5/20/14

വെറുതെ പ്രേമിച്ചിരിക്കാൻ കഴിയുന്നില്ലെനിക്ക്

വിശന്നതും ഒരു പക്ഷിയുടേതുപോലെ കൂർത്തതുമായ എന്റെ മുഖം
വർണ്ണം ഹോട്ടലിലെ പുകക്കണ്ണാടിയിൽ നോക്കിക്കാണുന്നു,
വീണ്ടും പഴയതുപോലെയാവാൻ ആശ തോന്നുന്നു.
വെറുതെ പ്രേമിച്ചുകൊണ്ടിരിക്കാൻ കഴിയുന്നില്ലെനിക്ക്
എന്റെ പ്രേമകവിതകൾ ആരും വിശ്വസിക്കുന്നില്ല
ഒരു ആക്ടിവിസ്റ്റ് കവിതകളെഴുതുന്നില്ലെന്നും -
ഇങ്ക്വിലാബ് വിളിച്ചുറങ്ങാതെയിരിക്കുന്നുവെന്നും അവർ ധരിക്കുന്നു.
ഞാൻ ഒരിടക്കാല കാമുകൻ മാത്രമാവുന്നു
മെയ്മാസം ഒരു മുഷിഞ്ഞ പാവക്കച്ചവടക്കാരനെപ്പോലെ
ഉത്സവപ്പറമ്പിൽനിന്ന് മഴയുടെ വീട്ടിലേക്കു കയറുന്നു
വന്നപാടെ മഴയെ പിന്നെയും പിന്നെയും ശപിക്കുന്നു.
അയാളുടെ ഭാര്യ മരുഭൂമികളെ സ്വപ്നം കാണുകയും
കള്ളിമുൾച്ചെടികളെ ഉദ്യാനത്തിൽ വളർത്തുകയും ചെയ്യുന്നു.
ഒരു A4 പേപ്പർ കിട്ടിയാലെഴുതാത്ത കവിത
ഒരു കത്തിന്റെ കവറിലെഴുതാൻ കഴിയും.
നിന്റെ പേരെഴുതാവുന്നതെന്തും എനിക്കു കവിതയായ് തോന്നുന്നു പ്രിയേ
ഈ കെട്ടകാലത്തിന്റെ കഴപ്പുമൂലം
വെറുതേ പ്രേമിച്ചുകൊണ്ടിരിക്കാൻ കഴിയുന്നില്ലെനിക്ക്.
ഇനി ഫോണിൽ വിളിക്കേണ്ടെന്നും കത്തുകളെഴുതാമെന്നും അവളോട് പറയുന്നു
അവൾ പുഞ്ചിരിക്കുന്നു ഉമ്മകൾ നൽകുന്നു.
ആരും പുസ്തകങ്ങൾ വായിക്കുന്നില്ലെന്ന് ലൈബ്രേറിയൻ പറയുന്നു.
ഇനി നമ്മളെപ്പിരിക്കാൻ ആർക്കും കഴിയില്ലെന്ന്
അടുത്തടുത്തിരിക്കുന്ന പുസ്തകങ്ങൾ തമ്മിലനുരാഗം ജനിക്കുന്നു
പഴകിക്കീറിപ്പോയ പുറഞ്ചട്ടകളുരിഞ്ഞ് ഇനിയെന്തു നാണിക്കാൻ എന്നു ചോദിക്കുന്നു
ഈ നഗ്നതയും ഒരു കുപ്പായമാണെന്നു തോന്നിപ്പോവുന്നു
എല്ലാവരും കാൺകെ ഇതാണെന്റെ കോലം എന്നുവിളിച്ചുപറയുന്നു.
ചത്ത ചിത്രശലഭത്തിന്റെ ചിറകുകൾ ചുമന്നുമാറ്റുന്ന ഉറുമ്പുകളെക്കാണുമ്പോൾ
നമുക്കിനിയാരുവരും എന്ന വിലാപം കേൾക്കുന്നു.
ഒരു കാവിയാകാശം ഇരുട്ടിലേക്ക് വലിച്ചിഴക്കുന്നു.
രാത്രിയുടെ നിറം മഞ്ഞയാവട്ടെ,
നിന്നെ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു
വെറുതേ പ്രേമിച്ചിരിക്കാൻ കഴിയുന്നില്ലെനിക്ക്.
ഗുഹാഭിത്തികളിലൊരു കാട്ടാളൻ
അമ്പുകളുമായ് നായാടുന്നു-
സകല പക്ഷികളെയും കൊന്നൊടുക്കുന്നു,
എല്ലാ കവിതയിലും രക്തം നിറയുന്നു.
അക്ഷരങ്ങൾ ഇരുട്ടിലാവുന്നു,
ചത്ത മീനിന്റെ കണ്ണുകളാൽ നമ്മൾ തുറിച്ചുനോക്കുന്നു പുലർന്ന ഭൂമിയെ,
അയ്യോ വെറുതേ പ്രേമിച്ചിരിക്കാൻ കഴിയുന്നില്ലെനിക്ക്.
പാവക്കച്ചവടക്കാരൻ പാവകളെയും കൊണ്ടോടിപ്പോയിരിക്കുന്നു
അയാളുടെ ഭാര്യ ഇലകൾക്കിടയിൽ മറഞ്ഞിരുന്നു മുള്ളുകളാൽ നൊന്തു കരഞ്ഞു.
കണ്ണാടിയിൽ ഇരുട്ടുമാത്രമേ കാണാനുള്ളൂ, ഇപ്പോൾ പുലരി ഇങ്ങനെയാണ്
ഇതായിരിക്കും ഭൂമി എന്ന് ചത്ത മീൻ കണ്ണ് നിറച്ചും കാണുന്നു.
വെറുതെ പ്രേമിച്ചിരിക്കാൻ തോന്നുന്നില്ലെനിക്ക്,
അടുത്ത തോന്നലിൽ അവളെ വിളിക്കുന്നു,
നീയെന്നെ വിട്ടുപോകരുതേ എന്നു യാചിക്കുന്നു,
ദൈവം പുറത്താക്കിയിട്ടും
ആദവും ഹവ്വയും
ഒരുമിച്ചുതാമസിച്ചതെന്തേ പിന്നെയും,
എങ്കിലും വെറുതേ പ്രേമിച്ചിരിക്കാൻ തോന്നുന്നില്ലെനിക്ക്.


No comments: