9/22/17

എന്നെങ്കിലുമൊരിക്കൽ അയാൾ പിന്നെയും കവിതയെഴുതിത്തുടങ്ങും.

പക്ഷെ അവർ
വെട്ടും തിരുത്തുമുള്ളൊരു ഭൂപടത്തിൽനിന്ന് മുറിവേറ്റ്‌ ഓടിപ്പോകുന്നവർ,

അവരുടെ പൊക്കിൾക്കൊടിമുറിഞ്ഞ്‌,
ചോരപെയ്ത പുഴയിലെകലക്കവെളളം.

നമ്മളില്ലാത്ത വീട്ടിന്മുറ്റത്തേക്ക്‌ നടന്നെത്തിയ കാട്ടുചെടികളുടെ കുട്ടികൾ,

നമ്മുടെ കാലുകൾ ഞെരിഞ്ഞ്‌
അവരുടെ ചോരവീഴുന്ന മുറ്റം,
അവരുടെ മഴക്കാലം.

അതുകാണാത്ത
വാതിലുകളും ജനാലകളുമടച്ചിട്ട ജനാധിപത്യത്തിന്റെ വീടുകൾ, 

ആശുപത്രികളിലെ പ്രസവമുറികൾ, വേദനകളുടെ പൂക്കൾ നിറഞ്ഞ സ്വകാര്യതകൾ,

വികസനവും രാഷ്ട്രവും, റിപബ്ലിക്കും,
നമ്മളും അവരും,
ഓടിപ്പോകുന്നവർ,

വരകൾക്കപ്പുറത്തേക്ക്‌ മാറിനിൽക്കാൻ പറയുന്ന മഷിപ്പേനയുടെ അധികാരം.

മുങ്ങിമരിച്ചെങ്കിൽ
മുങ്ങിമരിക്കുന്നവരുടെ തീരാദാഹത്തെ തീർക്കലാണുപക്ഷെ,

വിശന്നുവീണുമരിച്ചെങ്കിൽ
ഓടിയോടിയെത്തി കിടന്നുറങ്ങിപ്പോവുകയാണുപക്ഷെ,

അവരുടെ കുട്ടികൾ വരയ്ക്കും,
മലകൾക്കിടയിലൂടെ സൂര്യന്റെ വെളിച്ചം പരക്കുന്ന ആകാശം
പച്ചമേട്‌, കുഞ്ഞരുവി,
അമ്മയും അച്ഛനുമുളള വീട്‌,
അതേ പേപ്പറിൽ,
നിന്റെ ഭൂപടം, അതിൽനിന്നുപുറത്തായവരുടെ കരച്ചിൽ,
എന്റെ കവിതയുളള പേപ്പർ,
അവരുടെ കരച്ചിൽ കരച്ചിൽ കരച്ചിൽ,
,,,,,,

No comments: