11/9/13

വിരഹത്തിൻ ഭാഷയ്ക്ക് പ്രണയമാണ് വ്യാകരണം



നിന്റെ ഭാഷ ഞാനറിയുന്നതല്ല
നിന്റെ വിചാരങ്ങളും വിഹ്വലതകളും,
കേവലം കിനാനടത്തങ്ങളും,
മലമുകളിൽ മഴപെയ്യുമ്പോൾ താഴ്വാരം തണുപ്പിലാഴുന്നതും,
അറിയില്ലെനിക്കറിയില്ല പക്ഷെ,
നിന്റെ വിരഹം ഞാനറിയുന്നൂ;
പ്രണയത്താലേറ്റം ഉന്മാദത്താൽ കടൽജലം പോലെ
അരികെയെന്നാലകലെയങ്ങകലെയാകാശം,
മേഘത്താൽ കോട്ടതീർത്തുനിലാവിനെയൊളിപ്പിച്ചു,
പൂക്കളാൽ, വിടർന്നു നമ്മിലനുരാഗമായ്,
ഇരുളിൽ ചെറുമീനുകളായ് നാം അലകളിൽ
നീന്തുവതെന്തേ, പിന്നെയും കരകൾ തേടി,
ദിഗന്തങ്ങളിൽ പുലരികാണാതെയിരുണ്ടുപോയ-
ഒരുതമസ്സിൻ തമോഗർത്തത്തിൽ,
നിന്നെ പ്രണയിക്കുവതിൽ
മൌനത്താൽ, ഈ രാവിരുട്ടിൽ
ചെറുദീപങ്ങൾ പോലെ മിന്നുന്നുണ്ട്,
നാം കടലിന്നലകളിൽ
കരളിലോളങ്ങൾ നിറയുമ്പോൾ
അറിയാഭാഷകളിലൊരുവാക്കുപോലുമരുതാതെ,
വികാരത്താൽമാത്രം വിദൂരങ്ങളിൽനിന്ന്
വിരലുകൊണ്ടുതൊടുന്നു കടലിൻ കൈകളെ
തിരകളാൽ മൂടുന്നു നമ്മിലെയോർമ്മകളെ
നിന്റെ വിരഹത്തെമാത്രമെന്നിലറിവൂ.
കടൽപറയും കിനാക്കളിലെല്ലാം
കരൾനിറയുവോളം കടൽ,
സുനാമികൾ പിറക്കുന്ന ഹൃദയമേ
നാം തമ്മിലെന്ത്, ഈ പ്രണയത്തിൻ
വാക്കില്ലാവിസ്മയത്തിൽ, വർണ്ണജാലത്തിൽ
മാനത്തേക്കുവളഞ്ഞുപോയ മഴവില്ലാണുഞാൻ
വിരലുകൊണ്ടുതൊടൂ മെല്ലെ,
കടലിൻ മറുകരയിൽ നീ.

2 comments:

Unknown said...

ഈ പ്രണയത്തിൻ
വാക്കില്ലാവിസ്മയത്തിൽ, വർണ്ണജാലത്തിൽ
മാനത്തേക്കുവളഞ്ഞുപോയ മഴവില്ലാണുഞാൻ
വിരലുകൊണ്ടുതൊടൂ മെല്ലെ,
കടലിൻ മറുകരയിൽ നീ..........superb alll the best.......

priyan said...

നന്ദീട്ടോ