പാതിയെഴുതിയിന്നലെ നിർത്തിയതിനേക്കാൾ
നോവുന്നുണ്ട്
അവളെക്കുറിച്ചുള്ള ഓർമ്മകൾ.
ജലഞരമ്പിനുള്ളിൽ
അമ്ലപ്പുക പിടയുമ്പോലെ
ഓർമ്മകളുടെ അധരങ്ങളിൽ
ഒരു സർപ്പം ഇഴഞ്ഞു നടക്കുന്നു
വിഷമിറ്റുന്നു.
അതിന്റെ നാവ് മൌനത്താൽ പിളർന്നുപോയിരിക്കുന്നു.
ഇരുട്ടിൽ അത് പ്രപഞ്ചത്തോളം
ഭയാനകമായിരിക്കുന്നു.
കനത്ത് കനത്ത് ഒരു പെരുമഴ
എങ്ങുനിന്നോ പെയ്യുന്നുണ്ട്.
ഒരു പക്ഷെ
പെയ്തുവീഴാൻ ഭൂമിയില്ലാത്തതിനാൽ
കാറ്റേ നീ കോരിക്കൊണ്ടുപോവുക-
കൊണ്ടുപോവുക……
തെരുവിലാകെ തിരക്കാണ്.
താനാണ് സുന്ദരി
എന്നുനിനച്ചൊരു പൂച്ച
മുതുകുവളച്ച് കണ്ണുചിമ്മിയിരിപ്പുണ്ട്.
നാശം, കാപ്പിപ്പൊടിയില്ല എന്നു പറഞ്ഞ്
വെള്ളം തിളയ്ക്കുന്നു;
ചൂടുവെള്ളം കോരിക്കുളിച്ചിട്ടിറങ്ങിയതാണ്
കെട്ട വിശപ്പുമായൊരുച്ചനേരത്ത്,
തെരുവിലാകെ തിരക്കാണ്.
ഇവിടെങ്ങാനും വളക്കടയുണ്ടോ
പൂച്ചയ്ക്കൊരു കളിപ്പാട്ടമുണ്ടാമോ
വെറുതേ തട്ടിക്കളിക്കാൻ
ജീവിതമേ, എന്തിനെന്നെ നീ പന്തു തട്ടുന്നു.
പഴയ ബസ് സ്റ്റാൻഡിലെ ചെരുപ്പുകുത്തി
ഒരു സുന്ദരിയുടെ ചെരുപ്പ് തയ്ക്കുന്നു-
വെയിലത്ത് നിൽക്കുമവളുടെ വിയർപ്പുതുള്ളികൾ
എന്നെ ഭ്രമിപ്പിക്കുന്നു, ഞാനുറ്റുനോക്കുന്നു.
വളാഞ്ചേരിയിൽ വെച്ച് ഇവളേ കണ്ടോ
കൊട്ടിയൂരും പറശിനിയിലും വടകരയിലും കണ്ടുവോ.
കൂടെയുണ്ടായിരുന്നവന്റെ മുഖമോ പേരോ
ഓർമ്മയില്ലല്ലോ.
ഇവൾ തന്നെ അവളെന്നോ.
അതേ ചിരി
അതേ തിടുക്കം
അതേ പരിഭ്രമം.
പൂച്ചക്കുഞ്ഞിന്
ഇപ്പോൾ
വിരസത തോന്നുന്നുണ്ടാവും.
അടച്ചിട്ട വീട്ടിൽനിന്ന്
വെന്റിലേഷൻ വഴി പുറത്തേക്ക് ചാടും-
അയൽപ്പക്കത്താരെങ്കിലുമുണ്ടാവും- ആവോ!
ആവോ- പൂച്ചയിപ്പോൾ എങ്ങോട്ടാവും പോയിരിക്കുക.
ചെരുപ്പുകുത്തി ചോറുകഴിക്കാൻ പോയിരിക്കുന്നു.
അവളെ കാണുന്നില്ലല്ലോ;
റോഡിനു കുറുകേ കയറുമ്പോൾ,
എങ്ങോട്ടേക്കാണെന്ന് ഓട്ടോക്കാരൻ ചോദിക്കുന്നു.
ഞാൻ പിന്നെയും നഗരത്തിലലയുന്നു;
അവളെക്കുറിച്ചുള്ള ഓർമ്മകൾ.
ജലഞരമ്പിനുള്ളിൽ
അമ്ലപ്പുക പിടയുമ്പോലെ
ഓർമ്മകളുടെ അധരങ്ങളിൽ
ഒരു സർപ്പം ഇഴഞ്ഞു നടക്കുന്നു
വിഷമിറ്റുന്നു.
അതിന്റെ നാവ് മൌനത്താൽ പിളർന്നുപോയിരിക്കുന്നു.
ഇരുട്ടിൽ അത് പ്രപഞ്ചത്തോളം
ഭയാനകമായിരിക്കുന്നു.
കനത്ത് കനത്ത് ഒരു പെരുമഴ
എങ്ങുനിന്നോ പെയ്യുന്നുണ്ട്.
No comments:
Post a Comment