1/9/14

ഹെർബേറിയം





ചിലനിമിഷങ്ങളിലെച്ചില്ലകളിൽ കാലം പടർന്നുകാനനമായകാലത്തിൽനാം 
കരിയിലകളായ്പ്പറന്നുപോവതെങ്ങേക്കറിയാതെ,  
ഓർമ്മകൾ രാമായണങ്ങളിൽക്കാനനങ്ങൾ വളർന്നുവന്യതകൾ,   
കരിയിലകൾ മാത്രമൊടുവിലെവഴികളിൽക്കാനനം,   
പഴയപുഴകൾ, ഏറെക്കിന്നാരങ്ങൾപ്പറഞ്ഞൊരുമിച്ചൊഴുകിയപഴയൊരുപാഴ്സഖി
നനഞ്ഞും ചോർന്നുമീ വിരൽമുട്ടുകളിൽനിന്നൂർന്നുപോവും നീ, 
അടരുമ്പോൾ നിന്നിലേക്കൊഴുകുമ്പോഴെൻ ധാതുക്കളെനീപുൽകുക,
ഓർമ്മകൾ പിന്നെയുമൊഴുകിപ്പോം,  
മഴകളിൽ വളർന്നുന്മാദമായ്ക്കവിഞ്ഞുകവിഞ്ഞ്,
മാരിക്കാറ്റിനൊത്തുപഴയൊരുപാട്ടുമൂളിനഷ്ടത്തിൻ
നനവുകളിലൊലിച്ചുപോവാനൊരുപുഴജനിക്കുന്നു പെയ്യുമോരോമഴയിലും.
പണ്ടുപണ്ടൊരുജീവിതമേ നീ തളിർത്തകാലത്തിലെപ്പൂവിന്മണം,
നിദ്രാവിഹീനമീരാവുകളിലെങ്ങോ മഷിനിറഞ്ഞനിലാവിൻവിരലുകൾ
നീണ്ടുവന്നുനമ്മെപൊതിയുന്നു പാതിവഴിയെത്തും പ്രണയത്താൽ,  
വഴികളിൽ കരിയിലകൾ, ഓർമ്മകളുടെ വന്യതകളാലടർന്ന കാലത്തിലെങ്ങോ 
പഴയപാട്ടുകൾ മൂളി, മഴകളിൽ നനഞ്ഞ്, കാറ്റിലുലഞ്ഞുപാറിയും പടർന്നും
പൊടിഞ്ഞുമിങ്ങനെ, സഖിയാം പുഴയിലേക്കൊഴുകുമ്പൊഴും  
ചിലനിമിഷങ്ങളിൽ കാലം കാനനമായതിൽ
പൂവിട്ടകിനാക്കളായ്നാം, കരിയിലകളടർന്നവഴികൾപിന്നിട്ട് 
ഏറെദൂരം സ്മൃതിയുടെ സന്ദേഹങ്ങളിൽ
ഭ്രാന്തമായീക്കാറ്റിലെക്കരിയിലകൾപോലെപിന്നെയും പിന്നെയും
നാമേറെദൂരമെത്തിയകാറ്റിലീക്കാനനത്തിലെക്കരിയിലകൾനാം.

1/8/14

അക്ഷരപ്പിശാച്



വാക്കുകൾ വളർന്നുവഴികളായ്
വഴിയലഞ്ഞുവഴിയെങ്ങോസ്വയം
നഷ്ടമായലയും പോലെ
അടഞ്ഞവാതിലിനപ്പുറം
നിഴലുകൾ വന്നുമുട്ടിവിളിക്കുന്നു.
വാക്കുകൾ പലവഴിയലഞ്ഞുപുഴപോൽ
വറ്റിപ്പോവുന്നു വഴിയറിയാതെസ്വയം.
നിമിഷച്ചുവടുകൾക്കപ്പുറം പാദങ്ങൾമാഞ്ഞ്
പാദുകങ്ങളന്യമേതേതു മിടിപ്പുകൾ മനസ്സറിയാതെ
മറന്നുമറന്നുനാം
സ്മൃതികൾതൻ വാതിലുകൾക്കപ്പുറം,
പടിവാതിലോളമെത്തും വെളിച്ചങ്ങൾ
ശബ്ദങ്ങൾ, മറന്നപോൽ സർവ്വം
മൌനത്തിൻമറുവാക്കുപോലെ കാലമെല്ലാം മറന്ന്
മെല്ലെത്തൊടുന്നു,
തിരികെപ്പോവും നിഴലിന്നിരുട്ടിലെങ്കിലും
ഏറെകാത്തുനിന്നുമടങ്ങും കാലമേ
നിന്നിലേക്കുള്ള വഴിയിൽ,
നാം പ്രണയത്തിലായ വഴിയേതാണ്,
മറന്ന വാക്കേതാണ്;
മഞ്ഞപ്പൂവുകൾ പൊഴിയും മരങ്ങളുള്ളൊരു വഴി
ആ വഴി പറഞ്ഞുതന്ന വാക്ക്……..

1/5/14

കവിക്കും കവിതയ്ക്കുമിടയിൽ


മഞ്ഞിൽകുതിർന്ന നക്ഷത്രമേ വാനിൽ
ചിന്തയാലുരുകുന്നു നീയുൾച്ചൂടിനാൽ.
പ്രണയത്താലുറ്റുനോക്കുന്നുനീയെന്നെ-
യോർമ്മതൻ പുകമൂടുമീ മഞ്ഞുകണ്ണാടയാൽ.
സഖീ, എത്രദൂരങ്ങളകലെയെങ്കിലും, 
എത്രകിനാക്കൾനിലാമഴപെയ്താലും,
പൂക്കുമീ കുന്നിൻ ചെരുവിലെയാർദ്രപുഷ്പങ്ങൾപോൽ
മഞ്ഞിൻ ചുംബനവിരലാൽ തൊട്ടുതൊട്ടുനമ്മിലൂടെ,
ഹൃസ്പ്പന്ദമായ് പ്രണയത്താലുയിർകൊള്ളും
ഏകാന്തതയുടെ ചില്ലയിലീ നിഴൽവീഴാപുഷ്പ്ങ്ങൾവാനിൽ
കാറ്റിൽ‌പ്പടർന്നുനിൻശ്വാസത്താലുലഞ്ഞുവിറകൊള്ളവേ
പ്രജ്ഞയിൽ‌പ്രണയം നിറഞ്ഞുനിറഞ്ഞ്-
കാമനകളാലേതനുരാഗത്തിനാൽ പ്രകാശവർഷങ്ങളകലെയകലെ,
കവിക്കും കവിതയ്ക്കുമിടയിലീപ്രണയത്താൽ,
മഞ്ഞിൽക്കുതിർന്ന നക്ഷത്രമേനിന്നെ
പുകമൂടുമീമഞ്ഞുകണ്ണാടയാൽ കണ്ട്
കിനാക്കളാൽ കാമിച്ചുകാമിച്ച്
ഓർമ്മകളാൽ ഭ്രമിച്ചുഭ്രമിച്ച്
പ്രണയത്താൽ, പ്രണയത്താൽ

1/3/14

പെയ്യുന്നുണ്ടിപ്പോഴും..



ആകാശം തുളയ്ക്കുന്ന വെയിൽക്കിളി-
ത്തൂവലൊന്നടർന്നതാണിന്നലത്തെമഴ
വഴികടന്ന്, ജനാലയ്ക്കരികിൽവന്ന്,
കാൽ‌പ്പാടുകളുടെ ഓർമ്മമുറിഞ്ഞ്,
ഹൃദയരക്തം കിനിഞ്ഞെന്ന്,
ആകാശച്ചുവരിലെക്കരിമേഘങ്ങൾ
പറഞ്ഞതില്ലിന്നലത്തെമഴപെയ്തിടുമ്പോൾ.
മഴക്കാനനങ്ങൾപ്പൂവിടാൻ
വെയിൽക്കടലിൽനിന്നുകോരിയതിനാലോ,
അതിരാത്രങ്ങൾതൻ നിദ്രാസ്വേദത്തിനാലോ
വേപഥുവിതുമ്പും കിനാക്കുരുതിയാലോ
അസ്ഥിമജ്ജയിൽച്ചോരപ്പൂക്കൾവാടുന്നി-
തിന്നലത്തെമഴപെയ്തിടുമ്പോൾ.
കിടക്കപ്പുതപ്പിന്റെ ഈർപ്പത്തിലും
ജാലകനിഴലുകൾക്കപ്പുറം
ആർദ്രതയുടെ മഴപ്പാതിയിലും
ഓർമ്മകൾക്കും തുടർച്ചയ്ക്കുമിടയിലീ
ജീവിതത്തിന്റെ പാലമപകടത്തിലെങ്കിലും
ഒറ്റയ്ക്കല്ലെന്നുകൈപിടിക്കുന്നൂ
ആകാശത്തിൽനിന്നാരോദൂതുപോലെ
മോഹത്തിൻ നനവായും, തണുപ്പായും
പകലെത്തുവോളം നനഞ്ഞൊഴുകുന്നു
മഷിപടരുമെൻ കടലാസുപൂക്കളിലിന്നലത്തെമഴപെയ്തിടുമ്പോൾ.
അകലത്തോളമലയുംമിഴികളിൽകാഴ്ച്ചകൾമരിക്കുമ്പോൾ
അഴികൾക്കിപ്പുറം
രണ്ട് ജലാശയങ്ങൾ
നിറഞ്ഞൊഴുകുന്നുണ്ട്,
ഇന്നലത്തെമഴ പെയ്യുന്നുണ്ടിപ്പോഴും.

1/1/14

നാം കേട്ട മൌനങ്ങൾ




മൌനത്താലാഴി
മൌനത്താലരണ്യകം
മൌനത്താലീപ്പാതകൾ
മൌനത്താലീനിമിഷസർവ്വവും
മൌനത്താൽ നാമിരുവരും
നോക്കുകൊണ്ട് നോവിച്ചുനോവിച്ച്
ചുംബനത്താലലിഞ്ഞലിഞ്ഞ്,
സമയങ്ങൾക്കും സാഗരങ്ങൾക്കുമപ്പുറം
വല്ലികൾപൂത്തുന്മാദവനികളിൽ‌പ്പടർന്നുപടർന്ന്
മേഘവാനങ്ങളിൽമഴപോലെയൂർന്നുപെയ്ത്
ഈ കടലും കാടും നാം നടന്ന വഴികളും
പ്രണയിച്ചകാലവും, അതിനപ്പുറവും കടന്ന്
മഴപെയ്തനാട്ടിലാണ്
നമ്മുടെ ശബ്ദങ്ങൾ കേട്ടത്.