അപ്പോഴാണ് നീ
നനഞ്ഞ കടൽ മണ്ണിൽ വരച്ചശേഷം,
സമാന്തരരേഖകൾ ഇപ്രകാരമാണെന്ന് പറഞ്ഞത്.
അവ ഒരിക്കലും സ്പർശിക്കുകയില്ലേ?
അനന്തതയിലെപ്പോഴെങ്കിലും?
നോക്കെത്താദൂരത്തെങ്ങോ, ഈ കടൽകടന്ന്
നഗരത്തിന്റെ അതിർത്തികൾ കടന്ന്
നിലവിളിച്ചുകൊണ്ട് പാണ്ടിലോറിയിൽക്കയറി
നാടുവിടുമ്പോഴോ
കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമങ്ങളെയോ
നിരത്തപ്പെട്ട കുന്നുകളെയോ തേടിത്തിരികെയെത്തുമ്പോഴോ
നിന്റെ ഗ്രാമത്തിലെ
മഴകളൊലിച്ച ആകാശത്തിനുകീഴേ,
വയലുകളുടെ നെഞ്ചത്ത് ചിതയിട്ട പകലിലെങ്ങാനും
വെയിലിലേക്ക് ചാരിവെച്ച നിഴൽദേഹങ്ങളെത്തൊട്ട്
മറ്റെവിടെയെങ്കിലും
ആരും കാണാതെ
ഒരു ചെറുവിരലാലെങ്കിലും
കോർത്തെടുക്കുമോ പ്രാണനെ തമ്മിൽത്തമ്മിൽ
ഈ കടലോ അതിലെ ഒരു തിരയോ നമ്മളെ മറന്നുപോകിലും
അത്രമേൽ ദുര്‍ബലമായ്,
ഒന്നു തൊട്ടേക്കാം, അല്ലാതെയാവില്ല നിശ്ചയം.
അപ്പോൾ, എങ്കിലുമപ്പോഴും
കൂട്ടിയിടിച്ച തീവണ്ടികളിൽനിന്നും
നിലവിളികളുടെ പാളങ്ങൾ ഇറങ്ങിപ്പോവുന്നുണ്ടാവും
തമ്മിൽത്തൊടാതെ നിശ്ചയം.
No comments:
Post a Comment