ഇരുട്ട് ,
നിലാവിൻ കീറത്തോർത്തുടുത്ത്
കുള്ളന്മരങ്ങൾക്കിടയിലൂടെ
കൂനൻകുന്നുകൾ നിരങ്ങിയും
(വടക്ക് പടിഞ്ഞാറോട്ട്
ഒരു പെൻസിലിനാൽ വരച്ച പുഴയുടെ അതിർവഴികൾ)
-- പുഴകളെക്കുറിച്ച് ബ്രാക്കറ്റിലെഴുതാൻ എന്തധികാരമാണുള്ളത്?--
-- പുഴകളെക്കുറിച്ച് ബ്രാക്കറ്റിലെഴുതാൻ എന്തധികാരമാണുള്ളത്?--
വെളിച്ചം വീടുകളന്വേഷിച്ചന്വേഷിച്ച്
ഉറങ്ങിപ്പോയവരുടെ രാജ്യത്തിൽ,
(പശ്ചാത്തലത്തിൽ മൊട്ടുകമ്മലുകൾ പോലെ പൂവുകൾ
ലില്ലിപ്പൂക്കളാകാം,
അവ ചൂടിയ പെൺകുട്ടിച്ചിരികളെ
സങ്കല്പിക്കണം, നിശ്ചയമായും നല്ലഭാവനവേണം
പുഴയകലത്തിൽ കൂർത്തപുല്ലിന്മുനമ്പത്ത്
ഒരു മേഞ്ഞവീട്, വീടുകൾ, ചിലപ്പോൾ പശുക്കൾ
ചില പക്ഷികൾ, കാക്കകൾ തന്നെയാവണം.)
ഒഴിഞ്ഞുപോയ വീടുകളിലെല്ലാം
അമ്മമാരുടെ കണ്ണുകളിൽ
ജയിലഴികളിൽ നിന്നും
ഇരുട്ട്,
ചാടിക്കടന്ന്
ചാടിക്കടന്ന്
ചാടിക്കടന്ന്
ചാടിക്കടന്ന്
ചാടിക്കടന്ന്
വീണ്ടും വീണ്ടും
ഇടവഴികളിലൂടെ
ഓടിയോടി
ഓടിയോടി
നീന്തി നീന്തി
മുറിവുകളുടെ ഭൂപടത്തിന്റെ അതിരുകളിൽനിന്നും
പെൻസിൽമുനയാൽ പൊട്ടിത്തെറിച്ച കുഴിബോംബുകൾക്ക്
ഒരപ്രസക്തരുപകമാണ്
ഇരുട്ട്
വെളിച്ചതിന്റെ ജയിലറയാണ്
വളഞ്ഞുവെച്ചിരിക്കുന്നു,
പൊട്ടിത്തെറിക്കുന്നു
വെളിച്ചമുണ്ടാവുന്നു
ഇരുട്ട് നിറയുന്നു
ആരും നല്ല ചിത്രങ്ങൾ വരയ്ക്കുന്നില്ല.
No comments:
Post a Comment