1/16/15


അപ്പോഴെല്ലാം
കൂടുതല്‍ കൂടുതലാഴങ്ങള്‍
നീന്തുന്ന
നക്ഷത്രങ്ങള്‍,
നിലാവ്,
താഴേക്കു ചോരുന്ന
മേല്‍ക്കൂരവീടുകളാല്‍ പുഴ.

തലകുത്തനെ നമ്മള്‍
ചോരുന്നു,
പ്രതിബിംബങ്ങള്‍
ഇളവെയിലാല്‍
പലയുമ്മകള്‍
പലരുമ്മകള്‍
പല നിറങ്ങള്‍
നിഴലുകള്‍
പച്ചകള്‍.

ഞാനുണ്ട്,
നീ കൂടെയുണ്ട്
കൈപിടിച്ച്
ഓളങ്ങളാകാശങ്ങളാവുന്നു,
തമ്മില്‍ത്തമ്മില്‍
കലരുന്നു,
മേഘപ്പായ്ക്കപ്പലുകള്‍ തിരകളില്‍
തീരങ്ങള്‍ക്കകലെ
തമ്മില്‍ക്കലരുന്നു
മഴവില്ലുകള്‍
മേഘങ്ങള്‍,
പല സൂര്യന്മാര്‍, നക്ഷത്രക്കുഞ്ഞന്മാര്‍
നിലാവെട്ടങ്ങള്‍.

എന്നിട്ടും,
നമ്മില്‍,
നാമറിയാതെ
തലകുത്തനെ
ചോര്‍ന്നുപോവുന്നു
വെളിച്ചത്തിന്റെ പുഴകള്‍,
കടലിലേക്കുള്ള ഞരമ്പുമുറിഞ്ഞ്
നേരത്തിന്റെ നിഴല്‍ സൂചി പിടഞ്ഞ്
മഞ്ഞവെയിലുകള്‍
മരിക്കുന്നു, മരിക്കുന്നു.

No comments: