12/31/13

വിരുദ്ധസർവ്വസ്വം



മാ‍യാവിലോലമതിമോഹനം രവം ആരവം
കടലിമ്പം കരമൂടുമീക്കരൾത്തികട്ടും തിരകൾ
സ്മൃതികൾതന്നാരവം കാറ്റിനാൽക്കൈമാറിലാളനമതിമേളനം
തിരതുള്ളുമക്ഷരസ്വരമേളം ശ്ലഥഭാഷയുൾക്കടൽനാദം
കേട്ടമായകൾകണ്ടമായകൾവിസ്മൃതമായക്കാഴ്ച്ചകൾമായകൾ
മായയുൾക്കണ്ണാൽമായാവിഭ്രമമതിൽക്കടലുൾക്കടൽത്തിരകളാരവസ്വരം
മായാമയം കാതിൽമായാശ്രവണമയം സർവ്വസ്വം
മായാമയം കണ്ണിൽക്കാഴ്ച്ചമായാനിറങ്ങളീനിഴൽവെട്ടത്തിൽനിറയുന്നു
രുചികൾ ഗളസ്തമീജലഹസ്തമാഴ്ന്നാഴ്ന്നു നാമാർത്തനാദം കേട്ട്
കണ്മൂടിസജലം നിറഞ്ഞുനാളങ്ങൾജ്ജ്വലിച്ചെന്നിലമർന്നമർന്നൊഴുകാൻ
വിരലുകൾജലരേഖകൾവരച്ചുപത്രങ്ങളിലക്ഷരങ്ങളേതുഭയത്തിൻഭാഷയാൽ
മുഴുകിയലയുംജീവനിൽജീവിതത്തിൻ കടൽനിഴലുകളിൽ മുങ്ങവേ
സ്വരം മായാസ്വരം കാണ്മൂമായക്കാഴ്ച്ചകൾ
വഴിനിഴലുകളലഴലിൻക്കടൽത്തിരക്കരിയിലകൾമൂടിമൂടി
കരകടന്നുകടൽമുങ്ങി കരളിൽക്കിനാക്കടലൂർദ്ധശ്വാസത്താൽപ്പിടയുമ്പോൾ
കടൽകരയല്ല, കരകടലല്ല ഹവിസ്സിൽജലഗോളംജ്ജ്വലിച്ചപോൽ വിരുദ്ധമീ
കരകടലിൽമുങ്ങും കടലെവിടെമുങ്ങേണ്ടൂ
മായാജീവികൾനമുക്കു സർവ്വം വിരുദ്ധം വിഭിന്നം മായാമയം.


12/30/13

തീക്കുരുന്നുകൾ




ഓർമ്മകൾ കരിമൂടിയകൽവിളക്കിൻതിരികളാൽ
ജ്വലനമീത്തമസ്സാണുചുറ്റുമെങ്കിലും
അതിവിപിനത്തിലീപഥികർനാം തോഴരില്ലാതെ
പദങ്ങൾപ്പാടിയിലകൾക്കൊഴിഞ്ഞകാറ്റിലും പെരുമഴയിലും
അടർന്നടരുകളോടടവികൾക്കിനാക്കണ്ടപോൽ
അലഞ്ഞകലങ്ങളിൽ തമ്മിൽ‌പ്പുണർന്നുപുണർന്ന് മഴപെയ്തമേഘങ്ങളിൽ
പകൽക്കിനാക്കൾവെയിൽക്കടലുതാണ്ടി
പൊങ്ങിപ്പറന്നുതുമ്പികളായ്ത്തേൻപ്പക്ഷികളായ്
പുതിയപ്രഭാതങ്ങൾ വിടരുംവരേയ്ക്കും
രാമിന്നും മിന്നാമിന്നികളായ്ത്താരകങ്ങൾ
നിഴൽവീണരാവുകളിൽനീളെനീളെ
ചേക്കേറുവാൻ വ്യഥിതമാനസങ്ങളിൽ,
തീക്കൂടൊരുങ്ങുന്നു,
ചിതയിൽനിന്നുണരും പക്ഷിക്കുരുന്നുകൾ,
പൊൻതൂവലുകൾച്ചിക്കിമിനുക്കിയാശകൾതന്നാകാശങ്ങളിൽ
നെന്മണികൊയ്തുപറന്നിടാൻ പിന്നെയും
പ്രതീക്ഷയാൽ വിടരുന്നു തമസ്സിന്നാഴങ്ങളിൽ,
അഴൽമൂടിയകാനനങ്ങളിൽ,
ഒറ്റയ്ക്കൊരുപാടുപഥങ്ങൾപിന്നിട്ട്,
ഉദിക്കുന്നു പ്രഭാതം പൊൻപ്രഭാതം.


12/29/13

കൊഴിയുമിലമഞ്ഞകൾ



പഴുത്തിലമഞ്ഞയായ് കൊഴിയുന്നുകാറ്റിൽ
ഉച്ചമയക്കത്തിൻ വിഭ്രമക്കിടക്കയിൽ
പൊള്ളും ശ്വാസം വിങ്ങും നെഞ്ചിടിപ്പോടെ
പകൽക്കിളിപറന്നുതീർക്കാത്ത
ഏകാന്തതമീയാകാശത്തിനുകുറുകേ
പഴുത്തിലമഞ്ഞകൾ അറ്റുവീഴുന്നു.
പൊള്ളുന്നുസർവ്വം ജ്വലിക്കുന്നു,
കാറ്റിനാൽക്കരിയുന്നിളംപൂവാംകുരുന്നിലകൾ
കിടപ്പുമുറിയുടെ ചുമരിൽ വികൃതമാം നിഴൽച്ചിത്രങ്ങളിൽ
അസ്ഥിരൂപങ്ങളായ്ക്കാലം എഴുതാതിരിക്കുവതെങ്ങനെ
പറയാതെയല്ല, പറയാതെയറിയാതെയല്ല
പഴയപ്രണയത്തിന്റെചാരങ്ങൾ കെടാതെജ്ജ്വലിക്കുന്നതുമല്ല
എത്രപാരായണക്കെടുതിയിലുംതീരാതെ
രാമായണക്കണ്ണീരൊഴുകുന്നുണ്ട് വെയിൽക്കടലിൽ
അടങ്ങുനില്ലോളങ്ങളെത്രദൂരവും
സർവ്വവും വാട്ടുന്നവെയിലിൽ,
അറ്റുപോവുമാശ്വാസത്തിൻ മറുകരകൾതേടി
പകൽക്കിളിപറക്കുന്നുണ്ട്, പനിക്കുന്നുണ്ട്,
അശാന്തമായുറങ്ങുന്നുണ്ടുച്ചക്കിടക്കയിൽ,
വഴിമറന്നവസന്തങ്ങൾക്കും, പൊഴിയുമീക്കാനനമഞ്ഞകൾക്കും
എത്രദൂരങ്ങളൊഴുകും പകലശാന്തം, പകലശാന്തം,
ഒറ്റയ്ക്കീപനിക്കിനാക്കൾ പഴുത്തിലമഞ്ഞപ്പകലുകൾക്കൊഴിയുമ്പോഴും
ബാക്കിയെത്രമരങ്ങൾസാക്ഷി, ഇലമഞ്ഞകൾകൊഴിയുമ്പോഴും.

12/28/13

മഞ്ഞുവെയിലുറക്കങ്ങൾ



കിനാപ്പുതപ്പിനാൽ രാവിരുട്ടിൻപനിക്കിടക്കയിൽ
ഓർമ്മകളുടെ മഞ്ഞുറക്കതിലേതോ
നിലാനടത്തങ്ങളുടെ മൌനരാഗങ്ങൾമൂളി
കാറ്റിലുലയുന്നുണ്ട്, ചാഞ്ഞുപൊഴിയുന്നുണ്ട്
പകൽകടന്നെത്തിയ വിഷാദത്തിൻപൂവുകൾ.
എങ്ങുനിന്നെങ്ങുനിന്നെങ്ങുനിന്നോവന്നുനിറയുമീ
ചെറുവെട്ടങ്ങൾ, ഉൾച്ചിരാതുകളിൽ
ഭ്രമം ഭ്രമം നിഴലുകൾ പരക്കുമ്പോൾ
സായന്തനത്തിലെക്കിനാക്കൾ സ്തോഭവിമൂകമീ
പകൽവൈകിയ രാവിരുട്ടിന്റെ കനൽച്ചൂളയിൽ
നാമറിയാതെ, നാമറിയാതെ
മൂടൽമഞ്ഞുള്ള ഓർമ്മകളിലെല്ലാം
വീണുപോയപൂക്കളുണ്ട്, യാത്രികരുപേക്ഷിച്ച വഴികളുണ്ട്.
നിഴലും നിലാവും പകർന്നപാനപാത്രങ്ങളിൽ
ദാഹങ്ങളായ്നമ്മിൽനിറയുമീനോവുകളിൽ
മൌനത്തിൻ കിനാവള്ളികൾപൂക്കുമ്പോഴും
നാം മുങ്ങുമീഓർമ്മകളുടെ മഞ്ഞുറക്കത്തിലും
വരാവസന്തങ്ങൾ വാഴ്വിലീ നമുക്കായ്
പ്രണയത്താലുരുകുമീച്ചെറുവിരലുകൾ മെഴുകുതിരികളെ
തൊട്ടുതൊട്ടുഭ്രമിക്കുന്നു നാം വെറുതേ വെറുതെ
വെയിലുദിച്ചതില്ല, നിലാവുപൂത്തതില്ല
പൂമണത്താൽമനം മയിലാടിയില്ല
അസ്ഥിരപ്രജ്ഞയിൽ വീണ്ടും രാപ്പനിച്ചൂടിനാൽ
മഞ്ഞുവെയിലുരുക്കങ്ങൾ, മഞ്ഞുവെയിലുറക്കങ്ങൾ.

12/21/13

മുഴുക്കവിയൻ




ഒരു വിരൽത്തുമ്പിനാലൊരുപ്രപഞ്ചത്തിൻസ്പന്ദമറിവൂ
കാലമിതുവഴിപോമൊരുരഥമതിൻ പാതകൾ പാതകൾ നാമെങ്കിൽ
ഇരമ്പങ്ങളകന്നകന്നുപോവുന്നുപോവുന്നുപിന്നെയും,
കാലംകടന്നുപോം, സഖിമാരവർമാറിവരും, ഋതുക്കൾ കൊഴിഞ്ഞിടും,
ഒരുവിരൽത്തുമ്പിനാൽ ശ്വാസച്ചൂടിനാലുയിർപിടയുംവാക്കിനാൽ
എങ്ങനെയെങ്ങനെയലഞ്ഞലഞ്ഞു, ഒരുവാക്കിനാലതുയിർകൊള്ളുംശ്വാസച്ചൂടിനാൽ
ജന്മനോവുകൾ,മഴകൾ,മഞ്ഞേറ്റുവെയിൽചൂടി എത്രയശ്രുപുഷ്പങ്ങളാൽ,
ഓർമ്മകൾ കാറ്റിലിളകുംനിൻ മുടിയിഴകൾപോലെയുന്മത്തമീ,
നിമിഷമേ, നോവിൻ പൊരുളാണുകനിവാണുനീയെന്നിലുയിർപിടയും വാക്കതിൻ കിനാക്കാലമെങ്ങോയിരമ്പുന്നു, പൊരുൾപൊലിഞ്ഞൊരുകിനാവിനാൽ
രാവുറങ്ങാത്തപനിക്കിടക്കയിൽ, പോയവർ പോയവർ അവരല്ലാതെയാരാണാരാണോ
പോയതാരെന്നവരറിയുന്നില്ലവരറിയേണ്ടതും ഞാനറിവൂ,
എന്നിലെന്തേ, ഹാ! നഷ്ടമേ, ഈപ്രപഞ്ചമൊരുവിരൽത്തുമ്പിനാൽ സ്പന്ദിക്കുന്നു,
ഒരുവാക്കിനാൽ ശ്വസിക്കുന്നു.