പിന്നിലായനിഴലുകൾ നിലവിളിച്ചുകരഞ്ഞപ്പോൾ
ദയാലുവായ അവൻ തിരിഞ്ഞുനടന്നു.
പിന്നെയും പിന്നെയും പിന്നിലായ നിഴലുകൾ
നീറിനീറിക്കരഞ്ഞലച്ചു, മുന്നിലും പിന്നിലും
നിലവിളിപ്പുഴയൊഴുകി.
നിലാവിനോടുചോദിച്ചില്ല, വിളർത്തകണ്ണുകളാലേതുസ്വപ്നമാണുകാണ്മതെന്ന്,
പൂക്കളോടുചോദിച്ചില്ലേതുചില്ലയിലാണിലകൾ നാണിച്ചതെന്ന്,
കാറ്റിനോടും കാണാത്ത സൂര്യനോടും ചോദിച്ചില്ല,
നിഴലിനെക്കൊന്നതാരെന്നുചോദിച്ചില്ല.
പുഴ മാത്രം നനഞ്ഞുനനഞ്ഞൊഴുകുകയും,
വഴുക്കുന്ന പാറകളിലും, മീനുകളുടെ മിനുക്കത്തിലും
ചേലും ചിലങ്കയും നൃത്തം ചെയ്യുമക്ഷരങ്ങൾപോലെ
മറന്നുമറന്നെഴുതിയെഴുതി, പുഴവഴിയിൽ പുതഞ്ഞുനനഞ്ഞ്
പുളഞ്ഞും പുളകമണിഞ്ഞും പക്ഷിപ്പാട്ടുകൾകേട്ടും
വാക്കുകളെല്ലാം ഒലിച്ചുപോയ നിഴൽമരണങ്ങളിൽ
വെളിച്ചമേ, നീ പിൻനടത്തങ്ങളിൽ, പ്രയാണപ്രവേഗങ്ങളിൽ
തനിച്ചായ നിഴലുകൾ നിലവിളിച്ചുച്ചത്തിലാഴങ്ങളിൽ,
നിഴൽപ്പുഴകളുടെ മുങ്ങാമരണപ്പിടിവള്ളികൾ,
കിനാവള്ളികളിലാണേതോ രാവുകളിൽ
നാണിച്ചുനാണിച്ചു പൂത്തൊരിലയാണ് നീ പൂവേ,
തമ്മിലാലിംഗനത്താൽ കുറേവാക്കിൻ കവിത; ഈപ്പുഴയിൽ നാം…..
2 comments:
നീന്താനറിയാത്ത നിനക്കീ പുഴയിലെന്താ കാര്യം .............????
:-)
Post a Comment