കുറേത്തവണ പഞ്ചറൊട്ടിച്ചതാണ്
ഹൃദയത്തെ നടുറോട്ടിലിങ്ങനെ ഉരുട്ടിക്കളിക്കുമ്പോഴും
ഏറെദൂരം പോകാനുണ്ട്, കുതിരയ്ക്ക് പ്രാന്തുപിടിച്ചു
പണ്ടേ മഞ്ഞുനനഞ്ഞൊരു കവിതയിൽ
ഒരു കാനനത്തിൽ
അല്പനേരം വനഭംഗിയിൽ മുഴുകിയപ്പോഴും
ഓർത്തതാണ്
പണ്ടൊരു കവി,
എവിടെയാണ് കാമുകനേ
നീ.
അജ്ഞാതനായ കപ്പലോട്ടക്കാരാ
നിനക്ക് സമുദ്രത്തിലലയാൻ
ഇതുപോലൊരു കാടോ
അതിൻ ദിശയോ
മഞ്ഞോ
മരപ്പച്ചയോ
ഒന്നുമില്ല
പെണ്ണുപോലുമില്ല
അവളോട് പറഞ്ഞ പൊയ്വാക്കില്ല
പ്രണയമില്ല
മഴയില്ല
മഴവില്ലില്ല
മീനുകൾ മാത്രം
നിലവിളിച്ചുപാടിയാലും
ആരും കേൾക്കില്ല
നാവികനേ.
അപ്പോഴാണ്
മഞ്ഞുമൂടിയ ഒരു വൈകുന്നേരം
കാനനത്തിൽ കാഴ്ച്ചകൾകണ്ട്
കുതിര മണികിലുക്കിയത്,
പഞ്ചറൊട്ടിച്ച ഹൃദയമേ
പോവുക പോവുക
ഓടിച്ചുപോവുക
കാടിനുവളരെയടുത്താണ് കടൽ.
(Robert Frost- Stopping by woods on a snowy evening, on a reading)
No comments:
Post a Comment