയുന്നത്,
ഇനിയുമൊരുകാറ്റിനും പൊഴിയാത്ത ഇലയെയാണ്.
ആ ഇല ഞാനാണ്, നിറയും മൌനമീയാകാശമാണ്,
സ്വപ്നത്തിന്റെ നീലമാത്രമുള്ള നീ,
നിന്റെ വേരുകളെന്നില് പടര്ത്തൂ.
ഈയാകാശം നിന്നിലിലയാവട്ടെ.
എന്റെ പ്രണയിനീ, നീ സന്തുഷ്ടയാവട്ടെ.
.................................
കുറിപ്പ്: ഇലകള്‍ കൊഴിഞ്ഞ ഈ മാപ്പിള്‍മരത്തിന്റെ ചിത്രം എടുത്തത് എന്റെ ഫ്രണ്ട് ശാരി വിശ്വനാഥന്‍ ആണ്..ഇതിന്റെ പ്രേരണയും അവര്‍ തന്നെ...
Subscribe to:
Post Comments (Atom)
3 comments:
ഈ കമന്റ് ഈ കവിതയ്ക്കു മാത്രമായല്ല; ഇതു വരെയുള്ള എല്ലാത്തിനും ചേര്‍ത്ത്. എന്തേ ഞാനിതുവരെ കാണാതെ പോയി!
ഓരോ കവിതയിലും നഷ്ടബോധത്തിന്റെ മുറിവുണങ്ങിക്കിടക്കുന്നതു കാണാം. ഉരുകിയെരിയുന്ന ഓര്‍മകളെ തൊട്ടറിയാം. കൊഴിഞ്ഞുപോയ നിറങ്ങളെയും ഒഴിഞ്ഞുപോയ സുഗന്ധങ്ങളെയും വ്യഥിതമായ ഹൃദയത്തെയും കാണാം.
നല്ല വരികള്‍.
ചിത്രവും കൊള്ളാം.
നന്ദി..രജീഷിനും വാല്‍മീകിക്കും..
:-)
Post a Comment